Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ദുഷ്ട ശക്തി’കളുടെ ലോകത്ത് എയ്‌ലീനയ്ക്ക് ഞെട്ടിക്കും അനുഭവം

Dark-web

ഇരുണ്ട ഇന്റര്‍നെറ്റിലെ (ഡാർക് വെബ്) കൊലപാതകങ്ങൾ

ശരാശരി ഇന്റര്‍നെറ്റ് ഉപയോക്താക്കളെല്ലാം തന്നെ അതിന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്നവാണ്. എന്നാല്‍, ഇന്റര്‍നെറ്റിന് അടിയൊഴുക്കുകളും ഉണ്ട്. ഇതിനെയാണ് ഡാര്‍ക് വെബ് എന്നു വിളിക്കുന്നത്. നമുക്കു പരിചയമുള്ള ഇന്റര്‍നെറ്റിലൂടെയുള്ള സഞ്ചാരം കപ്പലില്‍ യാത്ര പോകുന്നതു പോലെയാണെങ്കില്‍, ഡാര്‍ക് വെബില്‍ പ്രവേശിക്കണമെങ്കില്‍ അന്തര്‍വാഹിനി തന്നെ വേണം. ശരാശരി ഉപയോക്താവിന് ഇതു മറന്നു കളായാവുന്നതാണ്. കാരണം ഡാര്‍ക് വെബില്‍ എത്തണമെങ്കില്‍ പ്രത്യേക സോഫ്റ്റ്‌വെയറും കോണ്‍ഫിഗറേഷന്‍സും സമ്മതപത്രവുമൊക്കെ സംഘടിപ്പിക്കണം. 

എന്നാല്‍, എയ്‌ലീന്‍ ഓംസ്ബി (Eileen Ormsby) എന്ന സ്ത്രീ രാപകലില്ലാതെ, കഠിന ശ്രമത്തിലൂടെ ഇതെല്ലാം സംഘടിപ്പിച്ച് ഇന്റര്‍നെറ്റിന്റെ കാണാപ്പുറങ്ങളിലേക്ക് മുങ്ങാങ്കുഴിയിട്ടു. അവര്‍ക്കു വേണ്ടത് പണം കൊടുത്താല്‍ കൊല്ലാന്‍ തയാറുള്ള, മലയാളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ക്വൊട്ടേഷന്‍' ഏറ്റെടുക്കാന്‍ തയാറുള്ള ഒരാളെയായിരുന്നു. അവസാനം അവര്‍ ഒരു വാടകക്കൊലയാളിയുടെ ചാറ്റ് ബോക്‌സിലെത്തി തന്റെ മൃഗീയമായ ആവശ്യം ഉന്നയിച്ചു:

‘ഓസ്‌ട്രേലിയയിലുള്ള ഒരാളെ കൊല്ലാന്‍ താങ്കള്‍ക്കു സാധിക്കുമോ? എന്റെ മുന്‍ ഭര്‍ത്താവ് ഇപ്പോഴും തല്ലും പടയുമായി നടക്കുകയാണ്. കോടതി അയാള്‍ക്ക് എന്റെ മക്കളെ കാണാന്‍ അനുവാദം കൊടുത്തിട്ടുണ്ട്’ – എന്നാണ് അവര്‍ ചാറ്റിൽ പറഞ്ഞത്.

പിന്നെ ഡാർക് വെബിൽ നടന്ന സംഭാഷണങ്ങള്‍ ഇരുവര്‍ക്കും സമ്മതമുള്ള വ്യവസ്ഥകളില്‍ എത്തിച്ചേരാനായിരുന്നു- ബിറ്റ്‌കോയിന്‍ ഉപയോഗിച്ച്, ആരാണെന്നു കണ്ടുപിടിക്കാന്‍ ഒരു നിവര്‍ത്തിയുമില്ലാത്ത, ആ ആപരിചിതന് പൈസ കൈമാറ്റം ചെയ്യാനുള്ള നൂലാമാലകള്‍ അഴിച്ചെടുക്കാനുള്ള ശ്രമം.

