Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം ഖത്തറിനെ കണ്ടുപഠിക്കട്ടെ, ദോഹയിൽ പറ പറക്കും ഇന്റർനെറ്റ്, അതിവേഗ 5ജി

qatar-airways

ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപയോക്താക്കൾക്കു ലഭ്യമാക്കി ഖത്തർ ചരിത്രം സൃഷ്ടിച്ചു. ലോകം കാത്തുകാത്തിരിക്കുന്ന സാങ്കേതികവിദ്യ വ്യാപിക്കാൻ അധികകാലം വേണ്ടെന്ന സൂചന. ഒരു ഹൈ ഡെഫിനിഷൻ ചലച്ചിത്രം ഡൗൺലോഡ് ചെയ്യാൻ 30 സെക്കൻഡ് മതിയെന്ന വാഗ്ദാനവുമായി എത്തുകയാണു 5ജി.

ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനി ഉറീഡൂവാണ് 5ജി നടപ്പിലാക്കിയത്. ദോഹയിലെ പേൾ ഖത്തർ മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്താണ് 5ജി സൂപ്പർനെറ്റ് ഉറീഡൂ ലഭ്യമാക്കിയത്. ലഗൂണ മാൾ, കത്താറ കൾച്ചറൽ വില്ലേജ്, വെസ്റ്റ്ബേ, കോർണിഷ്, സൂഖ് വാഖിഫ് എന്നിവിടങ്ങളും ഇതിന്റെ പരിധിയിൽ വരുമെന്നാണ് അറിയുന്നത്. 

5g-phone

‘ഇന്ന് ഖത്തറും ഉറീഡൂവും ചരിത്രം സൃഷ്ടിക്കുകയാണ്. ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യയും സേവനങ്ങളും ലഭ്യമാക്കുന്ന കമ്പനിയായി ഉറീഡൂ മാറിയിരിക്കുന്നു. ഖത്തറിലെ ജനങ്ങൾക്കാണ് ലോകത്ത് ആദ്യമായി ഈ സേവനം ഉപയോഗിക്കാൻ കഴിയുന്നത്. രാജ്യത്തു വിവരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രോൽസാഹിപ്പിക്കാനുള്ള നടപടിയാണിതെന്ന് ഉറീഡൂ ഖത്തർ സിഇഒ വലീദ് അൽ സയ്ദ് പറഞ്ഞു. 

5ജി സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ 2016 മുതൽ ആരംഭിച്ചതാണ്. 5ജി സാങ്കേതികവിദ്യ സ്ഥാപിക്കാനും, പരിശോധനകൾ നടത്താനുമായി വലിയ നിക്ഷേപം നടത്തി. ഖത്തർ ദേശീയ വീക്ഷണം 2030നെ അടിസ്ഥാനമാക്കിയുള്ള സ്മാർട് ആപ്ലിക്കേഷനുകൾ ലഭ്യമാക്കുന്നതിൽ 5ജി സൂപ്പർനെറ്റ് വലിയ പങ്കുവഹിക്കും. 

5G

സ്മാർട്ട് റോ‍ഡുകൾ, ഡ്രൈവറില്ലാത്ത കാറുകൾ, വിർച്വൽ– ഓഗ്‌മെന്റ‍ഡ് റിയാലിറ്റി, ഡ്രോണുകളുടെ സേവനം തുടങ്ങി ഒട്ടേറെ നൂതന ആശയങ്ങൾ നടപ്പാക്കാൻ ഇതു സഹായിക്കും. 3.5 ജിഗാഹെട്സ് സ്പെക്ട്രം ഉപയോഗിച്ചാണ് ഉറീഡൂ 5ജി സേവനം ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. 2016ലെ ഖത്തർ ദേശീയ ദിനത്തിലാണ് ഉറീഡൂ 5ജി പരീക്ഷണം ആരംഭിച്ചത്. 2017 മേയ് മാസത്തിൽ 5ജി സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ 10 ബേസ് സ്റ്റേഷനുകൾ ഉറീഡൂ പൂർത്തിയാക്കി. 

നവംബറിൽ ഖത്തർ എയർവേയ്സുമായി സഹകരിച്ചു 5ജി ബിസിനസ് സേവനങ്ങൾ നൽകാൻ ആരംഭിക്കുകയും ചെയ്തു. 5ജി സൂപ്പർനെറ്റ് ലഭ്യമാകാൻ 5ജി സാങ്കേതികവിദ്യ അധിഷ്ഠിതമായ ഹാൻഡ്സെറ്റുകൾ ആവശ്യമാണ്. ഇത് ഉറീഡൂ ഖത്തറിലെ ഉപഭോക്താക്കൾക്കു ലഭ്യമാക്കും. ഇത് ഒരു തുടക്കം മാത്രമാണെന്നും ഏറെ വൈകാതെ ഖത്തറിലെ കൂടുതൽ മേഖലകളിലേക്കു 5ജി സേവനം വ്യാപിപ്പിക്കുമെന്നും ഉറീഡൂ വ്യക്തമാക്കി. 

5ജി– അതല്ലേ സ്പീഡ്...

മൊബൈൽ ഫോൺ കടയിലിപ്പോൾ ഫോൺ 4ജി ആണോ എന്നൊരു ചോദ്യമില്ല. അതേയുള്ളൂ (അല്ലെങ്കിൽ 1000 രൂപ വിലയുള്ള വെറും സാധാരണ ഹാൻഡ്സെറ്റ് വാങ്ങാം). അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന ‘4ജി’ സാങ്കേതികവിദ്യ ഒറ്റയടിക്കല്ലേ ‘3ജി’യെ നിലംപരിശാക്കിക്കള‍ഞ്ഞത്. പക്ഷേ ഈ ‘ഗപ്പ്’ ഇനി അധിക നാൾ 4ജിയുടെ കയ്യിലിരിക്കില്ല. 

5g-phone

5ജി എത്തുകയാണ്; ഇതുവരെ കണ്ടതൊന്നുമല്ല ഡേറ്റ സ്പീഡ് എന്നു ബോധ്യപ്പെടുത്താൻ. അഞ്ചാംതലമുറ വയർലെസ് ടെലികോം സാങ്കേതികവിദ്യ എന്ന 5ജി, പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും പ്രവർത്തിപ്പിച്ചുകഴിഞ്ഞു. ഖത്തറിലെ ടെലികോം സേവനദാതാവ് ഉറീഡൂവാകട്ടെ, ഏതാനും ദിവസം മുൻപ് വാണിജ്യാടിസ്ഥാനത്തിൽത്തന്നെ 5ജി അവതരിപ്പിച്ച് ഒരുപടി കൂടി മുന്നിലെത്തി.

ഇപ്പോൾ 5ജി മൊബൈൽ ഫോണുകളിലേക്ക് എത്തിയിട്ടില്ല. 5ജി–യോഗ്യമായ ഹാൻഡ്സെറ്റുകൾ അതിവേഗം വിപണിയിലെത്തിക്കാൻ ഗവേഷണത്തിൽ മുഴുകിയിരിക്കുകയാണ് ടെലികോം സാങ്കേതിക രംഗത്തെ പ്രമുഖ കമ്പനികളെല്ലാം. അടുത്ത വർഷം 5ജി ഫോണുകൾ എത്തിത്തുടങ്ങും. 2020 മുതൽ 5ജി ആകും വിപണിയുടെ ശീലം.