Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വീഡനിൽ 3,000 പേർ ജീവിക്കുന്നത് ചിപ്പിൽ; ചിപ്പ് വഴി പെൺകുട്ടികളും

microchip

എന്താണ് നിങ്ങളുടെ ഭാവിയെന്ന് ആലോചിച്ചിട്ടുണ്ടോ? 'ഭാവി പ്രവചന സിദ്ധിയൊന്നും എനിക്കില്ല,' എന്നു പറഞ്ഞൊഴിയാന്‍ എളുപ്പമാണ്. എന്നാല്‍ ഇന്നത്തെ നിലയില്‍ ശാസ്ത്രം പുരോഗമിക്കുകയാണെങ്കില്‍ എന്തായിരിക്കും നമ്മളടങ്ങുന്ന മനുഷ്യരുടെ ഭാവിയെന്ന് ചില പ്രവചനങ്ങള്‍ നടന്നിട്ടുണ്ട്. അവ സയന്‍സ് ഫിക്‌ഷനാണെന്നു പറഞ്ഞ് തള്ളിക്കളയാം. പക്ഷേ, എന്താണ് അതെന്ന് ഒരോരുത്തരും അറിഞ്ഞിരിക്കണം. അതോടൊപ്പം ലോകത്ത് ആദ്യമായി അവരുടെ ശരീരത്തില്‍ സവിശേഷമയ ഒരു പരീക്ഷണം നടത്തി ജീവിക്കുന്നവരെക്കുറിച്ച് അറിയുകയും ചെയ്യാം. അത്തരം ഒരു ജീവിതമാണത്രെ മനുഷ്യരെ കാത്തിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമസ്ത മേഖലയിലും വാഴുന്ന നാളുകളാണ് വരുന്നതെന്നാണ് വിലയിരുത്തല്‍. ആണവ യുദ്ധം പോലെയുള്ള വിനാശകരമായ കാര്യങ്ങള്‍ സംഭവിച്ച്, ഭൂമി സര്‍വ്വനാശത്തിലേക്കു വീഴുന്നില്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരുടെ മേല്‍ പിടിമുറുക്കും. അത്തരം ഒരു കാലത്ത് വെറും മനുഷ്യരേക്കാള്‍ പതിന്മടങ്ങ് പ്രൊസസിങ് ശേഷിയുള്ള യന്ത്രങ്ങളോട് എതിരിടണമെങ്കില്‍ മനുഷ്യരും ഭാഗിഗമായെങ്കിലും യന്ത്രങ്ങളാകണം എന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്. 

അതായത് മനുഷ്യര്‍ ചിപ്പു ധരിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഇതൊക്കെ സംഭവിക്കുകയാണെങ്കില്‍ തന്നെ എത്രയോ പതിറ്റാണ്ടു കഴിഞ്ഞു വരാവുന്ന കാര്യമാണ് എന്നായിരിക്കും ഇപ്പോള്‍ പലരും ചിന്തിക്കുക. പക്ഷേ, ചില വിലയിരുത്തലുകള്‍ പറയുന്നത് സ്മാര്‍ട് ഫോണാന്തര ജീവിതം തന്നെ ചിപ്പ് ധാരികളുടേതാകുമെന്നാണ്. അതായത് സമീപ ഭാവിയില്‍ തന്നെ അത്തരം ഒരു ജീവിതം വരാം. എന്നാല്‍, ഇപ്പോഴേ ചിപ്പു ധരിച്ചു ജീവിക്കുന്ന മനുഷ്യരുണ്ടോ? ഉണ്ട്. സ്വീഡനില്‍. ഏതാനും വര്‍ഷം മുൻപ് ഏകദേശം 150 ആളുകളാണ് ഇങ്ങനെ ജീവിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ അത്തരം ആളുകളുടെ സംഖ്യ 3,000 ആയിരിക്കുന്നു. ഇതിൽ പകുതി പേരും പെൺകുട്ടികളാണ്. അതും വൻകിട കമ്പനികളിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും.