ഇത്തരത്തില്‍ 'ഇന്റര്‍നെറ്റ് കൊലപാതകികള്‍' എന്നു പരസ്യം നല്‍കി കാത്തിരിക്കുന്നവരൊക്കെ പൊതുവെ തട്ടിപ്പുകാരായിരിക്കും. തേടിച്ചെല്ലുന്നവരുടെ പൈസയും തട്ടിയെടുത്ത് അപ്രത്യക്ഷമാകലാണ് അവരുടെ പണി തന്നെ. എന്നാല്‍, എയ്‌ലീന്‍ എത്തിയ ചാറ്റ് ബോക്‌സില്‍ കിട്ടിയത് ശരിക്കുമുള്ള ആളുകളെ തന്നെയായിരുന്നു. അവര്‍ ഒരു സാധാരണ സ്ത്രീ ആയിരുന്നില്ല. അവര്‍ ഡാര്‍ക്ക് വെബില്‍ ഗവേഷണത്തിന് ഇറങ്ങിയ എഴുത്തുകാരിയും 'all things vice' എന്ന ബ്ലോഗിന്റെ ഉടമയുമാണ്. അവര്‍ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് മരിച്ചു പോയ ഒരാളുടെ പേരിലായിരുന്നു. എയ്‌ലീന്‍ ഡാര്‍ക് വെബിനെക്കുറിച്ച് വേണ്ടത്ര പഠനങ്ങള്‍ നടത്തിയ ശേഷമാണ് മുങ്ങാങ്കുഴിയിട്ടത്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഡാര്‍ക് വെബിലെ ഏറ്റവും നല്ല കൊലപാതക സൈറ്റുകളിലൊന്ന് എന്ന് അറിയപ്പെടുന്ന ബെസാ മാഫിയയില്‍ (Besa Mafia) എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടായില്ല.

ആരും അറിയാതെ ക്വട്ടേഷന്‍ കൊടുക്കാന്‍ ശ്രമിക്കുന്ന, അറിവില്ലാത്ത പലരും കൊടുക്കുന്ന പണവുമായി ഡാര്‍ക് വെബിലെ ഡോണുമാര്‍ (don) കടന്നുകളയുകയാണ് പതിവ്. എന്നാല്‍ ബ്രിട്ടനിലുള്ള ഒരു ഹാക്കറുടെ സഹായത്തൊടെ ഈ വെബ്‌സൈറ്റില്‍ വീണ്ടും എത്തുമ്പോള്‍ കണ്ടത് കൊല ചെയ്യാന്‍ പോകുന്നവരുടെ ഒരു ലിസ്റ്റാണ്. ഈ ലിസ്റ്റ്, എയ്‌ലീനും ഹാക്കറും പൊലീസിനു കൈമാറി. എന്നാല്‍ ഇവര്‍ ഏതോ വട്ടന്മാരാണെന്നാണ് അധികാരികള്‍ കരുതിയത്. എന്നാല്‍ താമസിയാതെ ലിസ്റ്റിലെ ഒരാള്‍ കൊല ചെയ്യപ്പെട്ടു.

അപ്പോള്‍ അന്തരീക്ഷം മുഴുവന്‍ മാറി. പൊലീസ് എയ്‌ലീനെയും സുഹൃത്തിനെയും ഗൗരവത്തിലെടുക്കാന്‍ തുടങ്ങി. എഫ്ബിഐ (FBI) മുതല്‍ പല ഏജന്‍സികളും ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. അവര്‍ കണ്ടെത്തിയ വെബ്‌സൈറ്റിനു പിന്നില്‍ ഒരാളായിരുന്നു. തന്നെപ്പറ്റി ബ്ലോഗില്‍ എഴുതരുതെന്ന് അയാള്‍ എയ്‌ലീനോട് കേണപേക്ഷിച്ചു. അയാള്‍ പറഞ്ഞത് താന്‍ ആളുകളുടെ പൈസ കൈപ്പറ്റി അവരെ പറ്റിക്കുന്നതിനാല്‍, അവര്‍ മറ്റു കൊലപാതകികളെ തേടി പോകില്ല എന്നായിരുന്നു. ഡാര്‍ക്ക് വെബിലെ യാത്രയ്ക്കിടിയില്‍ എയ്‌ലീന്‍ പരിചയപ്പെട്ട നിരവധി ആളുകളില്‍ ഒരാള്‍ മാത്രമാണ് ഇയാള്‍.

എയ്‌ലീന്റെ ആദ്യ പുസ്തകം ഇന്റര്‍നെറ്റിലെ മയക്കുമരുന്നു മാഫിയയെക്കുറിച്ചുള്ള കുപ്രസിദ്ധമായ സില്‍ക്ക് റോഡ് ('Silk Road') ആയിരുന്നു. ഇതില്‍ പരാമര്‍ശിച്ച മാഫിയ നേതാവായ റോസ് Ulbricht ഇപ്പോള്‍ അമേരിക്കയിലെ ജയിലില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.

