Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5ജിയിൽ ഇന്ത്യ പിന്നിലാവില്ല, പറ പറക്കും ഇന്റർനെറ്റുമായി എയർടെല്ലും ജിയോയും

jio-mimo

3ജി, 4ജി എന്നിവയിൽ, വികസിത രാജ്യങ്ങളെക്കാൾ അൽപം പിന്നിലായിപ്പോയ ഇന്ത്യ 5ജി മറ്റു രാജ്യങ്ങൾക്കൊപ്പം തന്നെ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നു. 2020 ആദ്യത്തോടെ 5ജി ലഭ്യമാക്കുന്ന തരത്തിലാണു പദ്ധതി. 5ജിയുടെ സാധ്യത ഏറ്റവുമധികം പ്രയോജനപ്പെടുത്താൻ പോകുന്നത് ആരോഗ്യം, കൃഷി, ഗതാഗതം, ഊർജം എന്നീ നാലു രംഗങ്ങളാണെന്നും സർക്കാർ വിലയിരുത്തുന്നു. 

5ജിക്ക് ആവശ്യമായ ഇക്കോസിസ്റ്റം രൂപീകരിക്കുക എന്നതാണു കേന്ദ്രസർക്കാരിനു മുന്നിലുള്ള ഏറ്റവും വലിയ ദൗത്യം. ഇതിനായി രൂപീകരിച്ച ദൗത്യസംഘത്തിന്റെ ചുമതല യുഎസിലെ നാഷനൽ അക്കാദമി ഓഫ് സയൻസിൽ അംഗമായ സ്റ്റാൻഫഡ് സർവകലാശാലാ പ്രഫസർ ആരോഗ്യസ്വാമി പോൾരാജിനാണ്. 

ഐഐടികൾ, ഐഐഐടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, വ്യവസായ രംഗവുമായി ബന്ധപ്പെട്ട ഏജൻസികൾ, ടെലികോം, ഐടി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പുകളുടെ സെക്രട്ടറിമാർ എന്നിവരാണ് ഇതിലുള്ളത്. രാജ്യത്തു 5ജി നടപ്പാക്കുന്നതിനുള്ള വ്യക്തമായ പദ്ധതി അടുത്ത മാസം അവതരിപ്പിക്കുമെന്നു 5ജി പദ്ധതിക്കു നേതൃത്വം വഹിക്കുന്ന കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറയുന്നു. 

5ജിക്ക് ആവശ്യമായ റേഡിയോതരംഗങ്ങളുടെ (സ്പെക്ട്രം) ലഭ്യതയാകും 5ജി അവതരിപ്പിക്കാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മൊബൈൽ സേവനദാതാക്കൾ വിലയിരുത്തുന്നു. ‘താങ്ങാനാവുന്ന’ വിലയിൽ സ്പെക്ട്രം ലഭിക്കണമെന്നതും പ്രധാനം. ഫൈബറും ടവറുകളും അടക്കമുള്ള അടിസ്ഥാന സൗകര്യം വ്യാപിപ്പിക്കാനുള്ള തടസ്സങ്ങളും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും വലിയ മൊബൈൽ സേവനദാതാവായ എയർടെല്ലും ജിയോയും ഈയിടെ 5ജി പരീക്ഷിച്ചു. നെറ്റ്‌വർക് ശേഷി 7 മടങ്ങുവരെ വർധിപ്പിക്കുന്ന മിമോ (MIMO- Multiple Input Multiple Output) എന്ന പ്രീ– 5ജി സംവിധാനം ഐപിഎല്‍ ക്രിക്കറ്റ് വേദികളിൽ നടപ്പാക്കുകയും ചെയ്തു.  വലിയ ജനക്കൂട്ടമെത്തുന്ന ഇടമായാൽപ്പോലും ഉയർന്ന ഇന്റർനെറ്റ് സ്പീഡ് മൊബൈൽ ഫോണുകളിൽ ലഭ്യമാക്കാൻ ഇതുവഴി സാധിച്ചെന്നു കമ്പനി പറയുന്നു 5ജി പൂർണതോതിൽ എത്തുമ്പോഴുണ്ടാകുന്ന നേട്ടത്തിന്റെ സാംപിൾ വെടിക്കെട്ടാണിത്.