Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രിട്ടൻ ക്യാഷ്‌ലെസാണ്; പക്ഷേ സംഭവിച്ചതോ? ഇതൊരു മുന്നറിയിപ്പ്

online-banking-fraud

ബ്രിട്ടനില്‍ ഇപ്പോള്‍ നടക്കുന്നതാണ് ഭാവിയില്‍ ഇന്ത്യ ഉൾപ്പടെയുളള മറ്റു രാജ്യങ്ങളിലേക്കും വരാനിരിക്കുന്നതെങ്കില്‍ ബാങ്കിങ് മേഖലയില്‍ വന്‍ തട്ടിപ്പുകള്‍ പ്രതീക്ഷിക്കാം. ബ്രാഞ്ചുകള്‍ തുടരെ തുടരെ നിർത്തി, ഉപയോക്താക്കളെയെല്ലാം ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്ക് ഓടിച്ചു കയറ്റിയ ശേഷം അവരുടെ പൈസയ്ക്ക് വേണ്ട സുരക്ഷിതത്വം നല്‍കുന്നില്ല എന്നതാണ് ബാങ്കുകള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഗുരുതരമായ ആരോപണം. ഏതെങ്കിലും ബ്ലെയ്ഡ് ബാങ്കൊന്നുമല്ല ആരോപണത്തില്‍ പെട്ടിരിക്കുന്നത്- ഏറ്റവും വലിയ നാലു ബാങ്കുകളാണ് എന്നതാണ് ഏറ്റവുമധികം ഭീതിയുണര്‍ത്തുന്നത്. ബാര്‍ക്‌ലീസ്, എച്എസ്ബിസി, ലോയിഡ്‌സ്, ആര്‍ബിഎസ്-നാറ്റ്‌വെസ്റ്റ് എന്നീ വമ്പന്മാര്‍ക്കെതിരെയാണ് ആരോപണം. 

ഓണ്‍ലൈന്‍ ഇടപാടുകളില്‍ പരിചയക്കുറവുള്ളവരെയും പ്രായമായവരെയും തരിച്ചറിഞ്ഞാണ് പലപ്പോഴും തട്ടിപ്പുകാര്‍ പറ്റിച്ചിരിക്കുന്നതെങ്കിലും പറ്റിക്കപ്പെട്ടവരില്‍ ഡോക്ടര്‍മാരും അക്കൗണ്ടന്റുകളും വക്കീലന്മാരും മറ്റു പ്രൊഫഷണലുകളും ഉള്‍പ്പെടും. ഇവരില്‍ ചിലര്‍ക്കെങ്കിലും നഷ്ടമായിരിക്കുന്നത് ഒരു ജന്മത്തെ അധ്വാനമാണ്. ബ്രിട്ടനില്‍ 2017ല്‍ കാശു നഷ്ടപ്പെട്ടവരുടെ എണ്ണം 43,875 ആണ്. ഇത്രയും പേര്‍ക്ക് ശരാശരി നഷ്ടമായിരിക്കുന്ന തുക 2,784 പൗണ്ട് വീതമാണ്. 100,000 പൗണ്ട് വരെ നഷ്ടപ്പെട്ടവരുമുണ്ട്. തിരിച്ചു കിട്ടിയതാകട്ടെ 4 പൗണ്ടിന് 1 പൗണ്ട് മാത്രമാണ് എന്നതാണ് ഏറ്റവും ഭീകരമെന്നാണ് പറയുന്നത്. 

