Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിളിന്റെ ഡിസൈൻ മോഷ്ടിച്ച സാംസങ് കുടുങ്ങി

galaxy-s9

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട് ഫോണ്‍ നിര്‍മാതാവയ ആപ്പിളിനു വളരെ ആശ്വാസം നല്‍കുന്ന ഒരു വിധിയാണ് ദിവസങ്ങൾക്ക് മുൻപ് അമേരിക്കന്‍ കോടതി പ്രഖ്യാപിച്ചത്. മുഖ്യ എതിരാളികളായ സാംസങ്ങിനോട് ആപ്പിളിന്റെ പേറ്റന്റിലേക്കു നടത്തിയ കടന്നുകയറ്റത്തില്‍ 539 മില്ല്യന്‍ ഡോളർ ( ഏകദേശം 3639 കോടി രൂപ) പിഴ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 2012ല്‍ നല്‍കിയ കേസിലാണ് ഈ വിധി. 1 ബില്ല്യന്‍ ഡോളറായിരുന്നു ആപ്പിള്‍ ചോദിച്ചിരുന്നത്. ഐഫോണുകളുടെ വളഞ്ഞ അരികുകള്‍ (rounded corners) സ്‌ക്രീനിനു മുന്നിലുള്ള റിം, ഐക്കണുകളുടെ ഗ്രിഡ്, രണ്ടു യൂട്ടിലിറ്റി പേറ്റന്റുകള്‍ എന്നിവ കോപ്പിയടിച്ചതിനാണ് സാംസങ്ങിനു പിഴയിട്ടിരിക്കുന്നത്. പുതിയ വിധി ഒരു കമ്പനി കൊണ്ടുവരുന്ന ഡിസൈന്‍ മാറ്റങ്ങളും മറ്റും തങ്ങള്‍ക്കും വെറുതെയെടുത്ത് ഉപയോഗിക്കാമെന്ന ചിന്തയില്‍ നിന്ന് മറ്റു കമ്പനികളെ വ്യതിചലിപ്പിച്ചേക്കാം. എന്നാല്‍, 2012ല്‍ കൊടുത്ത കേസിന് 2018ലാണ് വിധി വന്നതെന്നത് കോപ്പിയടി കമ്പനികള്‍ക്ക് ആശ്വാസമായിരിക്കും.

ചിലപ്പോള്‍ ഈ വിധി ചരിത്ര പ്രധാനമായിരിക്കാമെന്നാണ് ചിലര്‍ നിരീക്ഷിക്കുന്നത്. മുന്നോട്ടുള്ള കാലത്ത് ഒരു കമ്പനി പാടുപെട്ടു വരുത്തുന്ന മാറ്റങ്ങള്‍ അതേപടി എടുത്തു വച്ചു സാമര്‍ഥ്യം കാണിക്കുന്ന കമ്പനികള്‍ക്ക് ഇതൊരു തിരിച്ചടിയായിരിക്കാം. എന്നാല്‍ എല്ലാ കമ്പനികളും ഫയല്‍ ചെയ്യുന്ന ഡിസൈന്‍ പേറ്റന്റുകള്‍ക്ക് ഇത്ര പ്രാധാന്യം കിട്ടണമെന്നില്ല. ആപ്പിളും സാംസങും തമ്മിലുള്ള പേറ്റന്റ് നിയമ യുദ്ധം 2010ല്‍ ഗ്യാലക്‌സി ഫോണുകള്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ തുടങ്ങിയതാണ്. ഐഫോണിന്റെ ഡിസൈന്‍ സാംസങ് കോപ്പിയടിച്ചതില്‍ തനിക്കുള്ള ആശങ്ക മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് കോടതിയില്‍ പറഞ്ഞിട്ടുണ്ട്. 

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് ഓടുന്ന ഫോണുകള്‍ ഐഒഎസിന്റെ കോപ്പിയടിയാണെന്നു തെളിയിക്കാന്‍ ഒരു തെര്‍മോന്യൂക്ലിയര്‍ (thermonuclear) യുദ്ധം തന്നെ അഴിച്ചുവിടുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍, അദ്ധേഹം 2011 ഒക്ടോബര്‍ 5ന് വിടപറഞ്ഞു. ജോബ്‌സിനെ പോലെയൊരു കരുത്തനും ധാര്‍മികതയുള്ളയാളുമായ ടെക് വിദഗ്ധന്റെ അഭാവം പില്‍ക്കാലത്ത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തില്‍ അടക്കം നിഴലിച്ചു കിടക്കുന്നതു കാണാം. ആപ്പിളിന്റെ നിയമ വിദഗ്ധയായ നോറീന്‍ ക്രാള്‍ (Noreen Krall) ജോബ്‌സിന്റെ ആഗ്രഹം നടത്തുന്നതിനായി ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നു. ഇപ്പോഴത്തെ കോടതി വിധി വന്നപ്പോഴും അവര്‍ കോടതിയില്‍ സന്നിഹിതയായിരുന്നു.

സാംസങ് വിധി നടപ്പാക്കാന്‍ ഇറങ്ങിത്തിരിക്കുകയായിരിക്കില്ല ചെയ്യുക. മറിച്ച് ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കുകയായിരിക്കുമെന്നും കേള്‍ക്കുന്നു. ഈ വിധി മറ്റു കമ്പനികളുടെ സര്‍ഗ്ഗാത്മകതയ്ക്കും അവര്‍ക്ക് ആപ്പിള്‍ പോലെയുള്ള കമ്പനികളോട് ഏറ്റുമുട്ടാനുള്ള കഴിവിനും ഏറ്റ അടിയാണെന്നും പറയുന്നു. സാംസങ് നേരത്തെയും ആപ്പിളിനു പിഴ കെട്ടിയിട്ടുണ്ട്. 548 മില്ല്യന്‍ ഡോളറാണ് മുൻപ് പിഴയടച്ചിരിക്കുന്നത്.

ഈ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെങ്കിലും ആപ്പിള്‍ വളരെ കാലമായി പറയുന്നത് ധാര്‍മികതയുടെ പല തത്വങ്ങളും തൃണവല്‍ക്കരിച്ചാണ് തങ്ങളുടെ പല എതിരാളികളുടെയും നീക്കമെന്നാണ്. മൂല്യങ്ങള്‍ക്കു വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നാണ് കമ്പനിയുടെ നിലപാട്. തങ്ങള്‍ നിയമ പോരാട്ടത്തിന് വൈമനസ്യത്തോടെയാണ് ഇറങ്ങിയതെന്നും അതാകട്ടെ സാംസങിനോട് കോപ്പിയടി നിറുത്താന്‍ പല തവണ പറഞ്ഞിട്ടും കേള്‍ക്കാത്തതു കൊണ്ടാണെന്നും ഇപ്പോഴത്തെ ആപ്പിള്‍ മേധാവി ടിം കുക്ക് പറഞ്ഞിരുന്നു. ആന്‍ഡ്രോയിഡിനെതിരെയുള്ള യുദ്ധം സ്റ്റീവ് ജാബ്‌സിന്റെ അഭാവത്തില്‍ കെട്ടടങ്ങാനെ വഴിയുള്ളു.