ഒരു പക്ഷേ, ഇന്നു ജീവിച്ചിരിക്കുന്ന നമ്മളില്‍ പലരും ചിപ്പു ധാരികളായി തീര്‍ന്നേക്കാമെന്നതു കൊണ്ട് ഈ സ്വീഡന്‍കാരുടെ വിശേഷങ്ങള്‍ അറിയാന്‍ ശ്രമിക്കാം, അല്ലെ? എന്നാല്‍, അതിനു മുൻപ് ഒരു കാര്യം കൂടെ പറയട്ടെ. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഒരു ആംഗല സിനിമയുണ്ട്. ദി സര്‍ക്കിള്‍ (The Circle). ചിപ്പു ധരിക്കേണ്ടി വന്ന ഒരു യുവതിയുടെ കഥയാണ് ഇതില്‍ പറയുന്നത്. കണ്ടിട്ടില്ലാത്തവര്‍ കാണാന്‍ ശ്രമിക്കുമല്ലൊ. എമ വാട്‌സണും ടോം ഹാങ്ക്‌സുമുള്‍പ്പടെയുള്ള താരനിരയുള്ള ഈ സിനിമയെ പാതിവെന്ത ഒന്നായി കാണാനാണ് ഈ ലേഖകന് ഇഷ്ടം. ചിപ്പ് ധരിക്കലിനെ വളരെ നിഷേധാത്മകമായ ഒന്നായി ആണ് ഈ സിനിമ സമീപിക്കുന്നത്. ചിപ്പു ധരിക്കല്‍ സ്വകാര്യതയെ ഹനിക്കുമെന്ന സന്ദേശമാണ് നല്‍കുന്നത്. പക്ഷേ, സ്വകാര്യതയെ ഹനിക്കുമെങ്കിലും മനുഷ്യര്‍ക്ക് ചില 'അമാനുഷിക' കഴിവുകളും ചിപ്പുകള്‍ നല്‍കുമെന്ന കാര്യം സിനിമ നിര്‍മിച്ചവര്‍ പരിഗണിച്ചില്ല എന്ന പരാതിയാണ് അതേക്കുറിച്ചുള്ളത്. എന്തായാലും ചിപ്പ് ധരിക്കുമ്പോള്‍ വരുന്ന പരിമിതികള്‍ ഈ സിനിമ കാണിക്കുന്നുണ്ടെന്നതു കൊണ്ട് നാളത്തെ ലോകത്തെ കുറിച്ചു ചിന്തിക്കുന്നവര്‍ കാണുന്നതാണ് ഉചിതം.

സ്വീഡനിലെ ഇപ്പോഴത്തെ ചിപ്പ് ധാരികളിലേക്കു വരാം. പല സ്വീഡിഷ് കമ്പനികളും അവരുടെ ജോലിക്കാരുടെ ത്വക്കിനടിയില്‍ ചിപ്പുകള്‍ ഉറപ്പിക്കുന്നതില്‍ തത്പരരാണ്. ഇതിലൂടെ, അവര്‍ക്ക് ഓഫിസുകളില്‍ താക്കോലുകള്‍ വേണ്ടാതാക്കാം. അവര്‍ എത്തുമ്പോള്‍ വാതിലുകള്‍ തനിയെ തുറക്കും. ക്രെഡിറ്റ് കാര്‍ഡുകളോ, ട്രെയിൻ ടിക്കറ്റുകളോ വേണ്ട. അങ്ങനെ പല സേവനങ്ങളും ചിപ്പുകളുമായി ബന്ധിച്ചു ചെയ്യാം. ഇവര്‍ ത്വക്കിനടിയില്‍ നിക്ഷേപിക്കുന്ന ചിപ്പുകള്‍ക്ക് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (NFC) കഴിവാണുള്ളത്. ഇത് ആക്ടിവേറ്റു ചെയ്യുമ്പോള്‍, കോണ്‍ടാക്ട്‌ലെസ് പെയ്‌മെന്റ് സിസ്റ്റത്തില്‍ അല്ലെങ്കില്‍ മൊബൈല്‍ പെയ്‌മെന്റില്‍ നടക്കുന്നതു പോലെ, ചെറിയ അളവില്‍ ഇലക്ട്രോമാഗ്‌നെറ്റിക് തരംഗങ്ങളായി ഡേറ്റ കൈമാറ്റം ചെയ്യപ്പെടുന്നു. ഈ ചിപ്പുകള്‍ പാസീവ് ആണ്. 