വാര്‍ധക്യത്തിലേക്കും മറ്റും ആവശ്യമായി വരുന്ന തുക തങ്ങള്‍ ജോലി ചെയ്തിരുന്ന കാലത്ത് അരിഷ്ടിച്ചു ചിലവാക്കി സമ്പാദിച്ചതാണ് എന്നതോര്‍ക്കുമ്പോഴാണ് പലര്‍ക്കും ദുഃഖം അണപൊട്ടുന്നത്. ബാങ്കുകളും ഉപയോക്താക്കളും തമ്മില്‍ ലോകമെമ്പാടും നിലവിലുള്ള എഴുതപ്പെടാത്ത ഉടമ്പടിയുണ്ടല്ലോ- ഞങ്ങള്‍, ഞങ്ങള്‍ക്കാകാവുന്ന വിധം സമ്പാദിക്കുന്ന പൈസ മുഴുവന്‍ ഞങ്ങള്‍ നിങ്ങളെ ഏല്‍പ്പിക്കും നിങ്ങള്‍ അത് സുരക്ഷിതമായി സൂക്ഷിക്കുമെന്നത്- ഇതാണ് കീറി നശിപ്പിക്കപ്പെട്ടിരിക്കുന്നത്. 'ഉപയോക്താക്കള്‍ വഞ്ചിതരായാല്‍ ഞങ്ങള്‍ എങ്ങനെ ഉത്തരവാദികാളാകും' എന്ന ബാങ്കുകളുടെ വാദം ധാര്‍മികമല്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം. ബാങ്കുകളെ പൂര്‍ണ്ണമായി വിശ്വസിച്ച് ഒരു ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ച ആളുകളുടെ പണം തട്ടിപ്പുകാര്‍ക്കു കടന്നുകയറാവുന്നതാണെങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിങ് സുരക്ഷിതമല്ല എന്നുതന്നെയല്ലെ അതിന്റെ അര്‍ഥമെന്നു ചോദിച്ചാല്‍ ബാങ്കുകള്‍ക്ക് ഒന്നും പറയാനില്ല എന്നതാണ് ലോകമെമ്പാടുമുള്ള നിക്ഷേപകരെ പേടിപ്പിക്കുന്ന കാര്യം. തങ്ങളുടെ ഉപയോക്താക്കളില്‍ അവര്‍ എത്ര കുറച്ചു പൈസ നിക്ഷേപിച്ചവരാണെങ്കിലും അവരെ, ചതിക്കുഴികളുണ്ടെങ്കില്‍, അവയെപ്പറ്റി ബോധമുള്ളവരാക്കുന്ന ബാധ്യത ബാങ്കുകള്‍ക്കു തന്നെയല്ലെ എന്നാണ് പലരും ചോദിക്കുന്ന ചോദ്യം.

ബ്രിട്ടിഷുകാര്‍ക്ക് കഴിഞ്ഞ പതിറ്റാണ്ട് തങ്ങളുടെ പ്രിയപ്പെട്ട ബാങ്കുകളുടെ ആര്‍ത്തിയും അസാന്മാര്‍ഗ്ഗികതയും  താന്തോന്നിത്തവും തെളിഞ്ഞ കാലഘട്ടമാണ്. 2008ലെ അവരുടെ സ്‌റ്റോക്മാര്‍ക്കറ്റ് പരീക്ഷണം പരാജയപ്പെട്ടതടക്കം പലതുണ്ട് നിക്ഷേപക മനസ്സിലെ ഉണങ്ങാത്ത മുറിവുകള്‍. അധ്വാനിച്ചു ജീവിക്കുന്ന കുടുംബങ്ങളെയാണ് പൊതുവെ ഇതു ബാധിച്ചിരിക്കുന്നതെന്നതും മറ്റൊരു ദുരന്തമാണ്. ഒരു ബാങ്കു പോലും നഷ്ടപ്പെട്ട പണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്നതും, ഒരു പക്ഷേ ഒരിക്കലും ഏറ്റെടുക്കില്ലെന്നതും അവരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയാണ്. എന്നാല്‍ തങ്ങളെ കാത്തിരിക്കുന്ന പുതിയ ചതിക്കുഴികാണ് ഇപ്പോള്‍ ബ്രിട്ടിഷുകാരെ ഭയപ്പെടുത്തുന്നത്. ഇതാകട്ടെ വന്‍വ്യാപ്തിയുള്ള ഒരു കുത്സനമായി അനുദിനം വളരുകയും ചെയ്യുന്നു.

