Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപിച്ചിട്ട് ഊബര്‍ വിളിച്ചാല്‍ എങ്ങനെ കൂടുതൽ കാശ് വാങ്ങും?

Drunk-girl-attacked-Uber മദ്യപിച്ച യുവതി ഊബർ ഡ്രൈവറെ ആക്രമിക്കുന്നു (ഫയൽ ചിത്രം)

നിങ്ങള്‍ മദ്യപിച്ചിട്ടു ഊബര്‍ വിളിച്ചാല്‍ കൂടുതല്‍ പണം ചോദിച്ചേക്കാവുന്ന കാലമാണത്രെ വരുന്നത്. മറ്റുള്ളവരുടെ കൂടെ, യാത്രക്കൂലി പങ്കുവച്ചുള്ള യാത്രകള്‍ക്കു നിങ്ങളെ പരിഗണിക്കുകയും ഇല്ല. ഇതൊക്കെ എങ്ങനെ സാധിക്കുമെന്നു ചോദിച്ചാല്‍, ഊബര്‍ ഫയല്‍ ചെയ്തിരിക്കുന്ന പുതിയ പേറ്റന്റ് ആപ്ലിക്കേഷനില്‍ ഇതിനെല്ലാമുള്ള സാധ്യതകളാണ് കാണുന്നത്. എന്നാല്‍, ഊബര്‍ ഡ്രൈവര്‍മാരെല്ലാം നല്ലവരല്ല എന്നതുകൊണ്ട് ഇത്തരം മുന്നറിവ് അത്തരക്കാര്‍ ചൂഷണം ചെയ്യില്ലേ എന്ന ഭീതിയും പടരുന്നുണ്ട്.

ഊബര്‍ സര്‍വീസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ആപ്പിനുള്ള പേറ്റന്റ് സമര്‍പ്പിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉപയോക്താവിന്റെ പ്രവൃത്തികള്‍ വിശകലനം ചെയ്താണ് ആ വക്യക്തിയുടെ മാനസികനില അറിയാന്‍ ശ്രമിക്കുന്നത്. ആപ്പ് ആദ്യം ഉപയോക്താവിന്റെ സാധാരണഗതിയിലുള്ള പെരുമാറ്റം പഠിക്കും. അതിനുശേഷം ഊബര്‍ കൊണ്ടുവരാന്‍ പോകുന്ന പുതിയ അല്‍ഗോരിതം അയാളുടെ പെരുമാറ്റ രീതി ഓരോ തവണയും വിശകലനവിധേയമാക്കും. 

പലതരം കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും ആപ്പ് ഉപയോക്താവിന്റെ മാനസികനില കണ്ടെത്തുന്നത്. ടൈപ്പിങ്ങില്‍ വരുത്തുന്ന തെറ്റുകള്‍, ലിങ്കുകളിലും ബട്ടണുകളിലും എത്ര കൃത്യതയോടെയാണ് ക്ലിക്കു ചെയ്യുന്നത്, എത്ര വേഗത്തിലാണ് നടപ്പ്, ഒരു വണ്ടി ബുക്കു ചെയ്യാന്‍ എത്ര സമയമെടുത്തു, ഏതു സമയത്താണ് വിളിച്ചിരിക്കുന്നത്, ഏതു സ്ഥലത്തുനിന്നാണ് വിളി വന്നിരിക്കുന്നത് ഇങ്ങനെയെല്ലാമുള്ള നിരവധി കാര്യങ്ങള്‍ പിരഗണിച്ചാണ് വണ്ടിവിളിക്കുന്നയാളിന്റെ മനോനില മനസ്സിലക്കുന്നത്.

ഉദാഹരണത്തിന് രാത്രി 12 മണിക്ക് ഒരു ബാറിന്റെയടുത്തു നിന്നു വണ്ടി ബുക്കു ചെയ്യുന്നയാളുടെ കാര്യമെടുത്താല്‍ മനസ്സിലാകും. ഊബറിനെ സംബന്ധിച്ച് ഇത്തരക്കാരെ ഷെയേഡ് ടാക്‌സികളില്‍ കയറ്റാതിരിക്കാനും ഒരു പക്ഷേ കൂടുതല്‍ കാശുവാങ്ങാനും പുതിയ രീതി ഉപകരിച്ചേക്കും. ഇതോടെ ഊബറിന്റെ ടേംസ് ആന്‍ഡ് കണ്ടിഷന്‍സും മാറിയേക്കാമത്രെ. ഒരു സ്ഥലത്തുനിന്ന് നിശ്ചിത ദൂരം പോകുന്നതിന് മദ്യപന് അവര്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കിയേക്കാം. പുതിയ രീതി വന്നു കഴിഞ്ഞാല്‍ ഡ്രൈവര്‍മാര്‍ക്ക് ഇന്ന സ്ഥലത്ത് ഒരു കുടിയന്‍ കാത്തിരിക്കുന്നതായി മുന്നറിയിപ്പും ലഭിക്കും. 

ഒരിടത്തു നില്‍ക്കുന്ന യാത്രക്കാരന്‍ മദ്യപിച്ചിട്ടുണ്ട് എന്നതിനെപ്പറ്റി, അതോടൊപ്പം, ഇത്തരക്കാരെ കൊണ്ടുപോകാന്‍ അതിനു കഴിവുള്ള ഡ്രൈവര്‍മാരെ കണ്ടെത്താനും ഊബറിനു സാധിക്കും. അല്ലെങ്കില്‍ കുടിയന്മാരെ കൊണ്ടുപോകാനായി കുറച്ചു ഡ്രൈവര്‍മാര്‍ക്കു ക്ലാസുകള്‍ കൊടുത്തു സജ്ജരാക്കുകയും ചെയ്യാം. ഒരു പക്ഷേ, ഡ്രൈവര്‍മാര്‍ക്കും കുടിയന്മാരെ കൊണ്ടുപോകുമ്പോള്‍ അല്‍പ്പം കൂടുതല്‍ കാശു കിട്ടിയേക്കാം! കുടിയന്മാര്‍ ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് പ്രശ്‌നം സൃഷ്ടിക്കാറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍, എല്ലാ ഊബര്‍ ഡ്രൈവര്‍മാരും നല്ലവരും അല്ല. ഇത്തരം അറിവ് മുൻപെ പകരുന്നത് അവര്‍ ദുരുപയോഗം ചെയ്യുമോ എന്ന സംശയവും പലരും പ്രകടിപ്പിച്ചു കഴിഞ്ഞു. അമേരിക്കയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 103 ഊബര്‍ ഡ്രൈവര്‍മാര്‍ തങ്ങളുടെ യാത്രക്കാരെ ലൈംഗികമായി ഉപദ്രവിച്ച കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പലതിലും ഇരകള്‍ മദ്യപിച്ച ശേഷം വണ്ടിയില്‍ കയറിയവരാണെന്നതും പരിഗണിക്കണം എന്നാണ് ഊബറിന്റെ നീക്കത്തിനെതിരെ സംസാരിച്ചവര്‍ പറഞ്ഞത്. ഊബറിന്റെ ട്രസ്റ്റ് ആന്‍ഡ് സെയ്ഫ്റ്റി ടീമിലെ മുന്‍ അംഗങ്ങളാണ് ആപ്പ് തയാറാക്കുന്നത്. ഊബര്‍ പുതിയ ആപ്പിനെക്കുറിച്ചു പ്രതികരിക്കാന്‍ വിസമ്മതിച്ചു.