Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിളി വന്നത് 7024 നമ്പറിൽ നിന്ന്, മലയാളി യുവാവിന് സംഭവിച്ചതെന്ത്?

phone-scam

സൗജന്യമായി രണ്ടാഴ്ച മുൻപു കിട്ടിയ ക്രെഡിറ്റ് കാർഡ് വഴി യുവാവിനു നഷ്ടമായത് 20,000 രൂപ. സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മരുത്തടി ശിവകൃപയി‍ൽ ശ്യാംകുമാറിനാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ എസ്ബിഐയുടെ വീസ ക്രെഡിറ്റ് കാർഡിൽ നിന്നു പണം നഷ്ടമായത്. ഫോൺ വിളിച്ച് വൺ ടൈം പാസ്‌വേഡ് തന്ത്രപൂർവം കൈക്കലാക്കിയാണു പണം ചോർത്തിയത്. രണ്ടാഴ്ച മുൻപ് ഓഫിസിലെത്തിയ ക്രെഡിറ്റ് കാർഡ് മാർക്കറ്റിങ് പ്രതിനിധിയാണു സൗജന്യമായി കാർഡ് നൽകിയത്. 

പിന്നീട് 584 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട് ഔദ്യോഗിക എസ്എംഎസ് വന്നു. 2,000 രൂപയുടെ സാധനങ്ങൾ വാങ്ങിയാൽ 584 രൂപ ഗിഫ്റ്റ് വൗച്ചറായി തിരികെ ലഭിക്കുമെന്നു പറഞ്ഞപ്പോൾ വീട്ടിലേക്ക് ഒരു മോട്ടോർ പമ്പ് കാർഡ് ഉപയോഗിച്ചു വാങ്ങി. ഇന്നലെ വിവരങ്ങൾ ചോർത്താനായി ഫോൺ വിളിച്ചശേഷം പണം തട്ടിയെടുത്തു. നഗരത്തിലെ എസ്ബിഐ പ്രധാന ശാഖയിലെത്തിയപ്പോൾ ഇടപാടു നടന്നതാണെന്നും അടുത്ത മാസം ബിൽ വരുമ്പോൾ തുക അടയ്ക്കേണ്ടിവരുമെന്നും മറുപടി ലഭിച്ചു. എങ്കിലും പരാതി സ്വീകരിച്ചു. പൊലീസ് സൈബർ സെല്ലിലും പരാതി നൽകി. 

പണം നഷ്ടപ്പെട്ടത് ഇങ്ങനെ:

1. ഇന്നലെ 7024.....എന്ന നമ്പറിൽ നിന്ന് ശ്യാംകുമാറിനെ വിളിച്ച് ഒരു ഓഫർ ഉണ്ടെന്നു പറയുന്നു. ശ്യാംകുമാറിന്റെ പേര്, ജനനത്തീയതി അച്ഛന്റ പേര്, വിലാസം, സിവിവി നമ്പർ തുടങ്ങിയ വിവരങ്ങളെല്ലാം വിളിച്ചയാൾ തന്നെ പറയുന്നു. ശരിയല്ലേ എന്നു ചോദിക്കുന്നു. 2. അതേ എന്ന് ശ്യാമിന്റെ ഉത്തരം

3. ഫോണിൽ വന്ന ഒടിപി നമ്പർ നൽകാൻ പറയുന്നു.

4. നമ്പർ നൽകുന്നു.

5. 9999 രൂപ, 5000 രൂപ, 4999 രൂപ എന്നിങ്ങനെ മൂന്നു തവണയായി പണം നഷ്ടം.

6. തുടർന്നു പണം നഷ്ടമാകാതിരിക്കാൻ ബാങ്കിന്റെ കസ്റ്റമർ സെല്ലിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്യുന്നു. 7. പണം നഷ്ടമായത് ഏതോ ഇ വോലറ്റിലേക്കെന്ന് സൈബർ സെല്ലിന്റെ പ്രാഥമിക അന്വേഷണത്തിൽ സൂചന.

