Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നറിയിപ്പ്: ഗൂഗിളിൽ തിരഞ്ഞ അവൾ ഞെട്ടി, എല്ലാം തന്റെ നഗ്നചിത്രങ്ങൾ , വിഡിയോകൾ

girl-abuse

ആറു വര്‍ഷം മുൻപു നടന്ന കാര്യമാണ്. ദക്ഷിണേന്ത്യയിലെ ദമ്പതികളാണിവര്‍. തന്റെ ഭര്‍ത്താവ് കാറില്‍നിന്ന് ഇറങ്ങിയതേ കലിതുള്ളിയാണെന്നു കണ്ടതോടെ അവളുടെ മനസ്സിടറി. അദ്ദേഹം ഓഫിസിലെ വിഷമങ്ങള്‍ പലതും വീട്ടിലേക്കും കൊണ്ടുവരാറുണ്ട്. അങ്ങനെ എന്തെങ്കിലുമായിരിക്കും എന്നാണ് അവള്‍ കരുതിയത്.

‘നിന്റെ ഫോട്ടോ ഇന്നെനിക്ക് വാട്‌സാപ്പില്‍ കിട്ടി’- ദേഷ്യവും തളര്‍ച്ചയും ഒരു പോലെ പ്രകടിപ്പിക്കുന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞു. ‘എന്തു ഫോട്ടോ?’ അവള്‍ ചോദിച്ചു. അയാള്‍ തന്റെ വാട്‌സാപ്പ് തുറന്ന്, അവള്‍ മാറിടം കാട്ടി ചിരിച്ചു നില്‍ക്കുന്ന ചിത്രം കാണിച്ചു. 
‘ഇതു ഞാനല്ല’- ആര്യ പറഞ്ഞു.
‘സൂക്ഷിച്ചു നോക്കെടീ’.
അവള്‍ സൂക്ഷിച്ചു നോക്കി. മുഖം തന്റെതു തന്നെ! അവള്‍ താമസിയാതെ ആ മുഖഭാവത്തിലുള്ള തന്റെ ഏക ഫോട്ടോയെക്കുറിച്ച് ഓര്‍ത്തു. അത് കൂര്‍ഗില്‍ വച്ചെടുത്തതാണ്. ഈ ചിത്രത്തില്‍ പശ്ചാത്തലം വ്യത്യസ്തമാണ്.
‘ഇത് നിങ്ങളുടെ ഫെയ്‌സ്ബുക് പേജില്‍ പോസ്റ്റു ചെയ്ത ചിത്രത്തിലെ എന്റെ മുഖമാണ്. നമുക്കു പൊലീസിനെ അറിയിക്കാം’.
വിദ്യാഭ്യാസമുള്ള അവള്‍ പറഞ്ഞു. ഭര്‍ത്താവിനു ശ്വാസം പകുതി നേരെ വീണെങ്കിലും അയാള്‍ ആകെ തളര്‍ന്നു പോയിരുന്നു. കൂടുതല്‍ നാറ്റിക്കേണ്ടെന്നു പറഞ്ഞ് അവര്‍ കേസിനു പോയില്ല. സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തില്‍ അവളുടെ പല ചിത്രങ്ങളും പോണ്‍ സൈറ്റുകളില്‍ എത്തിയിരുന്നതായി അവര്‍ കണ്ടെത്തി. എല്ലാം ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക് പേജില്‍ പതിച്ചിരുന്നവയാണ്. അദ്ദേഹത്തിന്റെ കൂട്ടുകാര്‍ ആരോ ആയിരിക്കാം ചിത്രങ്ങള്‍ പുറത്തായതിനു പിന്നിലെന്ന തീരുമാനത്തില്‍ അവര്‍ എത്തി. പക്ഷേ, തികച്ചും യാഥാസ്ഥിതികമായ പശ്ചാത്തലമുള്ള അവരുടെ ജീവിതത്തിൽ പിന്നീടു വല്ലാത്ത മാറ്റങ്ങള്‍ വന്നു. തങ്ങളെ ആളുകള്‍ തിരിച്ചറിയുമോ എന്ന പേടി അവരെ തളര്‍ത്തി. പോണ്‍ സൈറ്റുകളില്‍നിന്നു നീക്കം ചെയ്യിപ്പിച്ചാല്‍ പോലും അവ മറ്റെവിടെയെങ്കിലും പൊങ്ങി വരുമെന്നാണ് അവര്‍ക്കു കിട്ടിയ ഒരു ഉപദേശം.

