Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷവോമിയെ നേരിടാൻ സാംസങ്, ക്യുലെഡ് സ്മാർട് ടിവിയ്ക്ക് വൻ ഓഫറുകൾ

QLED-launch

രാജ്യത്ത് ഷവോമി തുടങ്ങിവച്ച ടെലിവിഷൻ വിപണിയിലെ വിപ്ലവം മറ്റു കമ്പനികൾ കൂടി ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഏറ്റവും വിശ്വസ്തതയാർജ്ജിച്ച കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാന്റും ടെലിവിഷൻ സാങ്കേതിക വിദ്യയിൽ മുൻനിര ബ്രാന്റുമായ സാംസങ് പുതിയ ടെലിവിഷൻ നിര തന്നെ പുറത്തിറക്കി. ക്യുലെഡ്, ഇടത്തരം വിഭാഗത്തിലെ യുഎച്ച്ഡി, മേക്ക് ഫോർ ഇന്ത്യ വിഭാഗത്തിലെ‘ കോൺസേർട്ട്’ എന്നിവയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.

ഇന്ത്യൻ ടെലിവിഷൻ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴി തെളിച്ചുകൊണ്ടാണ് സാംസങ് പുതിയ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ചതാണ് ഏറ്റവും നവീനമായ ഉൽപ്പന്നങ്ങളെല്ലാം. എൽഇഡി ടിവി, സ്മാർട് ടിവി, കേർവ്ഡ് ടിവി, കേർവ്ഡ് യുഎച്ച്ഡി ടിവി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏറ്റവുമൊടുവിലായി ക്യുലെഡ് ടിവിയും, ദി ഫ്രേമും സാംസങ് വിപണിയിലെത്തിച്ചു. 

ഇന്ത്യയിലെ ഉപഭോക്താക്കൾ കൂടുതൽ വലിപ്പവും മികച്ചതുമായ ടെലിവിഷനുകളിലേക്ക് നീങ്ങുകയാണെന്ന് സാംസങ് കൺസ്യൂമർ ഇലക്ട്രോണിക്സ് ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് രാജു പുല്ലൻ പറഞ്ഞു. ‘ഇൗ പ്രവണതക്ക് ഉൗർജം പകർന്ന് യുഎച്ച്ഡി നിരയിലുള്ള ടിവികളുടെ എണ്ണം 60 ശതമാനം വർധിപ്പിക്കുകയാണ്. ഇതിനായി ആംബിയൻറ് മോഡ്, മികച്ച ശബ്ദവിന്ന്യാസം എന്നിവയടക്കമുള്ള ഏറ്റവും നവീനമായ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ചുള്ള പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുകയാണ്’– അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്തൃ തലത്തിൽ വളരെ വിപുലമായ ഗവേഷണം ഞങ്ങൾ നടത്തി. ഉപയോക്താക്കൾക്ക് അവരുടെ ലിവിംഗ് റൂമിൽ വെറുമൊരു ടിവി എന്നതിനേക്കാൾ ഉപരിയായ ആവശ്യങ്ങളുണ്ട്. വീടിനകം നിറയുന്ന മികച്ച ശബ്ദ വിന്ന്യാസം നൽകുന്ന ആംബിയന്റ് മോഡ് ക്യുലെഡ് ടിവിയിൽ ഉണ്ട്. ഇന്ത്യൻ ഉപയോക്താക്കൾ ടിവിയുടെ ശബ്ദത്തിന് വളരെ വലിയ പരിഗണന നൽകുന്നുണ്ട്. ഇതിനായാണ് കോൺസേർട്ട് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അതുല്യമായ ശബ്ദ വിന്ന്യാസമേകുന്നതാണിത്. സമാനമായി യുഎച്ച്ഡി പതിപ്പിലുള്ളവ നവീനമായ സാങ്കേതിക വിദ്യകളും മറ്റ് പ്രത്യേകതകളും ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ക്യുലെഡ് ടിവി

ക്യുലെഡ് ടിവി 2018 മോഡലിൽ സാംസങ് ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന സവിശേഷത ആംബിയന്റ് മോഡ് ആണ്. ടെലിവിഷൻ കാണുന്ന ആളുടെ മൂഡ് പ്രതിഫലിപ്പിക്കുന്ന ഒരു കാൻവാസ് ആയി ക്യുലെഡ് ടിവിയെ മാറ്റാൻ സഹായിക്കുന്നതാണ് ആംബിയന്റ് മൂഡ്. ടെലിവിഷനിരിക്കുന്ന ചുമരിന്റെ പാറ്റേൺ അനുകരിച്ച് ടെലിവിഷന്റെ വിഷ്വൽ ഇഫക്ടിലും മാറ്റം വരുത്താൻ ഇത് സഹായിക്കും. ഒാട്ടോമാറ്റിക്കായി കാലാവസ്ഥയുടെ വിവരങ്ങളും ടിവി നൽകും. മനോഹരമായ ചിത്രങ്ങളോ ഫോട്ടോകളോ ഉപയോഗിച്ച് ടിവിയുടെ ബാക്ക്ഗ്രൗണ്ടിലും മാറ്റം വരുത്താം. ക്യുലെഡ് ടിവിയുടെ റിമോട്ട് ഉപയോഗിച്ച് ആംബിയന്റ് മോഡ് നിയന്ത്രിക്കാം.  