എന്നുപറഞ്ഞാല്‍ ചിപ്പുകളിലുള്ള ഡേറ്റ മറ്റ് ഉപകരണങ്ങള്‍ക്കു വായിക്കാമെങ്കിലും ഇവയ്ക്ക് മറ്റുപകരണങ്ങളിലെ ഡേറ്റ വായിക്കാനാവില്ല. എന്നാല്‍ വളരെ വികസന സാധ്യതയുള്ളതാണ് ഈ സാങ്കേതികവിദ്യ. ഓണ്‍ലൈന്‍ വില്‍പ്പന ശാലകള്‍ തങ്ങളുടെ ഡെലിവറി സ്റ്റാഫ് ഇത്തരം ചിപ്പുകള്‍ ഉപയോഗിക്കണമെന്നു പറയുന്ന കാലം, ഒരു പക്ഷേ, അത്ര അകലെയല്ല. മറ്റു കമ്പനികളും ഇത്തരം ചിപ്പുകള്‍ നിര്‍ബന്ധമാക്കിയേക്കാം. 

ഇപ്പോഴത്തെ ചിപ്പു ധാരികളില്‍ പലര്‍ക്കും അതിലെ പുതുമയാണ് പ്രധാന ആകര്‍ഷണീയത. ചിപ്പു വച്ച സ്വീഡനലെ ജീവനക്കാര്‍ക്ക് ഹാജര്‍ വയ്ക്കാനും, ഭക്ഷണത്തിനു പണമടയ്ക്കാനുമൊക്കെ ഈ ചിപ്പുകള്‍ ഉപയോഗിക്കാനാകുന്നു. ജീവനക്കാരില്‍ പലരും ഇത് ഭാവിയുടെ സാങ്കേതികവിദ്യയായാണ് കാണുന്നത്. എന്നാല്‍ ഇതെല്ലാം ഒരാളുടെ സ്വകാര്യതിയിലേക്കുള്ള കടന്നു കയറ്റമായകാം, ദി സര്‍ക്കിളില്‍ കണ്ടതുപോലെ. സ്വകാര്യതയെക്കുറിച്ച് ബോധമുള്ള മറ്റു രാജ്യക്കാരെ പോലെയല്ലാതെ സ്വീഡിഷ് ജനത അവരുടെ സ്വകാര്യത പങ്കുവയ്ക്കാന്‍ മടിക്കുന്നില്ലെന്നാണ് കാണുന്നത്. ഇത്തരത്തിലുള്ള മൈക്രോ ചിപ്പുകളുടെ നിര്‍മാണത്തിനായി അവരില്‍ പലരും വ്യക്തിഗത ഡേറ്റ നല്‍കിയിട്ടുണ്ട്. സ്വീഡനിലെ ഏതു ജോലിക്കാരന്റെയും ശമ്പളം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കു വിളിച്ചു ചോദിച്ചാലും അറിയാമത്രെ. സ്വീഡനിലെ ദേശീയ റെയിൽ‌വെ കമ്പനിയില്‍ 130 പേര്‍ മൈക്രോ ചിപ്പുകളിലൂടെ ടിക്കറ്റുകള്‍ റിസേര്‍വ് ചെയ്യുന്നു. എപ്പിസെന്റര്‍ എന്ന കമ്പനിയും മറ്റു ചിലരുമാണ് പ്രധാനമായും ചിപ്പ് നിക്ഷേപിക്കുന്നതിനായി മുന്നോട്ടു വന്നിരിക്കുന്നത്.