ഇന്റര്‍നെറ്റില്‍ പതിക്കുന്ന ചിത്രങ്ങളും ഫോണിലും മറ്റും സേവ് ചെയ്തു വയ്ക്കുന്ന ഫോട്ടോകളും ചിലപ്പോള്‍ കുറച്ചു നാള്‍ കഴിയുമ്പോള്‍ ഉടമയുടെ അറിവോ സമ്മതമോ കൂടാതെ സ്വന്തം ജീവിതം തുടങ്ങിയേക്കാം. ഫെയ്‌സ്ബുക്കിനെ പോലെയുള്ള സമൂഹമാധ്യമങ്ങള്‍ തന്നെ ചിത്രങ്ങള്‍ എല്ലാക്കാലത്തേക്കുമായി സേവ് ചെയ്യുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നു. നിങ്ങളുടെ പേജില്‍നിന്ന് ഫോട്ടോ ഡിലീറ്റ് ചെയ്താലും ഇത് ഫെയ്‌സ്ബുക്കിന്റെ സെര്‍വറുകളില്‍ ഭദ്രമായി ഇരിക്കും. വാട്‌സാപ്പിന്റെ കാര്യത്തിലും ഇതായിരിക്കും സ്ഥിതി. ഇവ എന്നെങ്കിലും ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയൊന്നും തള്ളിക്കളയാനാകില്ല. നിങ്ങളുടെയോ നിങ്ങളുടെ സുഹൃത്തുക്കളില്‍ ആരുടെയെങ്കിലുമോ ഫോണ്‍ കേടായി എന്നു കരുതുക. നന്നാക്കാന്‍ കൊടുക്കുമ്പോള്‍ അതിന്റെ പാസ്‌വേഡ് നല്‍കേണ്ടതായി വരും. ചിത്രങ്ങളും വിഡിയോയും ഇമെയിലും സമൂഹമാധ്യമ ആപ്പുകളും എല്ലാം ടെക്‌നീഷ്യനു തുറന്നു കിട്ടിയേക്കാം. വിരുതന്മാര്‍ ആവശ്യമുള്ളതെല്ലാം അടിച്ചു മാറ്റാം. ബ്ലാക്‌മെയ്‌ലിങ്ങിനു പോലും സാധ്യതയുമുണ്ട്.

ഇതെല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഓസ്‌ട്രേലിയക്കാരിയയായ നൊയേല്‍ മാര്‍ട്ടിന്റെ കഥ വായിച്ചതു കൊണ്ടാണ്. അവളിന്നു കുപ്രസിദ്ധയാണ്. ഇപ്പോള്‍ 23 വയസ്സുള്ള അവളുടെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് 18-ാം വയസ്സിലാണ്. പലരും ജിജ്ഞാസ കൊണ്ട് സ്വന്തം പേര് ഗൂഗിളും ബിങ്ങും പോലെയുള്ള സെര്‍ച്ച് എൻജിനുകളില്‍ അടിച്ചു കൊടുത്ത് തന്നെക്കുറിച്ച് എന്ത് അറിവാണ് ഇന്റര്‍നെറ്റിലുള്ളതെന്നു പരിശോധിക്കും. അതുപോലെ വെറുതെ ഒരു രസത്തിനാണ് അവളും അന്ന് സ്വന്തം പേര് സെര്‍ച്ചു ചെയ്തത്. ഫെയ്‌സ്ബുക് പ്രൊഫൈലില്‍ നല്‍കിയിരുന്ന തന്റെ ചിത്രം റിവേഴ്‌സ് സെര്‍ച്ച് ചെയ്തപ്പോഴാണ് ശരിക്കും ഞെട്ടിത്തകര്‍ന്നു പോയത്. തന്റെ പേരില്‍ത്തന്നെ പല പോണ്‍സൈറ്റുകളിലും സ്വന്തം മുഖം മറ്റാരുടെയൊക്കെയോ നഗ്ന ശരീരവുമായി ചേര്‍ത്ത് പോസ്റ്റ് ചെയ്തിരിക്കുന്നു! താന്‍ ആരുടെയൊക്കെയോ ഭാവനയ്ക്ക് അനുസരിച്ച് അനേകം രീതികളില്‍ പോസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നു.