പറ്റിക്കപ്പെടുന്ന രീതി

പലര്‍ക്കും അപ്രതീക്ഷിതമായി ലാന്‍ഡ്‌ലൈനില്‍ വരുന്ന ഒരു ഫോണ്‍കൊളിലൂടെയാണ് പറ്റിക്കല്‍ തുടങ്ങുന്നത്. മറ്റു ചിലര്‍ക്ക് മൊബൈല്‍ ഫോണിലേക്കു വരുന്ന ഒരു മെസേജ് ആയിരിക്കും വിനയാകുന്നത്. തട്ടിപ്പുകാര്‍ക്ക് പലപ്പോഴും തങ്ങളുടെ ബാങ്കിന്റെ നമ്പര്‍ 'സ്പൂഫ്' ചെയ്യാമെന്നതാണ്- ബാങ്കിന്റെ നമ്പറില്‍ നിന്നാണ് വിളിവരുന്നതെന്ന് തോന്നിപ്പിക്കാമെന്നതാണ് ഉപയോക്താക്കളെ തകര്‍ത്തത്. സ്ഥിരമായി ബാങ്ക് വിളിക്കുന്ന, അല്ലെങ്കില്‍ കോണ്ടാക്ടു ചെയ്യുന്ന നമ്പറില്‍നിന്നാണ് പാവം ഉപയോക്താക്കള്‍ക്ക് വിളിയെത്തുന്നത് എന്നതാണ് തട്ടിപ്പിനു വിശ്വസനീയത പകരുന്നത്. ഫോണ്‍ എടുക്കുമ്പോള്‍ വിളിച്ചവര്‍ പറയും തങ്ങള്‍ ബാങ്കിന്റെ തട്ടിപ്പു കണ്ടുപിടിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വിളിക്കുന്നതെന്ന്. ചിലപ്പോള്‍ അവര്‍ പൊലീസ് ആണെന്നു ഭാവിക്കും. മറ്റു ചില കേസുകളില്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണു വിളിക്കുന്നതെന്നും പറയും. 

'നിങ്ങളുടെ അക്കൗണ്ട് തട്ടിപ്പിനിരിയായിരിക്കുന്നു. അത്യാവശ്യമായി ചില സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തണം,' ഇതായിരിക്കും അവര്‍ പറയുന്നത്. ഞെട്ടലില്‍ നിന്ന് മുക്തനാകുന്നതിനു മുൻപ് അവര്‍ വേണ്ടതെല്ലാം ചോര്‍ത്തും. ഉപയോക്താവ് ബാങ്കിലേക്കു വിളിക്കുമ്പോള്‍ സാധാരണ കേള്‍ക്കുന്ന ശബ്ദങ്ങളൊക്കെ പശ്ചാത്തലത്തില്‍ കേള്‍പ്പിക്കുന്നും ഉണ്ടായിരിക്കും. ഇതില്‍നിന്നെല്ലാം മനസ്സിലാകുന്നത് തട്ടിപ്പുകാരില്‍ പലരും ഇതിനു മുൻപ് ബാങ്കില്‍ ജോലി ചെയ്തിട്ടുള്ളവരാണ് എന്നാണ്. പലര്‍ക്കും മുൻപ് ബാങ്ക് ഉപയോക്താവുമായി നടത്തിയിട്ടുള്ള കസ്റ്റമര്‍ സര്‍വീസ് വിളികളുടെ വിശാദംശങ്ങള്‍ പോലും കൈയ്യിലുണ്ട്. ഇതൊന്നും പോരെങ്കില്‍ തട്ടിപ്പുകാര്‍ അതിബുദ്ധിമാന്മാരുമാണ്. മനഃശാസ്ത്രപരമായ ചില നീക്കങ്ങള്‍ പോലും അവര്‍ നടത്തുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉദാഹരണത്തിന് പലരോടും പറഞ്ഞത് 'നിങ്ങളുടെ സമ്പാദ്യമെല്ലാം ഇപ്പോള്‍ അപഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്' (സത്യത്തില്‍ അതെ, അല്ലെ?) എന്നാണ്. 'ഞങ്ങളെ വേഗം സഹായിക്കണം.' വിവേചന ബുദ്ധിയും മറ്റും ഉണര്‍ന്നുവരാന്‍ പോലും സാധിക്കുന്നതിനു മുൻപു തന്നെ ഉപയോക്താക്കളെ ഞെട്ടിച്ച് അവരുടെ പൈസ കവരുന്ന രീതികളാണ് പൊതുവെ കാണുന്നത്. 

