Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവറില്ലാ കാർ മുതൽ ജിമെയിൽ വരെ, അതിശയിപ്പിക്കും ഗൂഗിൾ പ്രഖ്യാപനങ്ങൾ

sundar-pichai-

സോഫ്റ്റ്‌വെയര്‍ ഭീമന്‍ ഗൂഗിളിന്റെ ഡവലപ്പര്‍മാര്‍ക്കുള്ള വാര്‍ഷിക മീറ്റിങ് ഇന്‍പുട്ട്/ഔട്ട്പുട്ട് (I/O) നടക്കുകയാണല്ലോ. ലോകത്തെ എറ്റവും വലിയ ടെക് കമ്പനികളില്‍ ഒന്നിന്റെ ഭാവി പരിപാടികളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഇതിലൂടെ കിട്ടുന്നത്. കണ്‍സ്യൂമര്‍ ടെക്‌നോളജിക്ക് സമീപ ഭാവിയില്‍ വരാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകാളാണ് ഈ മീറ്റിങ്ങിലൂടെ പുറത്തു വരിക. സ്മാര്‍ട് ഫോണ്‍, ലാപ്‌ടോപ്, ആപ്പുകള്‍ തുടങ്ങിയ പല മേഖലകളിലും വന്നേക്കാവുന്ന മാറ്റങ്ങള്‍ എടുത്തു കാണിക്കുന്ന ഒന്നാണ് I/O വാര്‍ഷിക മീറ്റിങ്.

ചില പ്രധാന പ്രഖ്യാപനങ്ങള്‍

ആന്‍ഡ്രോഡിഡ് പി

പത്താം വയസിലേക്കു കടക്കുന്ന, ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഒഎസിന്റെ പുതുക്കിയ പതിപ്പായ ആൻഡ്രോയിഡ് പി https://bit.ly/2jJJpkt യെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഏറെ കൗതുകത്തോടെയാണ് ടെക് ലോകം കേട്ടത്. ആന്‍ഡ്രോയിഡ് പിയുടെ ബീറ്റാ വേര്‍ഷന്‍ ഈ മാസം 8-ാം തീയതി മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്. 

സ്മാര്‍ട് ഫോണ്‍ ആസക്തിക്കെതിരെയുള്ള നീക്കവും ഗൂഗിള്‍ ആന്‍ഡ്രോയിഡില്‍ കൊണ്ടുവരുന്നുണ്ട്. ആസക്തി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമായിരിക്കും. ആപ്പുകളോടു സമയം പാലിക്കാന്‍ ആവശ്യപ്പെടുകയും ഒപ്പം ഫോണ്‍ തന്നെ ഉപയോക്താവിനോടു തത്കാലം ഉപയോഗം നിറുത്താന്‍ ആവശ്യപ്പെടുന്ന ഫീച്ചറും സെറ്റു ചെയ്യാം. പുതിയ ഡു നോട്ട് ഡിസ്‌റ്റേര്‍ബ് മോഡിലൂടെ എല്ലാത്തരം ശ്രദ്ധതിരിക്കലുകളില്‍ നിന്നും മോചനം നേടാം. നോട്ടിഫിക്കേഷനുകള്‍, വൈബ്രേഷന്‍ തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയില്‍ വരും. യുട്യൂബ് കാണുകയാണെങ്കില്‍ മൊബൈലിലും കംപ്യൂട്ടറിലും നിങ്ങള്‍ ചിലവഴിക്കുന്ന മൊത്തം സമയം കാണിക്കും. 

ഉറങ്ങുന്നതിനു മുൻപ് മണിക്കൂറുകള്‍ ഫോണുമായി സല്ലപിക്കുന്നവരുടെ എണ്ണം ഏറുകയാണ്. ഇതിനെതിരെയുള്ള ഒരു 'വൈന്‍ഡ് ഡൗണ്‍' മോഡും സെറ്റു ചെയ്യാം. ഇങ്ങനെയെല്ലാം ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഡിജിറ്റല്‍ ആരോഗ്യം സംരക്ഷിക്കാനാണ് ആന്‍ഡ്രോയിഡ് ശ്രമിക്കുന്നത്. 

ഡിജിറ്റല്‍ വെല്‍ബീയിങ് ഫീച്ചറിലൂടെ ഒരു ദിവസം എത്ര തവണ ഫോണ്‍ അണ്‍ലോക് ചെയ്തു, എത്ര നോട്ടിഫിക്കേഷനുകളാണ് നിങ്ങള്‍ക്ക് ഒരു ദിവസം ലഭിച്ചത്, ഒരു പ്രത്യേക ആപ്പില്‍ എത്ര സമയമാണ് ചിലവഴിച്ചത് തുടങ്ങിയ വിവരങ്ങളെല്ലാം പറഞ്ഞു തരും.