ഡേറ്റ, പവർ എന്നിവക്കായി വളരെ ചെറിയ ഒരൊറ്റ കേബിളാണ് ക്യുലെഡ് ടിവിയിൽ ഉപയോഗിക്കുന്നത്. ഇത് പ്രത്യക്ഷത്തിൽ കാണാൻ പോലും സാധിക്കില്ല. ടിവിയുമായി ബന്ധിപ്പിക്കുന്ന ഉപകരണങ്ങൾ എവിടെ വേണമെങ്കിലും വെക്കാം. വളരെ കൃത്യതയോടെയും അതിവേഗത്തിലും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ഇൗ കേബിളിന് സാധിക്കും.

ഏറ്റവും മികച്ച ഡിസ്പ്ലെയോടൊപ്പം മികച്ച രീതിയിൽ ടെലിവിഷൻ നിയന്ത്രിക്കാനും സാധിക്കും. ബട്ടണുകൾ ഉപയോഗിക്കാതെ എസ് വോയ്സ് സംവിധാനത്തിന്റെ സഹായത്തോടെ ടിവി നിയന്ത്രിക്കാം. ശബ്ദം ഉപയോഗിച്ച് ടിവി നിയന്ത്രിക്കാവുന്ന സാങ്കേതിക വിദ്യയാണ് എസ് വോയ്സ്. ഉദാഹരണത്തിന് കാലാവസ്ഥ എങ്ങനെയുണ്ട് എന്ന  ചോദ്യത്തിന് കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ അപ്പോൾ തന്നെ ടിവിയിൽ എഴുതി കാണിക്കും.

പുതിയ ക്യുലെഡ് ടിവിയിൽ സ്മാർട് തിംഗ്സ് ആപ്പും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മറ്റ് ഇന്റർനെറ്റ് ഒാഫ് തിംഗ്സ് ഡിവൈസുകളുമായി ടിവിയെ ബന്ധിപ്പിക്കുന്നതിന് സ്മാർട് തിംഗ്സ് ആപ്പ് സഹായിക്കും. കണ്ടന്റുകൾ ഷെയർ ചെയ്യുന്നതിനും നോട്ടിഫികേഷനുകൾ അയക്കുന്നതിനും സ്ക്രീൻ മീറ്റിംഗിനും സ്മാർട് തിംഗ്സ് ആപ്പ് ഉപയോഗിക്കാം. ഇതിനേക്കാളുപരി 100 ശതമാനം കളർ വോളിയത്തിലൂടെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ദൃശ്യങ്ങൾ കാണുന്നതിനും ഒളിഞ്ഞിരിക്കുന്ന ഫയൽ കണ്ടെത്തുന്നതിന് എച്ച്ഡിആർ 10+ സംവിധാനവും ഇത് നൽകുന്നു. കട്ടികുറഞ്ഞതും മിനുസമുള്ളതുമായ പ്രീമിയം മെറ്റൽ ബോഡി സഹിതമാണ് ടിവി എത്തിയിരിക്കുന്നത്.

55 ഇഞ്ച് മുതൽ 75 ഇഞ്ച് വരെ വലിപ്പമുളള 8 ക്യുലെഡ് ടിവി മോഡലുകളാണ് സാംസങ് പുറത്തിറക്കിയിരിക്കുന്നത്. ഫ്ളാറ്റ്, കേർവ്ഡ് പതിപ്പുകളും ഇതിൽ ഉൾപ്പെടുന്നു. 2,45,000 രൂപ മുതലാണ് ക്യുലെഡ് ടിവികളുടെ വില.

യുഎച്ച്ഡി ടിവി

മനോഹരമായ ദൃശ്യമികവും ഡിസൈനും കനം കുറഞ്ഞ ബോഡിയുമായാണ് സാംസങ് യുഎച്ച്ഡി ടിവി എത്തിയിരിക്കുന്നത്. മികച്ച ബ്രൈറ്റ്നസ്, കോൺട്രാസ്റ്റ്, കൃത്യമായ നിറവിന്ന്യാസം എന്നിവയോടൊപ്പം ഹൈ ഡൈനാമിക് റേഞ്ചിന്റെ പിന്തുണയോടെയാണ് യുഎച്ച്ഡി ടിവി നിർമിച്ചിരിക്കുന്നത്. ഉയർന്ന റെസല്യൂഷനിലുള്ള ദൃശ്യങ്ങൾ നൽകുന്ന ഡൈനാമിക് ക്രിസ്റ്റൽ കളർ  സാങ്കേതിക വിദ്യയും ടിവിയിലുണ്ട്.