മറ്റു ചിലപ്പോള്‍ പറയുന്നത് നിങ്ങളുടെ സമ്പാദ്യം അപഹരിക്കപ്പെട്ടു. അതു തിരികെപ്പിടിക്കാന്‍ അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥനോടാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്നായിരിക്കും. അക്കൗണ്ടിനെ പറ്റിയുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഇപ്പോള്‍ തന്നാല്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കാമെന്ന രീതിയിലൊക്കെയാണ് സംസാരം. എക്‌സ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക് സൈക്കോളജിസ്റ്റായ പ്രൊഫെസറായ സ്റ്റീഫന്‍ ലിയ പറയുന്നത് തട്ടിപ്പുകാരന്‍ ഉപയോക്താവ് ഏതു തരത്തിലുള്ള ആളാണെന്നു മനസ്സിലാക്കാന്‍ കഴിവുള്ളയാളായിരിക്കും എന്നാണ്. പിന്നീടുള്ള അയാളുടെ നീക്കങ്ങള്‍ അതിനനുസരിച്ചായിരിക്കും. 

നാലായിരം പൗണ്ട് നഷ്ടപ്പെട്ട് കാതറിന്‍ ഡൗണിയുടെ (Catherine Downey) കാര്യമെടുക്കാം. മൂന്നു കുട്ടികളുടെ മാതാവും വിവാഹമോചിതയുമായ ഈ മധ്യവയ്കയുടെ പേരില്‍ നാലു വര്‍ഷം മുൻപ് ചിലര്‍ വ്യാജ അക്കൗണ്ടുകള്‍ തുറന്നിരുന്നു. അടുത്ത കാലത്ത് അവര്‍ക്ക് നാറ്റ്‌വെസ്റ്റ് ബാങ്കിലെ തട്ടിപ്പ് അന്വേഷിക്കുന്ന വിഭാഗത്തില്‍ നിന്ന് ഒരു വിളി വന്നു. അവരുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് സംശാസ്പദമായ കുറേ നീക്കങ്ങള്‍ കണ്ടുവെന്നു പറഞ്ഞ്. അവര്‍ക്ക് ആശ്വാസം തോന്നി. തട്ടിപ്പിന്റെ ഒരു ലാഞ്ചന പോലും തോന്നാനുള്ള കാരണം തട്ടിപ്പുകാര്‍ കൊടുത്തുമില്ല. നന്നായി സംസാരിക്കാന്‍ അറിയാവുന്ന ഒരു സ്ത്രീയാണ് കാതറിനെ വിളിച്ചത്. അക്കൗണ്ടുമായി ബന്ധപ്പെട്ട് കാതറിന്‍ അടുത്തകാലത്തു നടത്തിയ ചില ഇടപാടുകളുടെ വിശദാംശങ്ങള്‍ - ബാങ്കും ഉപയോക്താവും മാത്രം അറിഞ്ഞിരിക്കേണ്ടവ- അവരോടു പറഞ്ഞും കൊടുത്തപ്പോള്‍ അവര്‍ തട്ടിപ്പില്‍ വീണു. സുരക്ഷതമായ മറ്റൊരു അക്കൗണ്ടിലേക്കു തന്റെ പണം നീക്കാന്‍ അവര്‍ അനുവാദം കൊടുക്കുകയായിരുന്നു. അവരുടെ അക്കൗണ്ടില്‍ കിടന്ന 4,000 പൗണ്ട് അപ്പോഴെ അപ്രത്യക്ഷമായെന്ന് എടുത്തു പറയേണ്ടതില്ലല്ലൊ. കാതറിന്റെ പണം തങ്ങള്‍ക്കു തിരിച്ചു കൊടുക്കാനാവില്ലെന്ന് നാറ്റ്‌വെസ്റ്റ് പറഞ്ഞു.

