Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ അമേരിക്ക–ചൈന ‘യുദ്ധം’, നിർണായകമായി ജപ്പാൻ പണം

china-usa-india

ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ വിപണിയായി ഇന്ത്യ കുതിക്കുകയാണ്. ലോകോത്തര ബ്രാന്‍ഡുകളുടെ കണ്ണുകളെല്ലാം ഇന്ത്യയിലാണ്. രാജ്യത്ത് കാര്യമായി പച്ചപിടിച്ചിട്ടില്ലാത്ത ഓൺലൈൻ കച്ചവടം സജീവമാക്കുക തന്നെയാണ് മിക്ക കമ്പനികളുടെയും ലക്ഷ്യവും. അമേരിക്ക, ചൈന, ദക്ഷിണ കൊറിയ, ഫിൻലാൻഡ്, തായ്‌ലൻഡ്, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിലെ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ വിൽക്കുന്ന വിപണികളിൽ ഒന്നാണ് ഇന്ത്യ.

അമേരിക്കൻ റീട്ടെയിൽ കുത്തക കമ്പനിയായ വാൾമാർട്ട് കൂടി ഇന്ത്യയിൽ എത്തിയതോടെ ഓൺലൈൻ കച്ചവടത്തിന്റെ രൂപവും ഭാവവും മാറുമെന്നാണ് റിപ്പോർട്ട്. ടെലികോം വിപണിയിൽ ജിയോ വന്നതു പോലെയാണ് വാൾമാർട്ടിന്റെ വരവ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ വിറ്റ് എതിരാളികളെ തകർക്കുന്നത് വാൾമാർട്ടിന്റെ സ്ഥിരം പദ്ധതിയാണ്. നിരവധി രാജ്യങ്ങളിൽ വാൾമാർട്ട് ഈ തന്ത്രം പരീക്ഷിച്ച് വിജയിച്ചിട്ടുമുണ്ട്.

വാൾമാർട്ടിന്റെ തന്ത്രങ്ങളും പുതിയ പദ്ധതികളും ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുക ആമസോണിനും പേടിഎം, സ്നാപ്ഡീൽ കമ്പനികൾക്കുമാണ്. എന്നാൽ ആമസോണിനെ തകർക്കുക എന്നത് മാത്രമായിരിക്കും വാൾമാർട്ടിന്റെ ആദ്യ പദ്ധതി.

അതെ, ഇന്ത്യൻ വിപണിയിൽ ഇനി യുദ്ധം അമേരിക്കൻ കമ്പനികളായ ആമസോണും വാൾമാർട്ടും തമ്മിലാണ്. എന്നാൽ ഈ രംഗത്ത് ചൈനയ്ക്കുള്ള സ്വാധീനം കുറച്ചുകാണാനാവില്ല. ചൈനയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാരക്കമ്പനിയായ ആലിബാബയ്ക്കു വലിയ ഓഹരി പങ്കാളിത്തമുള്ള സ്നാപ്ഡീലും പേടിഎമ്മും ഓൺലൈൻ വിപണിയിൽ സജീവമാണ്. ഇടയ്ക്കു തളർന്നുപോയ സ്നാപ്ഡീൽ ഊർജം കൈവരിക്കുകയാണെന്നാണു സൂചന. 

walmart

ഫ്ലിപ്കാർട്ടിന് 41 ശതമാനവും ആമസോണിന് 30 ശതമാനവും വിപണി പങ്കാളിത്തമാണ് ഇപ്പോൾ‌. മറ്റെല്ലാ കമ്പനികളും ചേർന്ന് 29% കയ്യാളുന്നു. മൽസരം നേരിടാൻ ഇതിൽ പല കമ്പനികളും ഒന്നിക്കുകയോ വിദേശപങ്കാളിയെത്തേടുകയോ ഒക്കെ ചെയ്തേക്കാം. അതേസമയം, ജപ്പാനിൽ നിന്നുള്ള നിക്ഷേപകരുടെ പണവും ഇന്ത്യൻ വിപണിയെ നിയന്ത്രിക്കും. ഫ്ലിപ്കാർട്ടിൽ ഓഹരിയുള്ള ജപ്പാനിലെ സോഫ്റ്റ് ബാങ്കിന് ചൈനീസ് ഇ–കൊമേഴ്സ് കമ്പനികളിലും വലിയ തോതിൽ നിക്ഷേപമുണ്ട്. ചൈനീസ് കമ്പനികൾ പേടിഎം, സ്നാപ്ഡീൽ ഉൾപ്പടെയുള്ള കമ്പനികളിലും നിക്ഷേപമുണ്ട്. ഇതോടെ ഇന്ത്യയിൽ നടക്കുക അമേരിക്ക–ചൈന യുദ്ധമായിരിക്കും.

സ്മാർട് ഡിവൈസ് വിപണിയിൽ അമേരിക്കയുടെ ഏറ്റവും വലിയ എതിരാളികൾ ചൈന തന്നെയാണ്. അമേരിക്കൻ വപിണിയെ സംരക്ഷിക്കാൻ ട്രംപ് ഭരണകൂടം ചൈനീസ് കമ്പനികൾക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതോടെ അമേരിക്കൻ കമ്പനികളെ നേരിടാൻ ചൈനയിലെ ആലിബാബ ഉൾപ്പടെയുള്ള കമ്പനികൾ ഇന്ത്യയിലെ സാന്നിധ്യം വ്യാപകമാക്കും.

