Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊട്ടതെല്ലാം പൊന്നാക്കി കീഴടക്കി, ജെഫിന്റെ ആസ്തി 9.65 ലക്ഷം കോടി

jeff-bezos

ബിൽ ഗേറ്റ്സിനെ പിന്തള്ളി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് വീണ്ടും ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായി. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിൽ ആമസോൺ ഓഹരികളുടെ മൂല്യം കുതിച്ചുയർന്നതോടെ 14,190 കോടി ഡോളറാണ് ( ഏകദേശം 9.55 ലക്ഷം കോടി രൂപ) ജെഫ് ബെസോസിന്റെ ആസ്തിമൂല്യം. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് രണ്ടാം സ്ഥാനത്തുണ്ട്. ഇതിനു മുൻപ് ഗേറ്റ്സായിരുന്നു ഒന്നാം സ്ഥാനത്ത്. 54കാരനായ ബെസോസിന് ആമസോണിന്റെ 17 ശതമാനം ഓഹരികളാണു സ്വന്തമായുള്ളത്.

ലോകത്തെ ഏറ്റവും വലിയ ഓണ്‍ൺലൈന്‍ വ്യാപാരക്കമ്പനിയായ ആമസോണിനെക്കൂടാതെ ബ്ലൂ ഒറിജിൻ എന്ന റോക്കറ്റ് ബിസിനസും വാഷിങ്ടൺ പോസ്റ്റ് പത്രവും ബെസോസിന്റേതാണ്. 2013ലാണ് വാഷിങ്ടൺ പോസ്റ്റിനെ അദ്ദേഹം സ്വന്തമാക്കിയത്.  

വാഷിങ്ടൺ ഡിസിയിലെ പുരാതനമായ ടെക്സ്റ്റൈൽ മ്യൂസിയം ഈ വർഷമാദ്യം ബെസോസ് സ്വന്തമാക്കിയിരുന്നു. 2.3 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചത്. സിയാറ്റിലിലും ബവർലി ഹിൽസിലുമാണ് ബെസോസിന്റെ മറ്റ് ആഡംബര വസതികള്‍.  

ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് ഒരു അസാധാരണ സംരംഭകനാണ്. വ്യവസായി എന്നതിനു പുറമേ പുതിയ കണ്ടെത്തലുകൾ വഴി ടെക് ലോകത്തെ വിസ്മയിപ്പിക്കുകയും പരീക്ഷണങ്ങൾ വഴി മുൻനിരകമ്പനികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ജെഫ് ആമസോണിന്റെ എല്ലാ വിജയങ്ങളുടെയും ശിൽപിയാണ്. 

ഇന്നു ലോകത്തുള്ള എല്ലാ ഓൺലൈൻ ഷോപ്പുകളും ജെഫിന്റെ ആമസോൺ മാതൃകയോടു കടപ്പെട്ടിരിക്കുന്നു. ക്ലൗഡ് സേവനങ്ങളിൽ സ്വന്തം വഴി അവതരിപ്പിച്ച് മൈക്രോസോഫ്റ്റും ഗൂഗിളും അടങ്ങിയ വമ്പൻമാരെ ഞെട്ടിച്ച ആമസോൺ ഏറ്റവുമൊടുവിൽ നാസയോടും ഇലോൺ മസ്‌കിന്റെ സ്‌പെയ്സ് എക്‌സിനോടും മൽസരിച്ചുകൊണ്ട് ബഹിരാകാശ യാത്രയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തി.  

1964 ജനുവരി 12ന് ജാക്കലീന്റെയും ടെഡ് ജോര്‍ഗെന്‍സന്റെയും മകനായാണ് ജനിച്ചത്. ജെഫ് പിറന്നു വീഴുമ്പോള്‍ അമ്മയ്ക്കു പ്രായം 17 വയസ്സ് മാത്രം. ജെഫിനു രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും ബന്ധം വേര്‍പെടുത്തി. ക്യൂബയില്‍ നിന്ന് അമേരിക്കയിലെത്തി സ്ഥിരതാമസമാക്കിയ മിഗുവേല്‍ ബെസോസിനെ അമ്മ വിവാഹം കഴിക്കുന്നതോടെയാണു ജെഫ് അമേരിക്കയിലെത്തുന്നത്.  

