Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡ്ബ്ലോക്ക് ആവാമെന്ന് ജർമനി, ആഡ്ബ്ലോക്കിങ് സേവനങ്ങൾ നിയമവിധേയം

adblock

ആഡ്ബ്ലോക്ക് പ്ലസും ജർമൻ മാധ്യമസ്ഥാപനമായ ആക്സൽ സ്പ്രിങ്ങറും തമ്മിൽ നടന്നു വന്ന കേസിന് ഒടുവിൽ തീരുമാനമായി. ആഡ്ബ്ലോക്ക് സേവനങ്ങൾ നിയമാനുസൃതം തന്നെയെന്നു കോടതി വിധിയെഴുതിയതോടെ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിനു വേണ്ടി നടന്നു വരുന്ന പോരാട്ടങ്ങളിൽ സുപ്രധാനമായ ഒരു ചുവടുവയ്പുകൂടിയായി. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്റർനെറ്റിലെയും മൊബൈൽ ആപ്ലിക്കേഷനുകളിലെയും പരസ്യങ്ങൾ നീക്കം ചെയ്യുന്ന ആഡ്ബ്ലോക്ക് സേവനങ്ങൾ വലിയ വളർച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്. വരിസംഖ്യ സ്വീകരിക്കാതെ സൗജന്യമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളെയും ആപ്പുകളെയും ഇത് പ്രതികൂലമായി ബാധിക്കുന്നുമുണ്ട്. പരസ്യം ആളുകൾ കാണാതാവുമ്പോൾ പരസ്യവരുമാനം കുറയും എന്നതു തന്നെ കാരണം. പരസ്യവരുമാനം വഴി പിടിച്ചു നിൽക്കുന്ന സേവനങ്ങളുടെ നിലനിൽപിനെ തന്നെ ബാധിക്കുമെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. ആളുകൾ വ്യാപകമായി ആഡ്ബ്ലോക്കിങ് സേവനങ്ങൾ ഉപയോഗിച്ചു തുടങ്ങിയതോടെ പല പ്രമുഖ വെബ്സൈറ്റുകളും വരിസംഖ്യ ഏർപ്പെടുത്തി പരസ്യമില്ലാത്ത പതിപ്പുകളും ആരംഭിച്ചു.

ജർമനിയിലെ പ്രധാന മാധ്യമ സ്ഥാപനമായ ആക്സൽ സ്പ്രിങ്ങർ 2015ലാണ് ആഡ്ബ്ലോക്ക് പ്ലസ് സേവനങ്ങളുടെ ഉടമയായ ഐയോ എന്ന കമ്പനിക്കെതിരെ കോടതി കയറിയത്. ജർമൻ മാധ്യമങ്ങൾക്ക് അവരുടെ വായനക്കാരെ പരസ്യങ്ങൾ കാണിക്കുന്നതിന് ഭരണഘടനാപരമായി അവകാശമുണ്ടെന്നും ആഡ്ബ്ലോക്കറുകൾ ഈ അവകാശം ലംഘിക്കുകയാണെന്നുമായിരുന്നു കേസിലെ പ്രധാന ആരോപണം. മൂന്നു വർഷമായി നടന്നുവന്ന കേസിൽ അന്തിമ വിധി വന്നപ്പോഴാണ് ജർമനിയിൽ ആഡ്ബ്ലോക്കിങ് സേവനങ്ങൾ നിയമവിധേയമാണെന്നു കോടതി പ്രഖ്യാപിച്ചത്. 

ഇതോടെ ആഡ്ബ്ലോക്കിങ് സേവനങ്ങൾക്കെതിരെ നിയമപരമായി ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ജർമൻ മാധ്യമങ്ങൾ. ജർമനിയിലെ ഭൂരിപക്ഷം മാധ്യമങ്ങളും ആക്സൽ സ്പ്രിങ്ങർ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. തുടർച്ചയായി ഏഴാം തവണയാണ് കേസിൽ ആഡ്ബ്ലോക്ക് പ്ലസിന് അനുകൂലമായി വിധിയുണ്ടാവുന്നത്. അന്തിമവിധിക്കെതിരെ അപ്പീൽ നൽകാനും അവസരമില്ല. ആഡ്ബ്ലോക്കറുകൾക്കെതിരെ നിയമയുദ്ധത്തിന് കളമൊരുങ്ങുന്ന മറ്റു രാജ്യങ്ങളിലും ഈ വിധി സ്വാധീനം ചെലുത്തുമെന്നതിൽ സംശയമില്ല.

related stories