ഇ വോലറ്റുകൾ വഴി പണം തട്ടുന്ന സംഘം

ശ്യാംകുമാറിന്റെ പണം കവർന്നെടുത്തത് ഇതര സംസ്ഥാനത്തിരുന്നു പ്രവർത്തിക്കുന്ന സംഘമാണെന്നു പൊലീസിന്റെ നിഗമനം. ആദ്യം ഇ വോലറ്റിലേക്കും പിന്നീട് അവർക്ക് ഇഷ്ടമുള്ള ബാങ്ക് അക്കൗണ്ടിലേക്കും പണം മാറ്റിയെടുക്കുന്ന രീതി. ഒടിപിയോ വിവരങ്ങളോ പങ്കുവയ്ക്കുന്നതിലൂടെയാണു പണം ചോരുന്നത്. 

ബാങ്കിന്റെ വിവരങ്ങൾ ഏതെങ്കിലും തരത്തിൽ ചോരുന്നതോ ഹാക്ക് ചെയ്തു ചോർത്തുന്നതോ വഴിയാകാം ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ അവർ അറിയുന്നത്. ഇത്തരം വിവരങ്ങൾ ഫോണിൽ പറഞ്ഞു വിശ്വസിപ്പിക്കുന്നതോടെ അറിവും വിവരവുമുള്ള ഉപയോക്താക്കൾ തന്നെ ചതിയിൽ‍പെടും. തുടർന്ന് ഇവർ ഒടിപിയോ മറ്റു വിവരങ്ങളോ പങ്കുവയ്ക്കുന്നു.

പണം തിരികെ കിട്ടാൻ ആദ്യ മണിക്കൂർ പ്രധാനം

 ക്രെഡിറ്റ്, ഡെബിറ്റ്, എടിഎം കാർഡ് തട്ടിപ്പുകളിൽ ചോർന്നുപോയ പണം തിരികെ ലഭിക്കാൻ ആദ്യത്തെ ഒരു മണിക്കൂർ പ്രധാനപ്പെട്ടത്. ആദ്യം പരാതി അറിയിക്കേണ്ടതു പൊലീസിന്റെ സൈബർ സെല്ലിൽ. കമ്മിഷണർ ഓഫിസിലെ സെല്ലിൽ നേരിട്ടോ അടുത്തുള്ള പൊലീസ് സ്റ്റേഷൻ വഴിയോ പരാതിപ്പെടാം. ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് സെൽ അധികൃതർ കൂടുതൽ പണം നഷ്ടം തടയുകയും തിരിച്ചുപിടിക്കാൻ ശ്രമം തുടങ്ങുകയും ചെയ്യും. 

ബാങ്ക് അധികൃതർക്കും പിന്നീടു പരാതി നൽകണം. ഇ വോലറ്റിലൂടെയുള്ള പണം തട്ടിപ്പിൽ, അവിടെനിന്നു തുക മാറ്റും മുൻപ് തിരിച്ചെടുക്കുക പ്രധാനം. ഇത്തരം തട്ടിപ്പുകൾ നേരിടാൻ ബാങ്കുകളും സൈബർ സെല്ലും ചേർന്നുള്ള പ്രവർത്തനമുണ്ട്. ഇടപാട് നടത്തേണ്ടപ്പോൾ എസ്എംഎസ് അയച്ച് മാത്രം കാർഡ് പ്രവർത്തനക്ഷമമാക്കിയുള്ള സേവനം ഉപയോഗപ്പെടുത്തിയും തട്ടിപ്പുകളെ നേരിടാം.

ശ്രദ്ധിക്കുക

ബാങ്ക് എടിഎം, ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ബാങ്കുകൾ ആവശ്യപ്പെടാറില്ലെന്നും ഇങ്ങനെ വരുന്ന അന്വേഷണങ്ങൾക്ക് മറുപടി നൽകരുതെന്നും ബാങ്ക് അധികൃതർ അറിയിക്കുന്നു.