Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ ഇ–കച്ചവടത്തിന് ഗൂഗിൾ; പിച്ചൈയ്ക്കൊപ്പം അംബാനിയും ഇറങ്ങുമോ?

e-commerce-india

ആമസോണും ഫ്‌ളിപ്കാര്‍ട്ടും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ തന്നെ ഉപയോക്താവിനു നല്ല ഗുണം കിട്ടിയേക്കുമെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍, മത്സരരംഗത്തേക്ക് കൂടുതല്‍ വമ്പന്‍ കളിക്കാര്‍ എത്തുകയും മത്സരം മുറുകുകയും ചെയ്യുമെന്നും അത്, ആദ്യകാലത്തെങ്കിലും ഉപഭോക്താക്കള്‍ക്ക് അനുകൂലമായേക്കുമെന്നുമാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. പക്ഷേ, ഇതെല്ലാം സാധാരണ വ്യാപാരികള്‍ക്ക് വന്‍ തിരിച്ചടിയുണ്ടാക്കാന്‍ സാധ്യതയുമുണ്ട്.

ഫ്‌ളിപ്കാര്‍ട്ടില്‍ പൈസ നിക്ഷേപിക്കാന്‍ ഒരുങ്ങിയ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളാണ് ഇപ്പോള്‍ ഇന്ത്യയില്‍ സ്വന്തം ഓണ്‍ലൈന്‍ വില്‍പ്പനശാല തുടങ്ങാന്‍ ശ്രമിക്കുന്നതായി കേള്‍ക്കുന്നത്. രണ്ടു ബില്ല്യന്‍ ഡോളര്‍ ഗൂഗിളും മുടക്കി വോള്‍മാര്‍ട്ടിനൊപ്പം ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമകളില്‍ ഒരാളാകുമെന്നു കരുതിയിരുന്നു. ഫ്‌ളിപ്പ്കാര്‍ട്ടിന് ഇട്ടിരുന്ന മൂല്ല്യമായ 16-ബില്ല്യന്‍ ഡോളര്‍ എന്ന തുക ഊതിപ്പെരുപ്പിച്ചതാണെന്നു വിലയിരുത്തിയാണത്രെ ഗൂഗിള്‍ പിന്‍വലിഞ്ഞത്. 

കൂടാതെ, ഫ്‌ളിപ്കാര്‍ട്ടില്‍ ഇത്ര വിലയ തുക മുടക്കിയത് വോള്‍മാര്‍ട്ടിന്റെ നിക്ഷേപകരില്‍ ആശങ്ക പടര്‍ത്തിയതും ഗൂഗിളിനെ പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ച ഘടകമാണ്. (ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കാനായി 22-ബില്ല്യന്‍ ഡോളര്‍ മുടക്കാന്‍ തയാറായ ആമസോണ്‍ ഇപ്പോള്‍ ഒരു ആശ്വാസച്ചിരി ചിരിക്കുന്നുണ്ടാകും.) മറ്റൊരു രാജ്യത്തും ഇത്തരമൊരു സംരംഭമില്ലാത്ത ഗൂഗിള്‍ ഇന്ത്യയില്‍ അരങ്ങേറ്റം നടത്താനാണ് ആഗ്രഹിക്കുന്നതത്രെ. അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ചുവടുറപ്പിച്ച ആമസോണിന്റെ വഴി പിന്തുടരാനാണ് ഗൂഗിള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതത്രെ. എന്നാല്‍, ഗൂഗിള്‍ ഈ വാര്‍ത്തകളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

നിലവില്‍ ഇന്ത്യന്‍ ഇ–കൊമേഴ്‌സ് രംഗത്തിന്റെ വലിപ്പം ഏകദേശം 38.2 ബില്ല്യന്‍ ഡോളറാണെന്നാണു വിലയിരുത്തല്‍. ഇത് 2020ല്‍ തന്നെ 100 ബില്ല്യന്‍ ഡോളറാകുമെന്നും പറയുന്നു. മറ്റു പല രാജ്യങ്ങളിലും ഇ–കൊമേഴ്‌സ് രംഗം പൂരിതമായി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ വലിപ്പം കൊണ്ട് വന്‍ സാധ്യതകളാണ് പല കമ്പനികളും കാണുന്നത്. ഇന്ത്യന്‍ ഇ–കൊമേഴ്‌സ് രംഗത്തേക്ക്, ഗൂഗിളിനെ കൂടാതെ റിലയന്‍സിന്റെ പേരും പറഞ്ഞു കേള്‍ക്കുന്നുവെന്നതാണ് മറ്റൊരു കാര്യം. ഇവയെല്ലാം വരികയാണെങ്കില്‍ സാധാരണ കടക്കാരന്റെ വയറ്റത്തടിക്കാനുള്ള സാധ്യതയുമുണ്ട്. ഇത്തരം വന്‍കിട കമ്പനികള്‍ വലിച്ചെടുത്തു കൊണ്ടുപോകുന്ന പൈസ എങ്ങനെ സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ ഭാവിയില്‍ ബാധിക്കുമെന്ന കാര്യവും പഠനാര്‍ഹമാണ്.