കാമുകനെ സ്വന്തമാക്കാൻ ഭാര്യയെ വധിക്കാനും കൊട്ടേഷൻ

സ്നേഹിച്ച യുവാവിനെ സ്വന്തമാക്കുന്നതിന് ഇയാളുടെ ഭാര്യയെ വധിക്കാൻ ഡാർക്ക് വെബ് കമ്പനിക്ക് 10,000 ഡോളറിന്റെ ക്വട്ടേഷൻ നൽകിയ ഇല്ലിനോയ് ഡെസ്പ്ലെയ്ൻസിൽ നിന്നുള്ള ടീനാ ജോൺസിനെ (31) പൊലീസ് അറസ്റ്റു ചെയ്തതും അടുത്തിടെയാണ്.

സമാനമായ മറ്റൊരു ഡാർക് വെബ് കേസിൽ ചതിച്ച കാമുകിയെ മാനഭംഗപ്പെടുത്തി, വിഡിയോ പകർത്തി പോൺ വെബ്സൈറ്റുകളിലെല്ലാം പോസ്റ്റ് ചെയ്യാനായിരുന്നു. ഡാർക് വെബിലെ പരസ്യത്തിൽ വൻ തുകയാണ് ഇതിനായി ഡെവിൾ (വ്യാജ പേര്) ഓഫർ ചെയ്തിരുന്നത്. കാമുകിയെ ചിത്രങ്ങളും കൃത്യമായ വിവരങ്ങളും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവിടെ നടക്കുന്ന സംഭവങ്ങളെല്ലാം പുറംലോകം അറിയാൻ ഏറെ താമസിക്കും.

ഡാർക്ക്‌നെറ്റ്: നിങ്ങളറിയാത്ത ഇന്റർനെറ്റിലെ അധോലോകം

ഗൂഗിളും ഫെയ്‌സ്ബുക്കും ഏതാനും വാർത്ത, ഷോപ്പിങ് വെബ്‌സൈറ്റുകളുമായാൽ സാധാരണക്കാരന് ഇന്റർനെറ്റായി. എന്നാൽ, യഥാർഥ ഇന്റർനെറ്റിലെ ഉള്ളടക്കം പുറമേ കാണുന്നതിന്റെ അനേകം അനേകം മടങ്ങാണ്. ഡാർക്ക് വെബ് അല്ലെങ്കിൽ ഡാർക്ക് നെറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്റർനെറ്റിലെ അധോലോകം സത്യത്തിൽ എന്താണ് ?

സാധാരണ ഉപയോക്താവിന് ഇന്റർനെറ്റ് എന്നാൽ ഗൂഗിൾ സേർച്ച് വഴി ലഭിക്കുന്ന സേവനങ്ങളാണ്. വെബ്‌സൈറ്റാണെങ്കിൽപ്പോലും ഗൂഗിൾ സേർച്ചിൽ കിട്ടിയെങ്കിലും ബ്രൗസറിൽ വിലാസം കൊടുത്താൽ തുറന്നെങ്കിലേ ഉപയോഗമുള്ളൂ. എന്നാൽ, യഥാർഥത്തിൽ ഇന്റർനെറ്റിലെ ഉള്ളടക്കം ഇത്തരത്തിൽ സേർച്ച് എൻജിനുകൾ ഇൻഡെക്‌സ് ചെയ്തിരിക്കുന്നതിന്റെയും ബ്രൗസറുകൾ തുറക്കുന്നതിന്റെയും അഞ്ഞൂറിരട്ടിയാണ്. ഗൂഗിൾ സേർച്ച് എൻജിനിൽ കോടിക്കണക്കിന് വെബ്‌സൈറ്റുകളും പേജുകളും ഇൻഡെക്‌സ് ചെയ്തിട്ടുണ്ടെങ്കിലും ഇന്റർനെറ്റിലെ ആകെ ഉള്ളടക്കത്തിന്റെ 16 ശതമാനം മാത്രമാണ് അത്. ഓരോ ഗൂഗിൾ സേർച്ചും അവതരിപ്പിക്കുന്ന റിസൾട്ട് മൊത്തം ഉള്ളടക്കത്തിന്റെ 0.03 ശതമാനവും.