‘ആ ചിത്രങ്ങള്‍ ആദ്യം കണ്ടപ്പോള്‍ എനിക്കുണ്ടായ വികാരം വാക്കുകളില്‍ പറഞ്ഞൊപ്പിക്കാനാവില്ല’- നൊയേല്‍ പറയുന്നു. ‘ആരൊക്കെയോ എന്റെ സ്വകാര്യതയിലേക്കു കടന്നു കയറിയിരിക്കുന്നു. അത് തീർ‌ത്തും മനുഷ്യത്വമില്ലായ്മയാണ്’. 17 വയസ്സുള്ളപ്പോള്‍ താന്‍ പോസ്റ്റു ചെയ്ത ചിത്രങ്ങളിലാണ് വിക്രിയകള്‍ മുഴുവന്‍ നടത്തിയിരിക്കുന്നത് എന്നവള്‍ പറഞ്ഞു. ആദ്യം ദുരുപയോഗപ്പെടുത്തിയ ചിത്രങ്ങളെല്ലാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തവയാണെന്നും അവള്‍ പറഞ്ഞു. ഇപ്പോള്‍ അവളുടെ നൂറു കണക്കിനു നഗ്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

‘ഞാന്‍ ഏതൊ അപരിചിതരുമായി ലൈംഗികമായി ബന്ധപ്പെടുന്നതിന്റെ ചിത്രങ്ങളും ഇപ്പോള്‍ സുലഭമാണ്’– നൊയേല്‍ പറയുന്നു. പോണ്‍ സിഡികളുടെ കവര്‍ ചിത്രമാകാനുള്ള ദൗര്‍ഭാഗ്യവും അവള്‍ക്കുണ്ടായി. ചിത്രങ്ങളെക്കാളേറെ, അവയ്‌ക്കൊപ്പം അവളുടെ പേര്, എവിടെയായിരുന്നു വിദ്യാഭ്യാസം തുടങ്ങിയ വിവരങ്ങളും നല്‍കിയിട്ടുണ്ട്. ഒന്നും പുറത്താവില്ലെന്നു ധരിച്ച്, സമൂഹമാധ്യമങ്ങള്‍ തന്റെ സ്വകാര്യത സൂക്ഷിക്കുമെന്നു കരുതി നല്‍കിയ വിവരങ്ങളാണ് എടുത്തു വിതറിയിരിക്കുന്നത്. താന്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍, രോഗാതുരരായ ഇന്റര്‍നെറ്റ് ആക്രമണകാരികള്‍ കൂടുതല്‍ ശക്തമായി പ്രതികരിച്ചെന്നും പിന്നാലെ, തന്റെ ഫെയ്ക് പോണ്‍ വിഡിയോകള്‍ പുറത്തിറങ്ങിത്തുടങ്ങിയെന്നും നൊയേല്‍ പറയുന്നു.

ഇതു നൊയേലിനു മാത്രം സംഭവിച്ച കാര്യമല്ല. ഓസ്‌ട്രേലിയയിലെ 16 നും 49 നും മധ്യേ പ്രായമുള്ള അഞ്ചിലൊന്നു സ്ത്രീകളും കടന്നു പോകേണ്ടിവരുന്ന മാനസികാഘാതമാണിത് എന്നാണു പറയുന്നത്. ഇത്തരം ആക്രമണങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഏതു രാജ്യത്തും തുടങ്ങാം. 
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ സർക്കാർ ഇത് ഇപ്പോള്‍ ക്രിമിനല്‍ കുറ്റമായി പരിഗണിക്കാന്‍ തുടങ്ങിയെന്നുള്ളതാണ് നൊയേലിനെ പോലെയുള്ളവര്‍ക്ക് ആകെയുള്ള ആശ്വാസം. സമ്മതമില്ലാതെ ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് 18 മാസം വരെ തടവും 18,000 ഡോളര്‍ പിഴയുമാണ് ശിക്ഷ. ആരാണ് തന്റെ ചിത്രം ആദ്യം പതിച്ചതെന്ന് നൊയേലിന് അറിയില്ല. അതെടുത്തു മാറ്റിയിട്ടും കാര്യമുണ്ടാവണമെന്നില്ല. ലക്ഷക്കണക്കിനു ഹാര്‍ഡ് ഡ്രൈവുകളിലേക്ക് അവ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാകും.

