Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

RBS പൂട്ടിയത് 2000 ബാങ്ക് ബ്രാഞ്ചുകൾ, വൈകാതെ ഇന്ത്യയിലും പൂട്ടും

MONEY

മനുഷ്യരുടെ തൊഴില്‍ മേഖലകള്‍ ഒന്നൊന്നായി ഇല്ലാതാകുന്ന കാലമാണ് തൊട്ടു മുന്നിലെന്നാണ് വിശ്വസിക്കുന്നത്. അതിന്റെ തെളിവുകള്‍ എവിടെ നോക്കിയാലും കാണാം. 2015നു ശേഷം ബ്രിട്ടണില്‍ എല്ലായിടത്തുമായി പൂട്ടിയത് 2,106 ബാങ്ക് ശാഖകളാണെന്നു കണക്കുകള്‍ പറയുന്നു. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡ് (RBS) സ്‌കോട്‌ലന്‍ഡില്‍ മാത്രം 62 ശാഖകള്‍ക്ക് എന്നന്നേയ്ക്കുമായി ഷട്ടര്‍ താഴ്ത്താന്‍ ഒരുങ്ങുകയാണ്. ഇതു കൂടാതെ യുകെയില്‍ മൊത്തമായി 162 ആര്‍ബിഎസ് ശാഖകള്‍ക്കുകൂടെ താമസിയാതെ താഴു വീഴും.

കെട്ടിടം വാടകയ്‌ക്കെടുത്ത് ഒരു ശാഖ നിറയെ ജോലിക്കാരുമായി തുറന്നിരിക്കുന്ന രീതി ചിലവേറിയതാണ് എന്നതിനാലാണ് ശാഖകള്‍ പൂട്ടി ജോലിക്കാരെ വീട്ടില്‍ വിടുന്നത്. പണമിടപാടുകള്‍ക്കായി പൊതുജനം ബാങ്കിലെത്തുന്നതും കുറഞ്ഞു. കാര്‍ഡു മുഖേനെയോ, മൊബൈല്‍ ബാങ്കിങ്ങിലൂടെയോ തങ്ങളുടെ ഇടപാടു നടത്താന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ബ്രാഞ്ചുകളിലേക്ക് ആളുകള്‍ എത്തുന്നില്ല. പിന്നെയെന്തിന് അവ തുറന്നു വച്ച് സ്റ്റാഫിനു കാശു കൊടുക്കണം?

എന്നാല്‍, ഇന്നും ബാങ്കുകളിലെത്തി മനുഷ്യരോടിടപെട്ട് പണമിടപാടു നടത്താന്‍ ഇഷ്ടപ്പെടുന്നവരും ഉണ്ട്. ഓണ്‍ലൈന്‍ ബാങ്കിങ്ങിന്റെ രുചി പിടിക്കാത്തവര്‍ താരതമ്മ്യേന പ്രായമായ ഇടപാടുകാരാണെന്നും കാണാം. ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡിന്റെ പ്രശ്‌നങ്ങളും ഉണ്ട്. മറ്റു ചിലര്‍ക്ക് പണയം വയ്ക്കുന്നതിനും മറ്റു ഗൗരവമുള്ള പണമിടപാടുകള്‍ക്കും ഉദ്യോഗസ്ഥനെ നേരിട്ടു കണ്ട് ചെയ്യാനാണ് ഇഷ്ടം. എന്നാല്‍ ഈ കാര്യങ്ങളിലും ബാങ്കുകള്‍ മറ്റു വഴി തേടുകയാണ്. ഇതിനൊന്നും ഈ കാലത്ത് ഒരു കെട്ടിടത്തിലിരുന്ന് പണി ചെയ്യേണ്ട കാര്യമില്ലെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്ന കാര്യം. 

നേരിട്ട് പണമിടപാടു നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ ബാങ്കുമായി ഫോണില്‍ ബന്ധപ്പെടാം. എന്നാല്‍, ഫോണ്‍ എടുക്കുന്ന കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുകളില്‍ നിന്ന് മാറി മാറി തനിക്കു വേണ്ട ഉദ്യോഗസ്ഥനില്‍ എത്തുന്ന അനുഭവം പലര്‍ക്കും അരോചകമാണ്. പലതവണ തങ്ങളെ പറ്റിയുള്ള വിശദാംശങ്ങള്‍ ആവര്‍ത്തിക്കണം. പലരുടെ സ്വരം കേള്‍ക്കണം. ഇതെല്ലാം കഴിഞ്ഞു മാത്രമെ തനിക്കു വേണ്ട ഉദ്യോഗസ്ഥന്റെ അടുത്ത് കോള്‍ എത്തൂ. ഇവിടേയ്ക്കാണ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുമാരുടെ പണിയും കളഞ്ഞ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കടന്നു വരുന്നത്. ഇടപാടുകാരന്റെ സ്വരം കേള്‍ക്കുമ്പോഴെ തിരിച്ചറിഞ്ഞ് അയാള്‍ളുടെ കസ്റ്റമര്‍ റെക്കോഡുകള്‍ മനസ്സിലാക്കി, എന്തിടപാടാണു നടത്തിക്കൊണ്ടിരുന്നത് എന്നും മനസ്സിലാക്കി അയാള്‍ക്കു വേണ്ട ഉദ്യോഗസ്ഥന്‍ ആരാണെന്ന് അനുമാനിച്ച് കൃത്യം അയാളിലേക്ക് എത്തിക്കുയാണ് എഐ ചെയ്യുന്നത്! ക്‌സറ്റമര്‍ നേരിട്ട് വേണ്ട ഉദ്യോഗസ്ഥനോടു ബന്ധപ്പെടുമ്പോള്‍ അവര്‍ക്കിടയില്‍ നിന്നിരുന്ന ഉദ്യോഗസ്ഥരെ ബാങ്കുകള്‍ക്കു പറഞ്ഞു വിടാം. 

