Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോൺ മാത്രമല്ല, ആപ്പിൾ ക്രെഡിറ്റ് കാർഡും ഇറക്കും, കൂടെ ഗോൾഡ്മനും

apple-credit-card-

ഐഫോണ്‍ നിര്‍മാതാവ് ആപ്പിളും അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മന്‍ സാക്‌സുമായി ചേര്‍ന്ന് ഒരു ക്രെഡിറ്റ് കാര്‍ഡ് ഇറക്കിയേക്കും. അടുത്ത വര്‍ഷം ഇറക്കുമെന്നു കരുതുന്ന ഈ കാര്‍ഡ് എത്തുമ്പോള്‍ അത് പരമ്പരാഗത ഹൈ സ്ട്രീറ്റ് ബാങ്കുകള്‍ക്ക് വമ്പന്‍ തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തല്‍. കാര്‍ഡില്‍ ആപ്പിളിന്റെ ഡിജിറ്റല്‍ വോലറ്റിന്റെ ലോഗോയും പതിപ്പിക്കുമെന്നാണ് പറയുന്നത്. ആപ്പിളും ബാര്‍ക്‌ലീസുമായി ചേര്‍ന്നിറക്കുന്ന റിവോഡ്‌സ് കാര്‍ഡിനു പകരമായിരിക്കും പുതിയ കാര്‍ഡ് എന്നാണ് പറയുന്നത്. പുതിയ കാര്‍ഡ് ആപ്പിള്‍ പേയുമായും ബന്ധപ്പെടുത്തിയിരിക്കും. 

കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങിയാല്‍ ലോയല്‍റ്റി പോയിന്റ്‌സ് ഏര്‍പ്പെടുത്തിയേക്കാം. ഇങ്ങനെ കിട്ടുന്ന പോയിന്റുകള്‍ ആപ്പിളിന്റെ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ കിഴിവു ലഭിക്കുന്ന രീതിയില്‍ ക്രമികരിച്ചേക്കാമെന്നും വാര്‍ത്തകളുണ്ട്. പുതിയ നീക്കം ആപ്പിള്‍ ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ്. ഗോള്‍ഡ്മന്‍ സാക്‌സ് ആകട്ടെ കണ്‍സ്യൂമര്‍ ബാങ്കിങ് ഓപ്പറേഷന്‍സില്‍ നിന്ന് കൂടുതല്‍ പൈസയുണ്ടാക്കാന്‍ ശ്രമിക്കുകയുമാണ്. ഘട്ടം ഘട്ടമായി അവര്‍ കണ്‍സ്യൂമര്‍ ബാങ്കിങ് മേഖലയിലേക്ക് ചുവടുവയ്ക്കുകയാണെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. 

ക്രെഡിറ്റ് കാര്‍ഡിനെക്കുറിച്ചുള്ള അധികം വിവരങ്ങള്‍ ലഭ്യമല്ല. പക്ഷേ, തങ്ങള്‍ ആപ്പിള്‍ പേ പ്ലാറ്റ്‌ഫോം വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്. ്ഇപ്പോള്‍ ആപ്പിളിന്റെ ഉപകരണങ്ങളില്‍ മാത്രം ലഭ്യമായ ആപ്പിള്‍ പേ ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ രൂപത്തില്‍ വരുമ്പോള്‍ ആപ്പിളിനു കുടുതല്‍ നേട്ടം കിട്ടിയേക്കാം. കൂടുതല്‍ ഉപയോക്താക്കളിലേക്ക് തങ്ങളുടെ സേവനങ്ങള്‍ എത്തിക്കാനും ആപ്പിളിനു സാധിക്കും. കാര്‍ഡിന്റെ വരവോടെ, വിശ്വസ്തരായ ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് കോണ്ടാക്ട്‌ലെസ്, അല്ലെങ്കില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് സ്വീകരിക്കാത്ത സ്ഥലങ്ങളില്‍ പോലും ഇനി ആപ്പിളിന്റെ സേവനം ഉപയോഗിക്കാം. 

ഡിജിറ്റല്‍ സാങ്കേതികവിദ്യയിലെ ജേതാക്കളിലൊരാള്‍ എന്ന ആപ്പിളിന്റെ പേര് ക്രെഡിറ്റ് കാര്‍ഡിന്റെ വിജയത്തിനു വഴിവച്ചേക്കാം. 

എങ്ങനെയാണ് ആപ്പിള്‍ പേയുടെ പ്രവര്‍ത്തനം?

ആപ്പിള്‍ പേ എത്തിയിട്ടുള്ള രാജ്യങ്ങളില്‍ മാത്രമെ ഈ സേവനം ലഭിക്കൂ. ആപ്പിള്‍ പേ, കമ്പനിയുടെ മൊബൈല്‍ പെയ്‌മെന്റ് അല്ലെങ്കില്‍ വെര്‍ച്വല്‍ വോലറ്റ് സര്‍വീസ് ആണ്. ഇതിലൂടെ ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച്, മാക് ഉപയോക്താക്കള്‍ക്ക് പൈസയടയ്ക്കാന്‍ സാധിക്കും. ഓരോ രാജ്യത്തെയും പ്രധാന ബാങ്കുകളോ, ക്രെഡിറ്റ് കാര്‍ഡ് കമ്പനികളുമായി ചേര്‍ന്നോ ആണ് ആപ്പിള്‍ തങ്ങളുടെ സേവനം ലഭ്യമാക്കുന്നത്. 

ആപ്പിള്‍ പേ ലഭ്യമായ രാജ്യങ്ങളില്‍ സെറ്റിങ്‌സില്‍ വോലറ്റ് കണ്ടുപിടിക്കുക. അവിടെ ആപ്പിള്‍ പേ കാണാന്‍ സാധിക്കും. ഇവിടെ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചേര്‍ക്കാം. തുടര്‍ന്ന് ഒതന്റിക്കേഷനായി ഡിവൈസുമായി ബാങ്കില്‍ ചെല്ലണം. ഓരോ ബാങ്കിനും അതിന്റെ രീതികളാണ് ഒതന്റിക്കേഷനായി ഉപയോഗിക്കുന്നത്. കാര്‍ഡ് വേരിഫൈ ചെയ്തു കഴിഞ്ഞാല്‍ Next ബട്ടണില്‍ സ്പര്‍ശിച്ച ശേഷം ആപ്പിള്‍ പേ ഉപയോഗിച്ചു തുടങ്ങാം. ആപ്പിള്‍ പേ ഉപയോഗിക്കണമെങ്കില്‍ NFC ഉള്ള ഉപകരണം ആയിരിക്കണം. ടച് ഐഡി അല്ലെങ്കില്‍ ഫെയ് ഐഡി വേണം. ഐഫോണ്‍ 6 മുതലുള്ള ഉപകരണങ്ങള്‍ ആപ്പിള്‍ പേ സജ്ജമാണ്. സെറ്റ് അപ് ചെയ്തു കഴിഞ്ഞാല്‍ ഉപകരണം കോണ്ടാറ്റ്‌ലെസ് ടെര്‍മിനലിനു മുൻപില്‍ കാണിച്ച് പെയ്‌മെന്റ് ഓതറൈസു ചെയ്യാം.