താന്‍ പ്രശ്‌നത്തില്‍ പെട്ടുകഴിഞ്ഞാണ് സമൂഹമാധ്യമങ്ങളില്‍ ഏതു തരം ഫോട്ടോകളാണ് പങ്കുവയ്ക്കേണ്ടതെന്ന കാര്യത്തില്‍ ബോധവതിയായതെന്ന് നൊയേല്‍ പറയുന്നു. ‘കുറേക്കാലത്തേക്ക് ഇതെല്ലാം എന്റെ കുറ്റമായി തോന്നിയിരുന്നു. എന്നാല്‍ എനിക്കു തോന്നുന്നത് ഇപ്പോള്‍ എനിക്കുള്ള അറിവ് അന്നുണ്ടായിരുന്നെങ്കില്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കില്ലായിരുന്നുവെന്നാണ്. ഞാന്‍ തെറ്റായി ഒന്നും ചെയ്തില്ല. നല്ല വസ്ത്രമണിഞ്ഞുള്ള ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുക മാത്രമേ ചെയ്തുള്ളു. പ്രകോപനകരമായ വസ്ത്രധാരണമൊന്നും നടത്തിയിട്ടേയില്ല. അതുകൊണ്ട് ഇപ്പോള്‍ നടക്കുന്ന ഈ ആക്രമണത്തിന്റെ കാരണക്കാരി ഞാനാണെന്നു പറയുന്നതില്‍ ഒരര്‍ഥവുമില്ല’ - നൊയേല്‍  പറയുന്നു.

ഇപ്പോള്‍ ഇതെല്ലാം തുറന്നു പറയുന്നത് മറ്റുള്ളവർക്ക് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ വേണ്ടിയാണ്. ഒരു ജോലിക്കു ചെല്ലുമ്പോഴോ ഭാവി ജീവിതത്തിലോ എല്ലാം ഇതൊരു ബാധ്യതയാകാം. പ്രത്യേകിച്ച്, ചിത്രത്തോടൊപ്പം കൊടുത്തിരിക്കുന്ന വിവരങ്ങളായിരിക്കും വിനയാകുക. ഓസ്‌ട്രേലിയയിലെ Office of the eSafety Commissioner ഇത്തരം ഇരകള്‍ക്ക് അഭയമാകുന്നുണ്ട്. ഇത്തരം ഫോട്ടോകളെക്കുറിച്ചുളള വിവരങ്ങള്‍ അയച്ചു കൊടുക്കാം. പൊലീസുമായി സംസാരിക്കാനും അവര്‍ മുന്‍കൈ എടുക്കും.

ഇസേഫ്റ്റി കമ്മിഷണര്‍ ജൂലി ഇന്‍മാന്‍ ഗ്രാന്റ് (Julie Inman Grant) പറയുന്നത് ഓസ്‌ട്രേലിയയിലെ അഞ്ചില്‍ ഒരു സ്ത്രീ വീതം ഇത്തരം ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ്. ഇതാകട്ടെ വലിയ മാനസിക പ്രതിസന്ധിയായിരിക്കും ഇരകളുടെ മേല്‍ സൃഷ്ടിക്കുക. ഇത്തരം ഇമേജുകള്‍ പോസ്റ്റ് ചെയ്യപ്പെട്ടാല്‍ പൊലീസിനെ അറിയിക്കുന്ന കാര്യം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. പലപ്പോഴും ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വിദേശത്തോ എന്‍ക്രിപ്റ്റ് ചെയ്ത സുരക്ഷാ വലയത്തിനുള്ളിലോ ആയിരിക്കുമെന്നും അവര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇവരെ കണ്ടെത്തുക പൊലീസിനു ദുഷ്‌കരമാകും.

എന്നാല്‍, ഇത്തരം പ്രശ്‌നങ്ങളില്‍പെട്ട ശേഷം അതിനു പരിഹാരം അന്വേഷിച്ചു പരക്കം പായുന്നതിനെക്കാള്‍, പ്രശ്‌നം ഉണ്ടാവാതിരിക്കാനുളള മുന്‍കരുതലെടുക്കുന്നതാണ് ഉചിതമെന്നു വിദഗ്ധര്‍ പറയുന്നു. ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്യുമ്പോഴും മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുമ്പോഴുമൊക്കെ ഇതു മനസ്സില്‍ വയ്ക്കണം.

related stories