ബാങ്കിങ് മേഖലയ്ക്കു മൊത്തമായി മാറ്റം വരുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഊബറും മറ്റും ചെയ്യുന്നതു പോലെ ഷെഡ്യൂളിങ് ടൂളുകള്‍ രംഗപ്രവേശനം ചെയ്‌തേക്കുമെന്നാണ് പറയുന്നത്. കസ്റ്റമര്‍ ബാങ്കിലേക്ക് വരുന്നതിനു പകരം എക്‌സിക്യൂട്ടീവുമാര്‍ കസ്റ്റമറുടെ അടുത്തേക്കു ചെല്ലുന്ന രീതിയായിരിക്കും പരീക്ഷിക്കുക. അതോടെ കെട്ടിടം നിര്‍മിച്ച്, ഫാനും എസിയും ഒക്കെ വച്ച് ഉദ്യോഗസ്ഥരെ വയ്ക്കുന്ന രീതിയ്ക്കും മാറ്റം വരാം. ഏതു ബ്രാഞ്ചിലാണു പണി കൂടുതലുള്ളതെന്നു മനസ്സിലാക്കി സ്റ്റാഫിനെ അടുത്ത ദിവസം തന്നെ മാറ്റാനുള്ള സൗകര്യവും ഇതോടെ കൈവരും. അതായത് ബാങ്കുമായി ആളുകള്‍ ഇടപെട്ടിരുന്ന രീതി പൂര്‍ണ്ണമായും മാറുകയാണ്.

ബ്രാഞ്ചുകളിലെ പണിത്തിരക്കറിഞ്ഞ് ഉദ്യോഗസ്ഥരെ ദിവസവും പുനര്‍വിന്യാസ രീതികളില്‍ മുഴുവന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനം ഉപയോഗിക്കും. ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം ഇതെല്ലാം ഇന്നും മൊബൈല്‍ ബാങ്കിങ്ങിലേക്ക് ഉണരാത്ത ചുരുക്കം കസ്റ്റമര്‍മാര്‍ക്കു വേണ്ടിയാണ്. ബാങ്ക് ശാഖകള്‍ക്ക് അവയുടെ പ്രാധാന്യം അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാങ്ക് സ്റ്റാഫിന് അവരുടെ ദിനചര്യകളല്‍ മാറ്റം വരുത്തേണ്ടതായി വരും. ഇനി വലിയ ബാങ്ക് ശാഖകളോ, അവയില്‍ നിറയെ സ്റ്റാഫിരുന്നു ജോലി ചെയ്യുന്ന രീതിയോ ഒന്നും വേണ്ടിവരില്ല. ലോകമെമ്പാടും ഡിജിറ്റല്‍ രീതികളും മറ്റും കൂടുതല്‍ സ്വീകാര്യമാകുന്നതോടെ എല്ലാ രാജ്യങ്ങളിലും ബാങ്കിങ് മേഖലയിലെ ജോലികള്‍ വളരെയധികം കുറയും.

RBS

അതെ, ഡിജിറ്റൽ ഇന്ത്യയും വളരുകയാണ്. ഇ–പെയ്മെന്റും ക്യാഷ്‌ലസ് ഇടപാടുകളും സജീവമായി തന്നെ മുന്നോട്ടുപോകുകയാണ്. വൈകാതെ രാജ്യത്തെ മുൻനിര ബാങ്കുകളും ചെലവു ചുരുക്കലിന്റെ ഭാഗമായി ബ്രാഞ്ചുകൾ പൂട്ടും. ഇതിന്റെ നീക്കങ്ങൾ ഇപ്പോൾ തന്നെ തുടങ്ങി കഴിഞ്ഞു. ബ്രാഞ്ചിൽ ചെല്ലുന്നവരെ എല്ലാം ഇ–ബാങ്കിങ് സേവനങ്ങൾ അവർ തന്നെ പഠിപ്പിക്കുന്നുണ്ട്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ചെറിയ ഇടപാടുകൾ എങ്ങനെ ഓൺലൈൻ വഴി നടത്താമെന്ന് മിക്കവരും പഠിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതോടെ ബാങ്കിങ് മേഖലയിലെ തൊഴിലും കുറയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി വന്നാൽ രാജ്യത്തെ ബാങ്ക് ബ്രാഞ്ചുകൾ ഒന്നിനു പുറകെ ഒന്നൊന്നായി പൂട്ടുമെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.