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍

ലോകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ സ്വാഗതം ചെയ്യുന്ന വഴികളിലൊന്ന് ഡ്രൈവറില്ലാ വണ്ടികളുടെ വരവിലൂടെയാണ്. ആപ്പിളും ഗൂഗിളും അടക്കമുള്ള പല കമ്പനികളും ഡ്രൈവറില്ലാ വണ്ടികള്‍ നിരത്തിലിറക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഗൂഗിളിന്റെ 'ഡ്രൈവർ വേണ്ടാ' കാറുകളുടെ കുതിപ്പിനെക്കുറിച്ചുള്ളതായിരുന്നു ഈ വര്‍ഷത്തെ മീറ്റിങ്ങിലെ ഏറ്റവും ആവേശകരമായ പ്രഖ്യാപനങ്ങളില്‍ ഒന്ന്. 2009ല്‍ ടെസ്റ്റിങ് തുടങ്ങിയ ഈ പ്രൊജക്ടിന്റെ പേര് വേമോ (Waymo) എന്നാണ്. വേമോ കാറുകള്‍ 60 ലക്ഷം മൈല്‍ പ്രധാന റോഡിലൂടെ താണ്ടിക്കഴിഞ്ഞിരിക്കുന്നു എന്നും ഈ പ്രൊജക്ട് ലോകത്തുള്ള എല്ലാവര്‍ക്കും ഉപകരിക്കത്തക്ക രീതിയിലാണ് തങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നും ഗൂഗിള്‍ പറഞ്ഞു.

google-car

ഗൂഗിള്‍ ലെന്‍സ്

ഫോണിന്റെയും മറ്റും ക്യാമറ ഒരു വസ്തുവിനു നേരെ പിടിച്ച് അതേക്കുറിച്ചുള്ള വിവരങ്ങള്‍ സെര്‍ച്ചു ചെയ്യുന്ന രീതിയാണ് ഗൂഗിള്‍ ലെന്‍സ്. ടൈപ്പിങും മറ്റും ഒഴിവാക്കാമെന്നതാണ് വിഷ്വല്‍ സെര്‍ചിന്റെ പ്രധാന ഗുണം. ഗൂഗിള്‍ ലെന്‍സ് ഗൂഗിള്‍ മാപ്‌സുമായി ബന്ധിപ്പിക്കുന്നതാണ് ഈ വര്‍ഷം നടത്തിയ മറ്റൊരു പ്രധാന പ്രഖ്യാപനം. അടുത്തയാഴ്ച മുതല്‍ മാപ്‌സില്‍ ലെന്‍സിന്റെ സാന്നിധ്യം എത്തി തുടങ്ങുമെന്നാണ് ഗുഗിള്‍ പറയുന്നത്. (ഏതു രാജ്യങ്ങളിലൊക്കെ എന്ന് അറിയില്ല.) ഗൂഗിള്‍ ലെന്‍സിന് ഇനി വാക്കുകളും തിരിച്ചറിയാനും മനസ്സിലാക്കാനും സാധിക്കും. ഒരു വസ്തുവിനു നേരെ ക്യാമറ പിടിച്ച് അതിവേഗ സെര്‍ച് നടത്താം. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളില്‍ കൊടുത്തട്ടുള്ള ചിത്രങ്ങള്‍ക്കു നേരെ ലെന്‍സ് പിടിച്ച ശേഷം ആ പ്രൊഡക്ട് ഗൂഗിള്‍ ലെന്‍സിലൂടെ നേരിട്ടു വാങ്ങുക പോലും ചെയ്യാം.

ഗൂഗിള്‍ മാപ്‌സിന്റെ മറ്റൊരു മാറ്റം വിഷ്വല്‍ പൊസിഷനിങ് സിസ്റ്റം അല്ലെങ്കില്‍ വിപിഎസ് സിസ്റ്റമാണ്. ഈ ഫീച്ചര്‍ എത്തുന്നതോടെ പോകാനുള്ള വഴി കൂടുതല്‍ കൃത്യതയോടെ കാണിച്ചു തരാന്‍ മാപ്‌സിന് സാധിക്കും. ഗൂഗിള്‍ മാപ്‌സിനുള്ളിലും ക്യാമറ ഉപയോഗിക്കുകയും അതിലൂടെ ലാന്‍ഡ്മാര്‍ക്കുകള്‍ തിരിച്ചറിയാനും സാധിക്കും. ഗൂഗിള്‍ മാപ്‌സിന്റെ കേന്ദ്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയി തീരുകയാണ്. 'For You' എന്നൊരു ടാബ് മാപ്‌സിനുള്ളില്‍ കാണാം. ഇതിലൂടെ സമീപ പ്രദേശത്തുള്ള ഹോട്ടലുകളും മറ്റു ഭക്ഷണശാലകളും കാണിച്ചു തരും. 'ഗ്രൂപ് പ്ലാനിങ്' ആണ് മറ്റൊരു ഫീച്ചര്‍. മാപ്പ് ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു കൂട്ടം ആളുകള്‍ക്ക് ഏതു ഹോട്ടലില്‍ നിന്ന് ആഹാരം കഴിക്കണം എന്നതിനെ കുറിച്ചും മറ്റും വോട്ടു ചെയ്തു തീരുമാനിക്കാം. 