അമേരിക്കൻ കമ്പനി വാൾമാർട്ട് ഇന്ത്യയിലെ ഓൺലൈൻ വ്യാപാരക്കമ്പനിയായ ഫ്ലിപ്കാർട്ടിനെ ഭീമമായ തുക നൽകി ഏറ്റെടുത്തത് വൻ ലക്ഷ്യത്തോടെയാണ്. ഓൺലൈൻ വ്യാപാരത്തിൽ ഇന്ത്യയുടെ ഭാവിസാധ്യതകൾ അനന്തമാണ്. നിലവിൽ മൊത്തം ചില്ലറവിൽപനവിപണിയുടെ രണ്ടര ശതമാനം മാത്രമാണ് ഫ്ലിപ്കാർട്ട്, ആമസോൺ, സ്നാപ്ഡീൽ തുടങ്ങിയ ഇ–കൊമേഴ്സ് കമ്പനികളിലൂടെ നടക്കുന്നതെങ്കിലും ഈ രംഗത്തെ വളർച്ച അതിവേഗമാണ്. 2026ൽ 12% വ്യാപാരം ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കു മാറുമെന്ന് വിപണി ഗവേഷകരായ മോർഗൻ സ്റ്റാൻലി പറയുന്നു. 

ഇന്റർനെറ്റ് സൗകര്യവും സ്മാർട്ഫോണുകളും കൂടുതൽ പേരിലേക്ക് എത്തുന്നതും ഇന്റർനെറ്റ് സേവനത്തിനുള്ള നിരക്കു കുറയുന്നതും ഓൺലൈൻ വിപണിയുടെ വളർച്ചയ്ക്കു വഴിയൊരുക്കും. വായ്പാലഭ്യത കൂടുന്നതും വിപണിക്കു ഗുണകരമാകുമെന്ന് അവർ വിലയിരുത്തുന്നു.

ഓൺലൈൻ പണമിടപാടുകളിൽ വിശ്വാസ്യതയുണ്ടാവുകയും അതിനുള്ള സൗകര്യം ലഭിക്കുകയും ചെയ്യുമ്പോഴാണ് ഇന്റർനെറ്റ് ഉപയോക്താക്കൾ ഓൺലൈൻ ഷോപ്പിങ് ഇഷ്ടപ്പെടുക. നിലവിൽ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 14% മാത്രമേ ഇ–ഷോപ്പിങ് നടത്തുന്നുള്ളൂ. ചൈനയിൽ 64% ഇന്റർനെറ്റ് ഉപയോക്താക്കളും ഓൺലൈൻ ഷോപ്പിങ് നടത്തുന്നു.

അഞ്ചു വർഷമെങ്കിലും ഇന്റർനെറ്റ് ഉപയോക്താക്കളായിരുന്നവരാണ് ഓൺലൈൻ ഷോപ്പിങ്ങിനു താൽപര്യം കാട്ടുന്നതെന്ന് 2014ൽ നടന്ന ഒരു സർവേയിൽ കണ്ടെത്തിയിരുന്നു. രാജ്യത്തെ ‘ഇന്റർനെറ്റ് പൗരന്മാർ’ പക്വത ആർജിക്കുന്ന നാളുകളാണിത് എന്നതിനാൽ ഇനിയങ്ങോട്ട് ഇ– ഷോപ്പിങ് അനായാസം വളരും. 

റിലയൻസ് ജിയോ 4ജി–ടെലികോം സേവനവുമായെത്തിയപ്പോഴുണ്ടായ മൽസരത്തോടെ മൊബൈൽ ഇന്റർനെറ്റിന്റെ നിരക്ക് ഏതാണ്ടെല്ലാ മൊബൈൽ ഫോൺ വരിക്കാർക്കും താങ്ങാനാവുന്ന നിലയിലേക്കു താഴ്ന്നു. പ്രതിദിനം ഒരു ജിബി എങ്കിലും ഡേറ്റ കിട്ടാത്ത പ്ലാനുകൾ അപൂർവമാകുമ്പോൾ സ്മാർട്ഫോൺ ഉപയോഗം കുതിക്കുകയാണ്. ടിക്കറ്റ് ബുക്കിങ്ങും ഹോട്ടൽ ബുക്കിങ്ങും ടാക്സി ക്യാബ് ബുക്കിങ്ങുമടക്കമുള്ള യാത്രാസൗകര്യ ഇടപാടുകളിൽ വലിയ പങ്കും ഓൺലൈൻ വിപണിയിലേക്കു മാറിയതിനു സ്മാർട്ഫോണുകളാണു മുഖ്യ കാരണം. ഇതേ രീതിയിൽ ഓൺലൈൻ ഷോപ്പിങ്ങിന്റെ സൗകര്യങ്ങളിലേക്കും ജനം മാറുമെന്ന് വിപണി കണക്കുകൂട്ടുന്നു.

