Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടികൾ വാരുന്ന കളിയിൽ ജയിക്കുക അംബാനിയോ മിത്തലോ?

ambani-mithal

ഏതൊരു ബിസിനസ് തുടങ്ങുമ്പോഴും അല്ലെങ്കില്‍ തുടങ്ങിയ സ്ഥാപനത്തെ മുന്നോട്ടു നയിക്കാനും വേണ്ടുവോളം പണം ആവശ്യമാണ്. വിപണിയും ഉപഭോക്താക്കളെയും പിടിക്കാൻ കോടികളുടെ പണമെറിയേണ്ടി വരും. സൗജന്യവും ഓഫറുകളും നൽകി ഉപഭോക്താക്കളെ പിടിച്ചുനിർത്താൽ തുടക്കത്തിൽ ചുമ്മാ പണം ചിലവഴിക്കേണ്ടി വരും. എന്നാൽ ഇതെല്ലാം തിരിച്ചുപിടിക്കാനുള്ള സൂത്രവിദ്യകളും മുൻകൂട്ടി കാണേണ്ടതുണ്ട്. ഇല്ലെങ്കിൽ വൻ നഷ്ടം സഹിക്കേണ്ടിവരും. അതെ, ഇന്ത്യയിലെ ടെലികോം വിപണിക്ക് ചൂടുപിടിച്ചിരിക്കുന്നു. ഓരോ ദിവസവും അവതരിപ്പിക്കുന്നത് വൻ ഓഫറുകളാണ്.

മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും ലക്ഷ്മി മിത്തലിന്റെ ഭാർതി എയർടെലും ടെലികോം വിപണിയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ജിയോയുടെ ഓഫറുകളെ എന്തു നഷ്ടം സഹിച്ചാണെങ്കിലും നേരിടുമെന്ന് തന്നെയാണ് എയർടെൽ പറയുന്നത്. ജിയോയുടെ പ്ലാനുകളെ നേരിടാൻ എയർടെൽ അവതരിപ്പിച്ച ഓഫറുകളെ മണിക്കൂറുകൾക്കുള്ളിൽ മാറിമറിഞ്ഞു. എയർടെല്ലിനേക്കാൾ ഡേറ്റയും ഡിസ്കൗണ്ടും നൽകി ജിയോ രംഗത്തെത്തി. ഇതിനിടെ 149 രൂപയ്ക്ക് ദിവസം 4 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാൻ ബിഎസ്എൻഎല്ലും അവതരിപ്പിച്ചു. എല്ലാം വരിക്കാർക്ക് തന്നെയാണ് നേട്ടം.

82 ദിവസത്തേക്ക് 246 ജിബി ഡേറ്റ : എയർടെൽ

ഭാർതി എയർടെൽ 2018 രണ്ടാം പാദത്തിൽ രണ്ടുംകൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. ജിയോയുടെ ഓരോ ഡേറ്റാ പ്ലാനുകളെയും പ്രതിരോധിക്കാൻ വൻ ഓഫറുകളാണ് എയർടെൽ അവതരിപ്പിച്ചത്. ദിവസം 1.4 ജിബി, 2 ജിബി, 3 ജിബി നിരക്കുകളിൽ ഡേറ്റ നൽകുന്ന പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചു കഴിഞ്ഞു.

558 രൂപ പ്ലാനിൽ 82 ദിവസത്തേക്ക് 246 ജിബി ഡേറ്റയാണ് എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് ഓഫർ ചെയ്യുന്നത്. ദിവസം മൂന്നു ജിബി ഡേറ്റ ഉപയോഗിക്കാം. അൺലിമിറ്റഡ് കോൾ, ദിവസം 100 എസ്എംഎസ് എന്നീ സേവനങ്ങളും ലഭിക്കും. 558 രൂപയ്ക്ക് 246 ജിബി ഡേറ്റ നൽകുമ്പോൾ കേവലം ഒരു ജിബി ഡേറ്റയ്ക്ക് 2.2 രൂപ മാത്രമേ വരൂ. എന്നാൽ ഈ പ്ലാൻ തിരഞ്ഞെടുത്ത കുറച്ചു പേർക്ക് മാത്രമാണ് എയർടെൽ ഓഫർ ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 

എയർടെല്ലിന്റെ കോളുകൾ ലിമിറ്റില്ല എന്നതും ശ്രദ്ധേയമാണ്. റീചാർജ് വർധിപ്പിച്ച് വരുമാനം നേടാനാണ് എയർടെൽ ശ്രമിക്കുന്നത്. കുറഞ്ഞ നിരക്കിൽ കൂടുതൽ ഡേറ്റ ലഭിക്കുമ്പോൾ റീചാർജ് നിരക്കുകളും കുത്തനെ ഉയരുമെന്നാണ് കരുതുന്നത്. വോഡഫോണിന്റെ 569 രൂപ പ്ലാനിൽ 84 ദിവസത്തേക്ക് ദിവസം 3 ജിബി നിരക്കിൽ ഡേറ്റ നൽകുന്നുണ്ട്. എന്നാൽ കോളുകൾക്ക് നിയന്ത്രണമുണ്ട്. 

