Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനങ്ങളെ കാത്തിരിക്കുന്നത് വന്‍ ദുരന്തമോ? എല്ലാം ഒരുനിമിഷം തീരും

plane

സൈബര്‍ ഭീകരര്‍ക്ക് എപ്പോള്‍ വേണമെങ്കിലും യാത്രാവിമാനങ്ങളെ ഹാക്ക് ചെയ്ത് തട്ടിക്കൊണ്ടു പോകുകയോ തകര്‍ക്കുകയോ ചെയ്യാമെന്ന് അമേരിക്കന്‍ ഭരണക്കൂടം കണക്കുകൂട്ടുന്നതായി റിപ്പോർട്ട്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഗവേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ പ്രകാരം കൊമേര്‍ഷ്യല്‍ ഫ്‌ളൈറ്റുകളില്‍ ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്ന സിസ്റ്റങ്ങളില്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കയറി വിളയാടാവുന്നതേയുള്ളുവത്രെ. മദര്‍ബോര്‍ഡ് എന്ന വെബ്‌സൈറ്റാണ് ഗവണ്‍മെന്റിന്റെ ഈ രേഖകള്‍ പുറത്തു വിട്ടത്.

2016ല്‍ ഒരുകൂട്ടം സുരാക്ഷാ വിദഗ്ധര്‍ റിമോട്ടായി ബോയിങ് 757 വിമാനം പൈലറ്റ് അറിയാതെ ഹാക്ക് ചെയ്തു നടത്തിയ പരീക്ഷണങ്ങളുടെ തുടര്‍ച്ചയാണ് ഈ കണ്ടെത്തലുകള്‍. കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷണത്തില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സൈബര്‍ അന്വേഷകന്‍ റോബര്‍ട്ട് ഹിക്കിയാണ്‍, ഒരു പാസഞ്ചര്‍ ജെറ്റ് ന്യൂ ജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റി എയര്‍പോര്‍ട്ട് റണ്‍വേയില്‍ നിന്ന് പരീക്ഷണാര്‍ഥം നിയന്ത്രണം ഏറ്റെടുത്തിരുന്നു. 2017 ലാണ് ഹിക്കി ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 

2016 സെപ്റ്റംബര്‍ 19-ാം തീയതിയാണ് അവർക്ക് ആ വിമാനം ലഭിച്ചത്. രണ്ടു ദിവസം കൊണ്ട് തനിക്ക് ഒരു റിമോട്ടായി അതിലേക്കു കടന്നുകയറാന്‍ സാധിച്ചെന്നും ഹിക്കി പറഞ്ഞു. എന്നു പറഞ്ഞാല്‍, സാധാരണ രീതികള്‍ കൊണ്ടു തന്നെ വിമാനത്തിന്റെ സുരക്ഷാവലയം തനിക്കും കൂട്ടുകാര്‍ക്കും ഭേദിക്കാനായി എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. റേഡിയോ ഫ്രീക്വന്‍സി കമ്യൂണിക്കേഷന്‍ ഉപയോഗിച്ചാണ് താന്‍ കടന്നു കയറിയതെന്നാണ് അദ്ദേഹം പറയുന്നത്. ഇതെല്ലാം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ (DHS) അറവോടെയും സമ്മതത്തോടെയുമാണ് ചെയ്തത്. യാത്രാ വിമനാങ്ങളിലേക്കു കടന്നു കയറാന്‍ ഇതിനു മുൻപും ശ്രമങ്ങളുണ്ടായിട്ടുണ്ട്.

വിമാനങ്ങളില്‍ ഹാക്ക് ചെയ്തു സൃഷ്ടിക്കാവുന്ന ദുരന്ത സാധ്യത വളരെ കൂടുതലാണ്. ഏതു സമയത്തും അതു സംഭവിക്കാമെന്നാണ് നിഗമനം. ഗവേഷകരുടെ കണ്ടെത്തല്‍ പ്രകാരം യാത്രാ വിമാനങ്ങളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സൈബര്‍ സെക്യൂരിറ്റി, ഹാക്കര്‍മാരെ അകറ്റി നിറുത്താൻ കെല്‍പ്പുള്ളതല്ലെന്നാണ്. പകരം യാത്രാ വിമാനങ്ങള്‍ ഒരു പരസ്പര വിശ്വാസത്തിന്റെ പുറത്ത് അങ്ങു പറത്തുകയാണ് ചെയ്യുന്നത്. മിക്കവാറും മിക്ക യാത്രാ വിമാനത്തിനും കാലോചിതമായ ഒരു സുരക്ഷാ സംവിധാനവും ഇല്ലെന്നാണ് ഡിഎച്എസിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

എന്നാല്‍, റിപ്പോര്‍ട്ട് തുടര്‍ന്നു പറയുന്നത്, തങ്ങള്‍ ഇക്കാര്യം ഗൗരവമായി എടുക്കുകയും ഗവേഷകരെയും വിമാന നിര്‍മാണ കമ്പനികളെയും ഒരുമിപ്പിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യുമെന്നാണ്. ഇത്തരം ഭീഷണകളെ നേരിടാന്‍ ഇനി വിമാനക്കമ്പനികള്‍ ധാരാളം മുതല്‍ മുടക്കും. അമേരിക്കയിലെ ഏറ്റവും വലിയ യാത്രാവിമാന നിര്‍മാണ കമ്പനിയായ ബോയിങ് പറഞ്ഞത് തങ്ങള്‍ എടുത്തിരിക്കുന്ന സൈബര്‍ സുരക്ഷയെപ്പറ്റി ആത്മവിശ്വാസം ഉണ്ടെന്നാണ്. 

സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക് ആര്‍ക്കിടെക്ചര്‍ ഫീച്ചറുകള്‍ എന്നിങ്ങനെയുള്ള പല അടരുകളുള്ള സുരക്ഷാ സംവിധാനത്തിലൂടെ പിഴവുകള്‍ പരിഹരിക്കാമെന്നാണ് ബോയിങ് പറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം നിലവിലെ യാത്രാ വിമാനങ്ങളെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളാണെന്ന് പറയേണ്ടിവരും. ഇത്തരം ഹാക്കിങ് വിദ്യകൾ ഭീകരരുടെ കൈയ്യിൽ കിട്ടിയാൽ പിന്നെ സംഭവിക്കുക എന്താണെന്ന് പോലും ഊഹിക്കാനാവില്ല.

related stories