google-map

ആന്‍ഡ്രോയിഡ് റൊട്ടേയ്റ്റ്

ചില ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ സ്‌ക്രീന്‍ റൊട്ടേയ്റ്റു ചെയ്യണമൊ എന്നുറപ്പിക്കാന്‍ ഒരു ഐക്കണ്‍ പ്രത്യക്ഷപ്പെടും. ചില ആപ്പുകള്‍ പോര്‍ട്രെയ്റ്റ് മോഡില്‍ ഉപയോഗിക്കേണ്ടവയായിരിക്കാം. ഇവ ലാന്‍ഡ്‌സ്‌കെയ്പ് മോഡില്‍ പ്രവര്‍ത്തിക്കണമോ എന്ന് വേഗം തീരുമാനിക്കാം. ഇതിലൂടെ അറിയാതെ മോഡ് മാറുന്നത് ഒഴിവാക്കാം.

എംഎല്‍ കിറ്റ്

ലോകം അതിവേഗം മാറുകയാണ്. എംഎല്‍ കിറ്റിലൂടെ മെഷീന്‍ ലേണിങ്ങിനെ കുറിച്ച് അറിയില്ലാത്ത ഡവലപ്പര്‍മാര്‍ക്കും മറ്റും ഇതിന്റെ സാധ്യതകള്‍ മനസ്സിലാക്കാം. ഇമേജ്, ടെക്സ്റ്റ്, ബാര്‍ കോഡ്, ഫെയ്‌സ് ഡിറ്റെക്‌ഷന്‍ തുടങ്ങിയവയെല്ലാം ഈ കിറ്റിലുണ്ട്. ഫോണിനോടും മറ്റും ഇടപെടുന്നതിനുള്ള പുതിയ കമാന്‍ഡുകള്‍ ആംഗ്യങ്ങളിലൂടെയാക്കാനുള്ള ശ്രമമാണ് എടുത്തു പറയേണ്ട മറ്റൊരു മാറ്റം ഗൂഗിള്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. 

പുതുക്കിയ ഗൂഗിള്‍ ന്യൂസ്

മെഷീന്‍ ലേണിങ്ങിലൂടെ ഉപയോക്താവിന്റെ താത്പര്യങ്ങളറിഞ്ഞ് വാര്‍ത്തകള്‍ ലഭ്യമാക്കുക എന്നതാണ് പുതിയ മാറ്റം. 'ഫുള്‍ കവറേജ്' ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ ഒരു സംഭവത്തെക്കുറിച്ച് വ്യത്യസ്ത ന്യൂസ് സൈറ്റുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ എത്തിക്കും. ' Subscribe will Google' എന്ന ഫീച്ചറിലൂടെ പെയ്ഡ് കണ്ടന്റും കിട്ടും. 

ആന്‍ഡ്രോയിഡ് ഡാഷ്‌ബോര്‍ഡ്

ഇതിലൂടെ ഉപയോക്താവിന്റെ ഡിജിറ്റല്‍ ജീവിതത്തിലെ ആരോഗ്യ സംരക്ഷണമാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. നിങ്ങളുടെ ആപ്പ് ഉപയോഗ രീതിയും മറ്റും ആഴത്തില്‍ പഠിച്ച് വേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കും. ആപ്പ് ക്ലോസു ചെയ്ത് കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ആവശ്യപ്പെടും. 

ഗൂഗിള്‍ അസിറ്റന്റ്

ഗൂഗിള്‍ അസിസ്റ്റന്റിനും ആറു പുതിയ ശബ്ദങ്ങള്‍ അടക്കം ധാരാളം കഴിവുകള്‍ ലഭിക്കുന്നുണ്ട്. 

ഗൂഗിള്‍ ഫോട്ടോസ്

മെഷീന്‍ ലേണിങ്കിലൂടെ സാങ്കേതികമായി മികച്ച ഫോട്ടോ കാണിച്ചു തരാന്‍ ഇനി ഗൂഗിള്‍ ഫോട്ടോസിനു സാധിക്കും. ടെന്‍സര്‍ ചിപ്പ് ആണ് ഇതിനു പിന്നില്‍.

ജിമെയിൽ

ജിമെയിലില്‍ കംപോസു ചെയ്യുമ്പോള്‍ വാക്കുകള്‍ മുന്‍കൂട്ടി നിര്‍ദ്ദേശിക്കുന്ന ഫീച്ചറും വരുന്നു. ഈ മാസം തന്നെ ഇതു വരും എന്നു പറയുന്നു. 

gmail-new

ആരോഗ്യപരിപാലനം

ഒരാളുടെ ജീവനു ഭീഷണിയായേക്കാവുന്ന ഹൃദയാഘാതം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ നേരത്തെ പ്രവചിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന ഫീച്ചറും വരുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് ഇതിനു പിന്നിലും.

ഇവയെല്ലാം പ്രത്യക്ഷത്തില്‍ ഉപകാരപ്രദമാണെന്നു തോന്നാമെങ്കിലും ഉപയോക്താവിന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമായിരിക്കും.