കാതറിനെ പോലെ തങ്ങളുടെ തുക ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിയാവുന്നവരുടെ എണ്ണം ബ്രിട്ടനില്‍ അനുദിനം വര്‍ധിക്കുകയാണ്. ബ്രിട്ടനെ പിടികൂടിയിരിക്കുന്ന ബാങ്കിങ് തട്ടിപ്പു പകര്‍ച്ചവ്യാധി എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ ചങ്കു തകര്‍ന്നു ബാങ്കിലേക്കു വിളിക്കുന്ന പലര്‍ക്കുമുള്ള അനുഭവം കൂടെ കേള്‍ക്കു: ഫോണിന്റെ മറുതലയ്ക്കല്‍ പരാതി കേള്‍ക്കല്‍ കഴിഞ്ഞാല്‍ പ്രതികരണമില്ല. മണിക്കൂറുകള്‍ കാത്തിരുന്നാലും. തങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ച പൈസയുടെ കാര്യം പറയാനാണ് വിളിച്ചത് എന്നതൊന്നും ബാങ്കുകള്‍ക്കു കാര്യമുള്ള കാര്യമല്ല. ഉള്ളതു പറയണമല്ലൊ. ചിലര്‍ക്കു പ്രതികരണം കിട്ടിയിട്ടുണ്ട്. സാംപിള്‍- ക്ഷമിക്കണം! തട്ടിപ്പ് അന്വേഷിക്കുന്ന ടീം ഇന്നത്തെ പണി നിറുത്തി വീട്ടില്‍ പോയി!

ട്രെയ്‌സി ബെസ്റ്റ് എന്ന 42-കാരിക്കു നഷ്ടമായത് 1600 പൗണ്ടാണ്. പണം പോയതു കൂടാതെ, അവരുടെ അക്കൗണ്ടില്‍ ബാക്കിയുള്ള പണം പിന്‍വലിക്കാന്‍ ഒരാഴ്ചത്തേക്ക് അവരുടെ ബാങ്ക് അനുവദിച്ചില്ല എന്നുള്ളത് മറ്റൊരു തരം പ്രശ്‌നമാണ്. കുട്ടികള്‍ക്കു ഭക്ഷണം വാങ്ങാന്‍ പോലും സാധിക്കാതെ ഈ വീട്ടമ്മ വിഷമിച്ചു.

വമ്പന്‍ ബാങ്കുകള്‍ തട്ടിപ്പുകളുടെ ഉത്തരവാദത്വം ഏറ്റെടുക്കുക തന്നെ ചെയ്യണമെന്നാണ് പൊതുവെയുള്ള അഭിപ്രായം. ശാഖകള്‍ അടച്ചു പൂട്ടി പണമിടപാട് ഓണ്‍ലൈന്‍ മാത്രമാക്കുന്നതാണ് ആളുകളെ നിരാശരാക്കുന്നത്. ഒരിത്തേക്കും ഓടിച്ചെല്ലാനാകില്ല. വല്ലപ്പോഴുമെങ്കിലും തങ്ങളുടെ ബ്രാഞ്ചില്‍ പോയിരുന്നെങ്കില്‍ ഇത്തരം തട്ടിപ്പുകള്‍ ഒരുപക്ഷേ ഒഴിവാക്കാമായിരുന്നു എന്നാണ് ഒരു കൂട്ടം ഇരകള്‍ പറയുന്നത്. ബ്രിട്ടനിലെ ബാങ്കുകളുടെ ബ്രാഞ്ചു പൂട്ടല്‍ മഹാമഹത്തെ കുറിച്ചുള്ള വാര്‍ത്ത ഇവിടെ കണ്ടിരുന്നല്ലൊ. ബ്രാഞ്ചു പൂട്ടി പണി പോയവര്‍ പോലും പുതിയ തൊഴില്‍ കണ്ടെത്തിയെന്നാണ് തോന്നുന്നത്, അല്ലെ?

വേണ്ട നടപടികള്‍ സ്വീകരിക്കാതെ ക്യാഷ്‌ലെസ് ആകുന്ന രാജ്യങ്ങളെയൊക്കെ കാത്തിരിക്കുന്നത് ഇത്തരം ദുരന്തങ്ങളായിരിക്കും.