flipkart

ഇപ്പോൾ 10 കോടിയിൽത്താഴെയാണ് ഓൺലൈൻ ഷോപ്പിങ് ഉപയോക്താക്കളുടെ എണ്ണമെങ്കിൽ 2026ൽ അത് 48 കോടിയാകുമെന്നാണു മോർഗൻ സ്റ്റാൻലിയുടെ കണക്ക്. മൊബൈൽ ഫോൺ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ എന്നിവയാണ് ഓൺലൈൻ വിപണിയിലെ ഏറ്റവും ജനപ്രിയ വിഭാഗങ്ങൾ. അടുക്കളയിലേക്കു വേണ്ടുന്ന നിത്യോപയോഗസാധനങ്ങളും സൗന്ദര്യവർധക ഉൽപന്നങ്ങളും ഫർണിച്ചറും ഭക്ഷണവുമൊക്ക ഈ നിരയിലേക്കു വരും. 2020 ആകുമ്പോഴേക്ക് ഈ രീതിയിലുള്ള കുതിപ്പാണു ഇന്ത്യ കാണുകയെന്ന് ഗൂഗിളും ബോസ്റ്റൺ കൺസൽറ്റിങ് ഗ്രൂപ്പും തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

എല്ലാം കിട്ടുന്ന ഓൺലൈൻ സൂപ്പർമാർക്കറ്റുകളുടെ കാര്യത്തിൽ ഇങ്ങനെ മൽസരവും കുത്തകവൽക്കരണവും കടുക്കുകയാണെങ്കിലും, ഏതെങ്കിലും പ്രത്യേക മേഖലയി‍ൽ മാത്രം പ്രവർത്തിക്കുന്ന ഇ–വ്യാപാര സൈറ്റുകൾക്കു വിജയം വരിക്കാനാവുമെന്നു നിരീക്ഷകർ പറയുന്നു. ഫാഷൻ വിപണിയിൽ ഇങ്ങനെ പല കമ്പനികളുമുണ്ട്. അതിൽത്തന്നെ ഏതെങ്കിലും ചില ഇനം വസ്ത്രങ്ങൾ മാത്രം വിൽക്കുന്നവ പോലുമുണ്ട്. പച്ചക്കറി–പലവ്യഞ്ജന വിൽപന, ഫർണിച്ചർ വിൽപന, ഭക്ഷ്യോൽപന്ന വിൽപന തുടങ്ങിയ രംഗങ്ങളിലും ഈ തരംഗമുണ്ട്.

ഇപ്പോൾ 400 കോടി ഡോളറിന്റെ ( 26500 കോടി രൂപ) വ്യാപാരം നടക്കുന്ന ഓൺലൈൻ ഫാഷൻ വിപണി 2020ൽ 1400 കോടി ഡോളറിന്റേ( 92500 കോടി രൂപ)താകുമെന്നാണു കണക്കാക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ മിന്ത്ര–ജബോങ്, ലൈംറോഡ്, ഫാഷൻആൻഡ്‌യൂ, കൂവ്സ്, വൂനിക് എന്നിങ്ങനെ ഒട്ടേറെ സൈറ്റുകളുണ്ടായിരുന്ന വിപണിയിൽ റിലയൻസിന്റെ അജിയോ വന്നതോടെ മൽസരം കൂടുതൽ കടുത്തിട്ടുണ്ട്.

flipkart-amzaon-snapdeal

ഉപയോക്താക്കൾക്കു കൂടുതൽ സൗകര്യമേകുന്ന സാങ്കേതികവിദ്യകൾ ഓൺലൈൻ സൈറ്റുകളുടെ യുദ്ധത്തിൽ മുഖ്യ ആയുധമാകും. സാങ്കേതിക പുരോഗതിക്കൊപ്പം ഉപയോക്താക്കളെ സംരക്ഷിക്കാനുള്ള നിയമങ്ങളും ഡിജിറ്റൽ പണമിടപാടുകൾക്കുള്ള പ്രോൽസാഹനവും സർക്കാർ ഒരുക്കേണ്ടതും അത്യാവശ്യം.

ഇക്കാര്യങ്ങളിൽ ഇന്ത്യയ്ക്കു മെല്ലെപ്പോകാനാകില്ലെന്ന സ്ഥിതിയിലേക്ക് ആഗോള അന്തരീക്ഷം മാറിയിരിക്കുന്നു. ലക്ഷക്കണക്കിനു ചെറുകിട സംരംഭകരുടെ ഉൽപന്നങ്ങളാണ് ഇപ്പോൾത്തന്നെ ഓൺലൈൻവഴി ഉപയോക്താക്കളിലെത്തുന്നത്. വരുംനാളുകളിൽ ഓൺലൈൻ വ്യാപാരം രാജ്യത്തു വൻതോതിൽ സംരംഭക അവസരങ്ങളും തൊഴിൽഅവസരങ്ങളും സൃഷ്ടിക്കുന്ന മുഖ്യ മേഖലകളിലൊന്നായി വളരും.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.