ഒരു അരിമണിയുടെ വലിപ്പമുള്ള ചിപ്പുകളാണ് വിരലിനുള്ളിലല്‍ നിക്ഷേപിക്കുന്നത്. ഇങ്ങനെ ചിപ്പു സ്വീകരിക്കുന്നവര്‍ക്ക് കൈ വീശലിലൂടെ വാതിലുകള്‍ തുറക്കാം, പ്രിന്ററുകള്‍ പ്രവര്‍ത്തിപ്പിക്കാം, ഭക്ഷണം വാങ്ങാം, ക്രെഡിറ്റ് കാര്‍ഡും മറ്റും ഉരയ്ക്കുന്നതിനു പകരം ഉപയോഗിക്കാം. എന്നാല്‍ നൈതികമായ ഒരുപറ്റം പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടാമെന്നാണ് ചില സാങ്കേതികവിദ്യാ വിദഗ്ധര്‍ വിശ്വസിക്കുന്നത്. ചിപ്പുകള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും അവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്നാണ് അവര്‍ വാദിക്കുന്നത്. ജോലിക്കാര്‍ എത്ര തവണ പണിക്കു വരുന്നുവെന്നും എപ്പോഴൊക്കെ ഓഫീസിനു വെളിയില്‍ ഇറങ്ങുന്നുവെന്നും എന്തൊക്കെ വാങ്ങുന്നുവെന്നുമൊക്കെ ഓഫീസ് ഉടമകള്‍ക്ക് അറിയാം. മറ്റൊരു പ്രശ്‌നം സ്മാര്‍ട് ഫോണുകളും ക്രെഡിറ്റ് കാര്‍ഡും മാറ്റിവയ്ക്കാവുന്നതുപോലെ ചിപ്പുകള്‍ നീക്കം ചെയ്യാനാവില്ല. 

ഈ ചിപ്പ് സിസ്റ്റം മറ്റു രാജ്യങ്ങളിലേക്കും വരാനും മറ്റു പല കമ്പനികളും ഉപയോഗപ്പെടുത്താനുമുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇത്തരം ചിപ്പുകളെപ്പോലെ പരിമിത ശേഷിയുമായിട്ടായിരിക്കില്ല ഭാവിയിലെ ചിപ്പുകള്‍ എത്തുക എന്നാണ് പറയുന്നത്. ചിപ്പ്ബന്ധിത ജീവിതത്തില്‍ ആളുകള്‍ക്ക് ഒന്നും ഒളിച്ചു വയ്ക്കാന്‍ ഉണ്ടാവില്ല. 2013ല്‍ ഗൂഗിളിന്റെ അന്നത്തെ പ്രധാനികളില്‍ ഒരാളായിരുന്ന എറിക് സ്മിഡ്റ്റ് നടത്തിയ ഒരു പ്രസംഗത്തില്‍ പറഞ്ഞതും ഓര്‍ക്കുന്നു. നാളെ ഒരാളെ ഹാര്‍ട്ട് അറ്റാക്ക് വന്ന ശേഷം ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം, 'നിങ്ങള്‍ക്ക് ഹൃദയാഘാതം വരാന്‍ പോകുന്നു, എത്രയും വേഗം ആശുപത്രിയിലെത്തുക' എന്ന് ഡോക്ടര്‍ രോഗിയെ വിളിച്ചു പറയുന്ന കാലം വരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ സാങ്കേതികവിദ്യ ബന്ധിതമായ ഒരു ഭാവിയാണ് ഇന്നു ജീവിച്ചിരിക്കുന്ന ചെറുപ്പക്കാരെയെങ്കിലും കാത്തിരിക്കുന്നതെന്നു വേണം കരുതാന്‍. എന്നാല്‍ ഇതൊന്നും പൂര്‍ണ്ണമായും ശുഭസൂചകമല്ല. ഏതു ടെക്‌നോളജിയും ഹാക്കു ചെയ്യപ്പെടാം. അതിശക്തമായ ചിപ്പുകളുമായി ജീവിക്കേണ്ടി വരുന്നവരെ പൂര്‍ണ്ണമായും വരുതിയില്‍ നിറുത്താനും സാങ്കേതിക വിദ്യയ്ക്കായേക്കാം. പക്ഷേ, അതെല്ലാം ഇപ്പോള്‍ സയന്‍സ് ഫിക‌്ഷനു വിടാം. ഇപ്പോള്‍, ചിപ്പ് ബന്ധിത ജീവിതം നമ്മളില്‍ ചിലരെങ്കിലും വരും പതിറ്റാണ്ടുകളില്‍ അനുഭവിക്കാന്‍ പോകുന്നുവെന്നു മാത്രം പറയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.