Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരുടെ കോളും ചാറ്റും അമേരിക്ക ചോർത്തി, പിന്നിൽ എൻഎസ്എ

NSA

എഡ്വേഡ് സ്നോഡൻ പുറത്തുവിട്ട തെളിവുകളുടെ പേരിൽ കേട്ട വിമർശനങ്ങൾ കൊണ്ടൊന്നും പാഠം പഠിച്ചിട്ടില്ല അമേരിക്ക. നാഷനൽ സെക്യൂരിറ്റി ഏജൻസി (എൻഎസ്എ)യുടെ നേതൃത്വത്തിൽ യുഎസ് ജനതയുടെ ജീവിതത്തിന്മേലുള്ള ‘ഒളിഞ്ഞുനോട്ടം’ തുടരുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ‘ദി ഇന്റർസെപ്റ്റ്’ പോർട്ടലാണ് അമേരിക്കൻ ടെലികോം ഭീമൻ എടി ആൻഡ് ടിയും  എൻഎസ്എയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കഥ പുറത്തെത്തിച്ചിരിക്കുന്നത്. 

യുഎസിലെ എട്ടിടങ്ങളിലെ എടി ആൻഡ് ടിയുടെ ഇന്റർനെറ്റ് ഡേറ്റ പ്രോസസിങ് സെന്ററുകൾ ഉപയോഗപ്പെടുത്തി രാജ്യത്തെ മാത്രമല്ല ഇന്ത്യയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലെയും വിവരങ്ങൾ എൻഎസ്എ ചോർത്തുന്നുവെന്നാണു റിപ്പോർട്ട്. എട്ട് ഡേറ്റ സെന്ററുകളുടെയും വിലാസം ഉൾപ്പെടെയാണു പുറത്തുവന്നിരിക്കുന്നത്. എൻഎസ്എ മുൻ കരാർ ജീവനക്കാരനായിരുന്ന എഡ്വേഡ് സ്നോഡൻ ഏതാനും വർഷം മുന്‍പ് അമേരിക്കയുടെ ഈ ‘ഒളിഞ്ഞുനോട്ട’ത്തെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നു. അന്ന് ഒട്ടേറെ പ്രതിഷേധവും ഇതിന്റെ പേരിൽ നടന്നു. സ്വന്തം ജനങ്ങളെത്തന്നെ വിശ്വാസമില്ലാത്ത ഭരണകൂടം എന്നായിരുന്നു യുഎസിനു നേരെയുള്ള പ്രതിഷേധം. 

എന്നാൽ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു ശേഷം സ്വന്തം രാജ്യത്തെ ജനങ്ങളുടെ പോലും പ്രവൃത്തികളെപ്പോലും സംശയത്തോടെയാണു യുഎസ് കാണുന്നതെന്നതാണു സത്യം. എടി ആൻഡ് ടിയ്ക്കു കീഴിലുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഇ–മെയിലുകളും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും അവർ ഇന്റർനെറ്റിൽ എന്തെല്ലാം തിരഞ്ഞു എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് എൻഎസ്എ ചോർത്തിയത്. കോടിക്കണക്കിന് ഇമെയിലുകൾ, ഫോൺ വിളികൾ, ഓൺലൈൻ ചാറ്റുകൾ എന്നിവയെല്ലാം ഇതുവഴി വർഷങ്ങളോളം ചോർത്തിയിട്ടുണ്ട്. 

ഇതിനു വേണ്ടി എടി ആൻഡ് ടിയുടെ ‘പിയറിങ് സൈറ്റുകളാണ്’ എൻഎസ്എ ഉപയോഗപ്പെടുത്തിയത്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർ (ഐഎസ്പി) തമ്മിൽ ‘ട്രാഫിക് എക്സ്ചേഞ്ചിനുള്ള’ സംവിധാനമാണിത്. സർവീസ് നോഡ് റൂട്ടിങ് കോംപ്ലക്സുകൾ എന്നാണ് എടി ആൻഡ് ടി ഇവയെ വിശേഷിപ്പിക്കുന്നത്. കലിഫോർണിയയിൽ രണ്ട്, വാഷിങ്ടണിലും വാഷിങ്ടൻ ഡിസിയിലും ന്യൂയോർക്കിലും ടെക്സസിലും ഇലിനോയിസിലും ജോർജിയയിലും ഓരോന്നു വീതം എന്ന കണക്കിനാണ് എടി ആൻഡ് ടിയുടെ സെന്ററുകൾ എൻഎസ്എ ഉപയോഗപ്പെടുത്തിയത്. 

എടി ആൻഡ് ടി ഉപയോക്താക്കളുടെ മാത്രമല്ല യുഎസിലെ മറ്റ് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരിൽ നിന്നുള്ള വിവരങ്ങളും പിയറിങ് സൈറ്റുകൾ വഴി ലഭിക്കും. ഇവ കൂടാതെ സ്വീഡൻ, ഇന്ത്യ, ജര്‍മനി, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള ടെലികോം കമ്പനിയിലെ വിവരങ്ങളും എൻഎസ്എ ചോർത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു. പിയറിങ് സൈറ്റ് വഴി എടി ആൻഡ് ടിയുടെയും മറ്റു കമ്പനികളുടെയും നെറ്റ്‌വർക്കുകൾ തമ്മിലുള്ള ഡേറ്റ കൈമാറ്റം നടക്കുമ്പോൾ അതിൽ ‘കൈ കടത്തി’യാണ് എൻഎസ്എയുടെ ചോർത്തൽ. 

NSA

ഇത്തരത്തിൽ പല കമ്പനികളുടെ ഡേറ്റ ദിവസത്തിലോ ആഴ്ചയിലോ മാസത്തിലോ ഒരിക്കലെങ്കിലും പിയറിങ് സൈറ്റുകളിലൂടെ കൈമാറ്റം ചെയ്യപ്പെടാറുണ്ട്. ആ നിമിഷത്തിലാണ് എൻഎസ്എയുടെ ഇടപെടലും. രണ്ടു പതിറ്റാണ്ടായി എടി ആൻഡ് ടി കമ്പനിയിൽ ജോലി ചെയ്യുന്നവർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2015ലും എടി ആൻഡ് ടിയ്ക്കെതിരെ സമാന വിമർശനം ഉയർന്നിരുന്നു. സ്നോഡൻ പുറത്തുവിട്ട രേഖകളിലൂടെയായിരുന്നു ഇക്കാര്യം വ്യക്തമായത്. എന്നാൽ നിയമാനുസൃതമായുള്ള ചോർത്തലിനു സർക്കാരിന് അനുവാദം നൽകിയിട്ടുണ്ടെന്നായിരുന്നു എടി ആൻഡ് ടിയുടെ വാദം. കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകട്ടെ കമ്പനി തയാറുമല്ല.

related stories