ഇന്റര്‍നെറ്റിന്റെ അപാര സാധ്യതകളെ കുറിച്ചു ലോകം തിരിച്ചറിയും മുന്‍പു 1994ലാണു ജെഫ് ആമസോണിന് രൂപം നല്‍കുന്നത്. അന്നു ജെഫിനു പ്രായം 30. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ബിരുദപഠനത്തിനും ചില കമ്പനികളിലെ തൊഴില്‍ പരിചയത്തിനും ശേഷമാണു സ്വന്തമായി സംരംഭം ആരംഭിക്കുന്നത്. പുസ്തകങ്ങള്‍ ഓണ്‍ലൈനായി വില്‍പന നടത്തിക്കൊണ്ടാണ് ആമസോണിന്റെ തുടക്കം. 

ചന്ദ്രനിൽ പാര്‍ക്കിങ് സ്ഥലം കണ്ടെത്തി, ചരക്കയക്കും  

15 വർഷം മുൻപ് സ്ഥാപിച്ച ബ്ലൂ ഒറിജിൻ കമ്പനി വൈകാതെ തന്നെ ബഹിരാകാശ ടൂറിസം യാഥാർഥ്യമാക്കുന്നതിനായുള്ള ശ്രമത്തിലാണ്. 2020 ആകുമ്പോഴേക്കും ചന്ദ്രനിലെ മനുഷ്യ കോളനിയിലേക്ക് ചരക്ക് കയറ്റി അയക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് ആമസോണ്‍. ഇതിനായി ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ പ്രദേശം പാര്‍ക്കിംങിനായി പോലും കണ്ടുവെച്ചുകഴിഞ്ഞു. ചന്ദ്രനിലെ ആദ്യ മനുഷ്യ നിര്‍മിത കോളനിയിലേക്ക് ചരക്കെത്തിക്കാനുള്ള പദ്ധതി ആമസോണ്‍ മേധാവി ജെഫ് ബെസോസ് പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷമാണ്.   

ഒരു യാത്രയില്‍ പതിനായിരം പൗണ്ട് (ഏകദേശം 4500 കിലോ) ചരക്ക് വരെ ഭൂമിയില്‍ നിന്നും ചന്ദ്രനിലെത്തിക്കുകയാണ് ലക്ഷ്യം. ചന്ദ്രനിലെ ദക്ഷിണാര്‍ധഗോളത്തിലെ ഷാക്ക്‌ലെറ്റണ്‍ ക്രാറ്റര്‍ എന്ന ഭാഗമാണ് റോക്കറ്റ് ഇറക്കാന്‍ കണ്ടുവെച്ചിരിക്കുന്നത്. സൂര്യപ്രകാശത്തിന്റെ സാന്നിധ്യവും ജലാംശം ഉപയോഗിച്ച് റോക്കറ്റ് ഇന്ധനമായ ഹൈഡ്രജന്‍ നിര്‍മിക്കാമെന്നതുമാണ് ഈ പ്രദേശം പാര്‍ക്കിംങ് സ്‌പോട്ടായി തീരുമാനിച്ചതിന് പിന്നില്‍.   

ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനുമായി ചേര്‍ന്നാണ് ആമസോണിന്റെ പുത്തന്‍ സംരംഭം. ചന്ദ്രനിലെ സൂര്യപ്രകാശമുള്ള പ്രദേശങ്ങള്‍ക്ക് വലിയ തോതില്‍ വില ഉയരുന്ന സാഹചര്യത്തിലാണ് ആമസോണിന്റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഈ പ്രദേശം സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ചന്ദ്രനിലെ ആ ഭാഗത്തിന്റെ ഉടമസ്ഥാവകാശം ആമസോണ്‍ സ്വന്തമാക്കുമെന്ന് കരുതുന്നവരും കുറവല്ല.