എല്ലാ വരിക്കാർക്കും ഒന്നര ജിബിയുടെ അധിക ഡേറ്റ സമ്മാനപ്പെരുമഴ : ജിയോ

എല്ലാ വരിക്കാർക്കും ഒന്നര ജിബിയുടെ അധിക ഡേറ്റാ സമ്മാനമാണ് ജിയോ നൽകുന്നത്. ജിയോ പ്രവർത്തനം ആരംഭിച്ചപ്പോൾ ഉപഭോക്താക്കൾക്ക് നൽകിയ ‘ഓരോ ദിവസവും അധിക മൂല്യം’ എന്ന ഉറപ്പ് പാലിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനം. ഇതോടെ ടെലികോം ഡേറ്റ വിപണിയിൽ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന പ്രൊവൈഡറെന്ന ഖ്യാതിയും ജിയോക്ക് സ്വന്തമാക്കി. ജിയോ ഉപയോഗിക്കുന്ന എല്ലാ വരിക്കാർക്കും പ്രതിദിനം ഒന്നര ജിബി ഡേറ്റ അധികമായി ലഭിക്കും.

ഇതു പ്രകാരം 149, 349, 399, 449 പാക്കേജുകളിൽ ചാർജ് ചെയ്യുന്നവർക്ക് പ്രതിദിനം 3 ജിബി ഡേറ്റ ലഭ്യമാകും. പ്രതിദിനം 2 ജിബി ഡേറ്റാ ലഭിക്കുന്ന പാക്കേജ് ഉപഭോക്താക്കൾക്ക് 198, 398, 448, 498 രൂപക്ക് ചാർജ് ചെയ്യുമ്പോൾ  ഇനി അത് പ്രതിദിനം 3.5 ജിബി എന്നാകും. 

3 ജിബി പ്രതിദിനം ലഭിക്കുന്ന ഡേറ്റ പാക്ക് ഉപഭോക്താക്കൾക്ക് ഇനി മുതൽ 299 രൂപയ്ക്ക് ചാർജ് ചെയ്യുമ്പോൾ പ്രതിദിനം 4.5 ജിബി ഡേറ്റ ലഭിക്കും. 509 രൂപയ്ക്ക് ചാർജ് ചെയ്യുന്നവർക്ക് 4 ജിബിക്കു പകരം ഇനി 5.5 ജിബി ഡേറ്റായാകും ലഭിക്കുക. 799 രൂപയ്ക്ക് പ്രതിദിനം ലഭിക്കുന്ന 5 ജിബി ഉപഭോക്താക്കൾക്ക് 6.5 ജിബിയും ദിവസേന ലഭിക്കും. ഇതിനു പുറമെ മൈജിയോ ആപ്പിലൂടെയോ ഫോൺ പേ വോലറ്റിലൂടെയോ ചെയ്യുന്ന 300 രൂപയ്ക്കോ അതിനു മേലോട്ടുള്ള ഓരോ റീച്ചാർജിനും 100 രൂപ ഡിസ്കൗണ്ടും ജിയോ ഉറപ്പു നൽകുന്നുണ്ട്.

149 രൂപയക്ക് 112 ജിബി ഡേറ്റ: ബിഎസ്എൻഎൽ

ജിയോയുടെ ദിവസം മൂന്നു ജിബി പ്ലാനുകളെ കടന്നാക്രമിക്കുന്ന പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. ദിവസം 4 ജിബി ഡേറ്റയാണ് ബിഎസ്എൻഎല്‍ ഓഫർ ചെയ്യുന്നത്. പുതുക്കിയ നിരക്കുകൾ ജൂൺ 14 മുതൽ നിലവിൽ വരും. ഫിഫ ലോകകപ്പ് ഫുട്ബോൾ സ്പെഷ്യൽ ഡേറ്റാ എസ്ടിവി 149 എന്നാണ് പ്ലാനിന്റെ പേര്. 149 രൂപ പ്ലാനിൽ ദിവസം 4 ജിബി നിരക്കിൽ 28 ദിവസത്തേക്ക് 112 ജിബി ഡേറ്റ ലഭിക്കും. ഇത് ആദ്യമായാണ് ഒരു ടെലികോം കമ്പനി ഇത്രയും കുറഞ്ഞ നിരക്കിൽ ഡേറ്റ നൽകുന്നത്. ഇതോടെ ഒരു ജിബി ഡേറ്റയ്ക്ക് 1.3 രൂപ മതി. എന്നാൽ മുംബൈ, ഡൽഹി എന്നീ സർക്കിളുകളിൽ ഈ ഓഫർ ലഭിക്കില്ല. ഈ പ്ലാനിൽ വോയ്സ് കോൾ, എസ്എംഎസ് എന്നിവ ലഭിക്കില്ല.

related stories