Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിക്കാരൻ പ്രദീപ് പരമേശ്വരൻ യൂബർ ഇന്ത്യ മേധാവി

uber-pradeep

സാൻ ഫ്രാൻസിസ്കൊ ആസ്ഥാനമായ കാബ് അഗ്രിഗേറ്റർമാരായ യൂബറിന്റെ ഇന്ത്യൻ മേധാവിയായി കൊച്ചി സ്വദേശി പ്രദീപ് പരമേശ്വരനു സ്ഥാനക്കയറ്റം. കഴിഞ്ഞ മാസം കമ്പനിയുടെ ഏഷ്യ പസഫിക് മേഖല മേധാവിയായി അമിത് ജെയിൻ നിയമിതനായിരുന്നു. ഈ ഒഴിവിലാണു പരമേശ്വരൻ പ്രസിഡന്റ് (ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ ഓപ്പറേഷൻസ്) പദവിയിലെത്തുന്നത്.  

തന്റെ പിൻഗാമിയായി യൂബർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡന്റായി പ്രദീപ് പരമേശ്വരനെ ഉടനടി പ്രാബല്യത്തോടെ പ്രഖ്യാപിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് ജെയിൻ അറിയിച്ചു. യൂബറിന്റെ മേഖലാതല നേതൃനിരയിലെ പ്രധാനിയെന്ന നിലയിൽ റൈഡ്സ് ഓപ്പറേഷന്റെ നേതൃത്വം പ്രദീപിനാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ഒന്നര വർഷമായി കമ്പനിയുടെ വളർച്ചയ്ക്കും യൂബറിന്റെ ആഗോളതലത്തിലെ പ്രകടനത്തിൽ നിർണായക സംഭാവന നൽകുന്നതിലും പരമേശ്വരൻ ഗണ്യമായ പങ്കു വഹിച്ചെന്നും ജെയിൻ അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ തന്നെ ഇതാദ്യമായി ഇന്ത്യയിലെ യൂബർ ഇടപാടുകാർക്ക് റൈഡ് ഷെയറിങ് ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചതും പ്രദീപ് പരമേശ്വരന്റെ നേതൃത്വത്തിലായിരുന്നു. 

കഴിഞ്ഞ വർഷം ജനുവരിയിലാണു പ്രദീപ് പരമേശ്വരൻ യൂബർ ഇന്ത്യയ്ക്കൊപ്പം ചേർന്നത്. കമ്പനിയുടെ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയിലായിരുന്നു അദ്ദേഹം. സഞ്ചാര മേഖലയിൽ കഠിനവും അതേസമയം ആവേശകരവുമായ വെല്ലുവിളികൾ ഉയർത്തുന്ന വിപണിയാണ് ഇന്ത്യയെന്നായിരുന്നു പുതിയ സ്ഥാനലബ്ധിയെപ്പറ്റി പരമേശ്വരന്റെ പ്രതികരണം. മലിനീകരണം കുറച്ചും ഗതാഗതക്കുരുക്ക് അഴിച്ചും പാർക്കിങ്ങിനുള്ള ഇടം കുറച്ച് പാർക്കുകൾക്ക് കൂടുതൽ സ്ഥലം ലഭ്യമാക്കിയുമൊക്കെ ഭാവി തലമുറയ്ക്കായി അധിക സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുംബൈ സർവകലാശാല, ജംനലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട്, വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഹിന്ദുസ്ഥാൻ ലീവർ, മക്കിൻസി, ഡെൻ നെറ്റ്‌വർക്സ് എന്നിവയിൽ ഇന്ത്യയിലും വിദേശത്തുമായി ഇരുപതു വർഷത്തോളം പ്രവർത്തിച്ച ശേഷമാണു പ്രദീപ് ഊബറിൽ ചേർന്നത്. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്ന ഏയ്ഞ്ചൽ ഇൻവെസ്റ്റർ കൂടിയാണു പ്രദീപ്.