എന്താണ് ഡാർക്ക്‌നെറ്റിലുള്ളത്, എങ്ങനെയാണ് ഡാർക്ക്‌നെറ്റിന്റെ പ്രവർത്തനം ? ഡാർക്ക്‌നെറ്റിൽ എല്ലാമുണ്ട്. ലഹരിമരുന്നും വ്യാപാരവും കള്ളനോട്ടും വ്യാജരേഖാ വ്യവസായവും തുടങ്ങി ആയുധവ്യാപാരവും അവയവവ്യാപാരവും വരെ ഡാർക്ക്‌നെറ്റിൽ അനുദിനം സജീവമായി നടക്കുന്നുണ്ട്. സേവനദാതാക്കളും ബ്രൗസറുകളും സെൻസർ ചെയ്യുന്ന ഈ സേവനങ്ങൾ പിന്നെങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് അടുത്ത പ്രധാന ചോദ്യം. ബിറ്റ്‌കോയ്ൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികളാണ് ഡാർക്ക്‌നെറ്റിന്റെ നാണയങ്ങൾ. റഷ്യയിലും യുക്രെയിനിലും വേരുകളുള്ള വെബ്‌ഹോസ്ററിങ് സേവനങ്ങളാണ് ഇത്തരം പേജുകളും സൈറ്റുകളും ഹോസ്റ്റ് ചെയ്യുന്നത്. മുഖ്യധാരാ ഹോസ്റ്റിങ് കമ്പനികളെപ്പോലെ ഊരും പേരും വിലാസവുമൊന്നുമില്ലാതെ തന്നെ ഹോസ്റ്റിങ് നടത്താൻ തയ്യാറായ ഈ കമ്പനികൾ പ്രതിഫലം കൈപ്പറ്റുന്നതും ബിറ്റ്‌കോയ്‌നായാണ്.

ക്ലൗഡ് കംപ്യൂട്ടിങ് വൻകിട കമ്പനികളുടെയും സാധാരണക്കാരുടെയുമൊക്കെ പ്രവർത്തനശൈലി മാറ്റിയതുപോലെ ഡാർക്ക് നെറ്റിന്റെ ശൈലിയും മാറ്റി. ഗൂഗിളും ആമസോണും മൈക്രോസോഫ്റ്റും ഉഗ്രൻ പോരാട്ടം നടത്തുന്ന ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് ക്ലൗഡ് സേർവറുകളിൽ ശേഖരിക്കുന്ന വിവരങ്ങളിൽ സെൻസറിങ്ങില്ലാത്തതിനാൽ ഡാർക്ക് നെറ്റിന് ഇതൊരു സുരക്ഷിത ലോക്കർ ആണ്. ഏറ്റവും പുതിയ പഠനം അനുസരിച്ച് ലോകത്തെ മുഴുവൻ സൈബർ ആക്രമങ്ങളുടെ 16 ശതമാനവും ആമസോൺ ക്ലൗഡിൽ നിന്നാണ് നിയന്ത്രിക്കപ്പെടുന്നത്. ഇതിനു പുറമേ മാൽവെയർ ഉൾപ്പെടെ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന എല്ലാത്തരം ക്രൈംവെയറുകളും (ക്രിമിനൽ സോഫ്റ്റ് വെയർ) കാലോചിതമായി മികവു നേടിയിട്ടുണ്ട്.

ഗൂഗിളിന്റെ വലയിൽ കുടുങ്ങാത്ത ഇന്റർനെറ്റിന്റെ ഈ ആഴങ്ങളിൽ കുറ്റവാളികളും കുറ്റകൃത്യങ്ങളും മാത്രമല്ല, വിവിധ കാരണങ്ങളാൽ മറഞ്ഞിരിക്കുന്ന അനേകം വിവരങ്ങളുമുണ്ട്. ടോർ ബ്രൗസർ, ഒനിയൻ റൂട്ടർ തുടങ്ങിയവയിലൂടെയേ ഇത്തരം വെബ്‌സൈറ്റുകളിലേക്കും പേജുകളിലേക്കും പ്രവേശിക്കാനും ഇടപാടുകൾ നടത്താനുമാവൂ. ഒനിയൻ റൂട്ടർ അധിഷ്ഠിതമായി ഗ്രാംസ് എന്ന പേരിൽ ഡാർക്ക്‌നെറ്റിനു വേണ്ടി മാത്രമായി ഒരു സേർച്ച് എൻജിനും നിലവിലുണ്ട്. ഇന്റർനെറ്റ് എന്നാൽ, പുറമേ കാണുന്ന സ്വതന്ത്രസുന്ദരലോകം മാത്രമല്ല, അതിന്റെ അനേകം മടങ്ങ് ആഴമുള്ള ദുർഗ്രാഹ്യവും സങ്കീർണവും അതേസമയം അപകടകരവുമായ ഒരു വ്യവസ്ഥിതി കൂടിയാണെന്നു ചുരുക്കം.

related stories