റിമോട്ട് കൺട്രോൾ, സ്മാർട് ഹബ്ബ്, സ്മാർട് കൺവെർജൻസ് എന്നിവയും യുഎച്ച്ഡി പതിപ്പുകളിലുണ്ട്. സ്മാർട് ഫോൺ ടെലിവിഷനുമായും തിരിച്ചും പെയർ ചെയ്യാനും ടെലിവിഷൻ ബ്ലൂടൂത്ത് സ്പീക്കറുമായി കണക്ട് ചെയ്യാനും ഇതിലൂടെ സാധിക്കും.

യുഎച്ച്ഡി മോഡലുകൾ പത്ത് എണ്ണത്തിൽ നിന്നും 16 എണ്ണമായി വർധിപ്പിച്ചിട്ടുണ്ട്. 7100, 7470, 8000, ദി ഫ്രെയിം എന്നിവയാണ് യുഎച്ച്ഡിയിലെ എൻട്രി ലെവൽ പതിപ്പുകൾ. 64,900 രൂപ മുതലാണ് വില.

കോൺസേർട്ട് പതിപ്പ്

മേക്ക് ഫോർ ഇന്ത്യാ പ്രകാരം സാംസങ് നിർമിച്ചതാണ് കോൺസേർട്ട് പതിപ്പ്. സ്മാർട് കോൺസേർട്ട്, ജോയ് കോൺസേർട്ട്’ എന്നീ രണ്ട് മോഡലുകളിലാണ് കോൺസേർട്ട് പതിപ്പ് എത്തുന്നത്. 

ഒരു ടെലിവിഷൻ വാങ്ങുമ്പോൾ എല്ലാവരും പ്രധാനമായും പരിഗണിക്കുന്ന ഒന്ന് ശബ്ദ ഗുണനിലവാരമാണ്. സിനിമയും സംഗീതവും ആസ്വദിക്കാൻ ഉയർന്നതും സിനിമാറ്റിക് ആയതുമായ ശബ്ദം ആണ് ഉപഭോക്താക്കൾക്ക് ആവശ്യം. ഇന്ത്യൻ ഉപയോക്താക്കൾക്കായി സോഫ്റ്റ്്വെയറും ഹാർഡ്‌വെയറും മെച്ചപ്പെടുത്തി പുതിയ ശബ്ദ സാങ്കേതിക വിദ്യ  ഉൾക്കൊള്ളിച്ചാണ് കോൺസേർട്ട് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

സാധാരണ ടിവിയിൽ 2 സ്പീക്കറുകളാണ് ഉണ്ടാവുകയെങ്കിൽ ഇതിൽ 4 സ്പീക്കറുകളാണ് ഉള്ളത്. രണ്ടെണ്ണം മുകളിലും രണ്ടെണ്ണം താഴെയുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഒാരോന്നും 10W സൗണ്ടാണ് നൽകുക. ആകെ 40W ന്റെ ശബ്ദം ടെലിവിഷനിൽ നിന്നും ലഭിക്കും.  

സ്മാർട് ഫോണും ടിവിയുമായി കണക്ട് ചെയ്യാൻ സാധിക്കുന്ന ബ്ലൂടൂത്ത് സംവിധാനവും സ്മാർട് കോൺസേർട്ട് പതിപ്പിലുണ്ട്. ജിയോ സിനിമ, നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം, ബിഗ് ഫ്ളിക്സ് തുടങ്ങിയവയിൽ നിന്നും കണ്ടന്റുകൾ ബ്രൗസ് ചെയ്യാനും ലൈവ് ടിവി കാണാനും സാധിക്കുന്ന സ്മാർട് ഹബ് സംവിധാനവും സ്മാർട് കോൺസേർട്ട് സീരീസിലുണ്ട്.

സ്മാർട് കോൺസേർട്ട്, ജോയ് കോൺസേർട്ട് എന്നിവ 32', 43', 49' ഇഞ്ച് എന്നീ വലിപ്പത്തിൽ ലഭിക്കും. 27,500 രൂപ മുതലാണ് വില. 

ഗെയിം ഒാഫർ

ഫിഫ ലോകകപ്പിനോടുനുബന്ധിച്ച് ‘ഫീൽ ദി ഗെയിം ഒാഫറും’ സാംസങ് പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ സ്ക്രീനിലേക്കും പ്രീമിയം ടിവികളിലേക്കും അപ്ഗ്രേഡ് ചെയ്യാനുള്ള സംവിധാനമാണിത്. ക്യുലെഡ് ടിവി വാങ്ങുമ്പോൾ ഗ്യാലക്സി എസ്9 സൗജന്യമായി ലഭിക്കും. ഒപ്പം പത്ത് വർഷത്തെ സ്ക്രീൻ വാറന്റിയും ഉണ്ട്. സൗണ്ട്ബാർ അല്ലെങ്കിൽ സ്പീക്കർ എന്നീ സമ്മാനങ്ങളും ലഭിക്കും. ജൂലൈ 15 വരെയാണ് ഇൗ  ഒാഫർ.

related stories