ഇപ്പോള്‍ ഗൂഗിളിന് സ്വന്തമായി ഇ–കൊമേഴ്‌സ് ബിസിനസ് ഒരു രാജ്യത്തുമില്ലെങ്കിലും, അവര്‍ അടുത്തിടെ ഒരു ചൈനീസ് ഓണ്‍ലൈന്‍ വ്യാപര ശ്രംഘലയില്‍ 550 മില്ല്യന്‍ ഡോളര്‍ നിക്ഷേപിച്ച് ഈ രംഗത്ത് തങ്ങള്‍ക്കുള്ള താത്പര്യം വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, സുന്ദര്‍ പിച്ചൈ നയിക്കുന്ന ഗൂഗിള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്ത്യയില്‍ സ്വന്തം ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങുന്ന കാര്യം പരിഗണിച്ചുകൊണ്ടിരിക്കുയായിരുന്നു എന്നാണ് പറയുന്നത്. ഇന്ത്യയില്‍ സംഘടിപ്പിച്ച 2,000 വര്‍ക്‌ഷോപ്പുകളില്‍ പങ്കെടുക്കുകയും തങ്ങളുടെ സംരംഭത്തിന് അനുയോജ്യരായ സെല്ലര്‍മാരെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനോടകം 15,000 സെല്ലര്‍മാരെ ഗൂഗിള്‍ കണ്ടുവച്ചു കഴിഞ്ഞുവത്രെ. ഇതാകട്ടെ, ഗൂഗിളിന്റെ രാജ്യാന്തര പ്രൊഡക്ട് മാനേജര്‍ സീസര്‍ സെന്‍ഗുപ്തയുടെ ആവശ്യപ്രകാരമാണ് നടത്തിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ടെസ് (Tez) എന്ന പെയ്‌മെന്റ് ആപ്പ് ഗൂഗിള്‍ പുറത്തിറക്കിയത് സെല്ലര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ആയിരുന്നുവെന്നും വാര്‍ത്തകളുണ്ട്. ഇതോടൊപ്പം മാര്‍ക്കറ്റ് പഠനവും മുറയ്ക്കു നടത്തിക്കഴിഞ്ഞുവത്രെ.

ഗ്രാമീണ മേഖലയിലേക്ക് എങ്ങനെ കടന്നു കയറണം എന്നതിനെക്കുറിച്ചു പോലും ഗൂഗിള്‍ പഠനം നടത്തിക്കഴിഞ്ഞു എന്നും പറയുന്നു. കമ്പനി 48,000 പങ്കാളികളെ (saathis) ഗ്രാമീണ മേഖല കീഴടക്കാന്‍ കണ്ടെത്തി കഴിഞ്ഞുവത്രെ. ഗ്രാമീണര്‍ സ്വന്തമായി സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ സജ്ജരാകുന്നതു വരെ അവരെ സഹായിക്കാനായിരിക്കും ഇവരുടെ സേവനം ഉപയോഗിക്കുക.

തുടക്കത്തില്‍, 18 മില്ല്യന്‍ ജിമെയിൽ ഉപയോക്താക്കളെയായിരിക്കും ഗൂഗിള്‍ പ്രധാന വ്യാപാരത്തിനായി ഉന്നമിടുക. പ്രാദേശിക ഭാഷകളില്‍ സെര്‍ച് ഫീച്ചറുകള്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളെക്കുറിച്ചും ഗൂഗിള്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ടാകാം. നേരത്തെ തന്നെ തങ്ങള്‍ക്ക് ഈ രംഗത്തേക്ക് ഇറങ്ങാമായിരുന്നുവെങ്കിലും ഗൂഗിള്‍ കാത്തിരുന്നത്, ഇന്ത്യന്‍ ഉപഭോക്താക്കളെക്കുറിച്ച് മുന്‍ധാരണ ഉണ്ടാക്കിയെടുക്കാന്‍ ആയിരുന്നു എന്നാണ് പറയുന്നത്.