Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമം, ബോധം തെളിഞ്ഞത് മൂന്നാം നാൾ

John-McAfee-

ലോകത്തെ ഞെട്ടിച്ചു കൊണ്ട് സൈബർ സെക്യൂരിറ്റി വിദഗ്ദൻ ജോൺ മക്കഫിയുടെ ട്വീറ്റ് . തന്നെ ചിലർ വിഷ പ്രയോഗത്തിലൂടെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും രണ്ടു ദിവസം പൂർണമായും ബോധമില്ലാതെ ആശുപത്രിയിലായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആശുപത്രിയിലെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. ദേഹം മുഴുവൻ ട്യൂബുകൾ ഘടിപ്പിച്ച് അബോധാവസ്ഥയിലുള്ള ചിത്രങ്ങളാണ് ജൂൺ 22നു രാത്രി അദ്ദേഹം പുറത്തുവിട്ടത്. ജൂൺ 19നായിരുന്നു അതിനു മുൻപുള്ള ട്വീറ്റ്. മൂന്നാം ദിവസം ബോധം തെളിഞ്ഞപ്പോഴാണു തനിക്ക് എന്താണു സംഭവിച്ചതെന്നു പോലും മനസ്സിലായത്. എന്നാൽ ‘ഭീരുക്കളായ’ ശത്രുക്കളാണു തന്നെ വിഷപ്രയോഗത്തിലൂടെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും ഇതു ചെയ്തത് ആരാണെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. 

ആരൊക്കെ ശ്രമിച്ചാലും തന്നെ കൊല്ലാനാകില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തന്റെ ജീവനു ഭീഷണിയുണ്ടെന്ന് ഒരു മാസം മുൻപ് ‘ഇൻഡിപെൻഡന്റ്’ പോർട്ടലിനോടു പറഞ്ഞതിനു പിന്നാലെയാണ് മക്കഫിക്കു നേരെ വിഷപ്രയോഗമുണ്ടായത്. ‘കഴിഞ്ഞ മൂന്നു ദിവസമായി ആരെയും കാണാൻ കഴിയാത്തതിനു ക്ഷമ. രണ്ടു ദിവസം നോർത്ത് കാരലിന വൈഡന്റ് മെഡിക്കൽ സെന്ററിൽ ഞാൻ പൂർണമായും അബോധാവസ്ഥയിലായിരുന്നു. ഇപ്പോൾ ഉണർന്നതേയുള്ളൂ. ഞാൻ കഴിക്കുന്ന എന്തോ ഒന്നിലേക്ക് ‘ചിലത്’ ചേർക്കാൻ എന്റെ ശത്രുക്കൾക്കു സാധിച്ചു. എന്നാൽ നിങ്ങൾ വിചാരിക്കുന്നതു പോലെയല്ല. എന്നെ കൊലപ്പെടുത്താൻ ഏറെ ബുദ്ധിമുട്ടാണ്. ഞാൻ തിരികെയെത്തിയിരിക്കുന്നു’– മക്കഫി ട്വീറ്റ് ചെയ്തു.

തനിക്കു നേരെ വിഷപ്രയോഗം നടത്തിയത് ആരാണെങ്കിലും അവർ യഥാർഥ പ്രതികാരത്തിന്റെ അർഥം മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ. ഇത് ചെയ്തത് ആരാണെന്നു തനിക്കറിയാം. വിട്ടുപോകുന്നതാണ് അവർക്കു നല്ലതെന്നും മക്കഫിയുടെ ട്വീറ്റിൽ ഭീഷണിയുണ്ട്. എന്നാൽ കൂടുതൽ കാര്യങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല. ക്രിപ്റ്റോ കറൻസി കൂടുതൽ സുരക്ഷിതമായി ഉപയോഗിക്കാനുള്ള ‘വോലറ്റ്’ തയാറാക്കിയതിന്റെ വിവരങ്ങളാണ് പിന്നാലെ അദ്ദേഹം ട്വീറ്റ് ചെയ്തത്. 

കഴിഞ്ഞ മാസം യൂട്യൂബിൽ പുറത്തിറക്കിയ വിഡിയോയിലാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനുമായുള്ള(എസ്ഇസി) പ്രശ്നങ്ങൾ അദ്ദേഹം പുറത്തുവിട്ടത്. ആ ‘പ്രശ്നങ്ങൾ’ കാരണമാണു തനിക്കു പലായനം ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു. ക്രിപ്റ്റോകറൻസി കമ്പനികളുമായുള്ള ബന്ധത്തിന്റെ പേരിലാണ് എസ്ഇസി അദ്ദേഹത്തെ നോട്ടമിട്ടിരിക്കുന്നത്. 2016 മുതൽ ഇതു തുടരുന്നു. ഇതിനെത്തുടർന്ന് താൻ അതീവ സുരക്ഷയിലാണു യാത്രയെന്നും മക്കഫി കഴിഞ്ഞ മാസം ‘ഇൻഡിപെൻഡന്റിനോടു’ വ്യക്തമാക്കിയിരുന്നു. 

പലരും തന്നെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചു. 2012ൽ അയൽക്കാരന്റെ കൊലപാതകത്തിന്റെ പേരിലും തന്നെ പിടികൂടാൻ ശ്രമിച്ചു. ഈ സാഹചര്യത്തിൽ ടെന്നസിയിലെ വീടിനു ചുറ്റിലും കനത്ത സുരക്ഷയാണ്. മുൻ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്വകാര്യ ഏജൻസിയുടെ കാവലിലാണു യാത്ര പോലും! തനിക്കു നേരെ വിഷപ്രയോഗം മാത്രമല്ല വെടിയുണ്ടകളും കഴുത്തു ഞെരിച്ചു വരെ കൊല്ലാൻ ശ്രമമുണ്ടായിട്ടുണ്ടെന്നും മക്കഫി പറഞ്ഞിരുന്നു.

related stories