Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1,100 നഗരങ്ങളിൽ ജിയോയുടെ പറ പറക്കും ഇന്റർനെറ്റ്, കൂടെ ജിയോ ടിവിയും

ji-fiber

1,100 നഗരങ്ങളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് വാഗ്ദാനം ചെയ്യുന്ന ജിഗാ ഫൈബർ റിലയൻസ് ജിയോ ഔദ്യോഗികമായി അവതരിപ്പിച്ചു. റിലയൻസിന്റെ 41–ാമത് എജിഎം ചടങ്ങിൽ ചെയർമാൻ മുകേഷ് അംബാനിയാണ് ഫൈബർ അധിഷ്ഠിത ബ്രോഡ് ബാന്‍ഡ് സേവനമായ ജിഗാ ഫൈബർ പരിചയപ്പെടുത്തിയത്. വീടുകൾ, വ്യാപാരികൾ, ചെറുകിട – മധ്യ വ്യാപാര സ്ഥാപനങ്ങൾ, വൻകിട വ്യാപാര സ്ഥാപാനങ്ങൾ എന്നിവയ്ക്കെല്ലാം ഒരുപോലെ ഏറ്റവും ആധുനികമായ ബ്രോഡ് ബാൻഡ് സംവിധാനം ഇതുവഴി ലഭ്യമാകുമെന്ന് മുകേഷ് അംബാനി പറഞ്ഞു.

വീടുകളിൽ വലിയ ടിവി സ്ക്രീനുകളിലൂടെ അൾട്രാ ഹൈ –ഡെഫനിഷൻ വിനോദ പരിപാടികൾ, ലീവിങ് റൂമിൽ നിന്നും മൾട്ടി –പാർട്ടി വീഡിയോ കോൺഫ്രൻസിങ്, വെർച്വൽ റിയാലിറ്റി ഗെയിം, ഡിജിറ്റൽ ഷോപ്പിങ്, ശബ്ദാധിഷ്ഠിതമായ വെർച്വൽ അസിസ്റ്റന്‍ഡുകൾ തുടങ്ങി ആസ്വാദനത്തിന്‍റെ വലിയ ലോകമാകും ജിയോ ജിഗാ ഫൈബർ തുറന്നിടുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

600 ചാനലുകൾ, ആയിരകണക്കിന് സിനിമകള്‍, ദശലക്ഷകണക്കിന് പാട്ടുകൾ, മറ്റ് വിഭവങ്ങൾ എന്നിവ 4K റസല്യൂഷനിൽ ലഭ്യമാകുന്ന ജിഗാടിവി സെറ്റ്‌ടോപ് ബോക്സ് വീടുകളിൽ സമ്പൂർണ വൈഫൈയോടെ പ്രവർത്തിക്കുന്ന സ്മാർ‌ട്ട് ഹോം സംവിധാനവും നിരീക്ഷണ ക്യാമറകളും പദ്ധതിയുടെ സവിശേഷതകളാണ്. 

വ്യാപാരികൾക്കും ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കും വലിയ വ്യാപാര സ്ഥാപനങ്ങളുമായി മത്സരരിക്കാൻ പുതിയ സേവനം സഹായകരമാകും. അഞ്ചു കോടി ഗാർഹിക ഉപയോക്താക്കളെയും മൂന്നു കോടി ചെറുകിട വ്യാപാരികളെയുമാണ് ജിഗാ ഫൈബർ ലക്ഷ്യമിടുന്നത്. 

gigafiber

വീടിനകത്തും പുറത്തും ജിയോ

റിലയൻസ് ഇന്‍ഡസ്ട്രീസിന്റെ 41–ാം എജിഎം ചടങ്ങിൽ ഓഹരി ഉടമകള്‍ക്ക് മുന്നിൽ അവതരിപ്പിച്ചത് ഒരുകൂട്ടം ബിസിനസ് സാധ്യതകളാണ്. അടുത്ത ഒരു വർഷം ഡിജിറ്റൽ ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നതിന്റെ ചെറു മാതൃകയാണ്. രാജ്യത്തെ ഓരോ വീട്ടിലും ഏതെങ്കിലും രീതിയിൽ ജിയോയുടെ സാന്നിധ്യമുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് അംബാനിയുടെ പ്രഖ്യാപനങ്ങൾ.

രാജ്യത്തെ എല്ലാ മേഖലകളിലേക്കും ജിയോ കടന്നുവരുമെന്നും മുക്കിലും മൂലയിലും അതിവേഗ ഇന്റർനെറ്റ് എത്തിച്ച് ആരോഗ്യവും വിദ്യാഭ്യാസവും മികച്ചതാക്കുമെന്നാണ് ജിയോ വാഗ്ദാനം. ജിയോഫൈബർ ബ്രോഡ്ബാൻഡ് വരുന്നതോടെ വരുന്നതോടെ വീടിനകവും പുറവും റിലയൻസിന്റെ കൈയ്യിലൊതുങ്ങും.

ജിഗാഫൈബറിനൊപ്പം ജിയോ ടിവി സെറ്റ്‌ടോപ് ബോക്സ്, വോയ്സ് അസിസ്റ്റന്റ് റിമോൾട്ട് എന്നിവയും ലഭിക്കും. 500 ൽ കൂടുതൽ ലൈവ് എച്ച്ഡി ചാനലുകൾ, ആയിരക്കണക്കിന് സിനിമകൾ, മ്യൂസിക്, ടെലിവിഷൻ പ്രോഗ്രാമുകള്‍ എന്നിവ ജിഗാഫൈബർ വഴി നല്‍കും. രാജ്യത്ത് ഇന്റർനെറ്റ് ഓഫ് തിങ്സിന്റെ പുതിയ സാധ്യതകളാണ് ജിയോ പരീക്ഷിക്കാൻ പോകുന്നത്.

jio-apps

ജിയോ ഫോണിൽ വോയ്സ് അസിസ്റ്റന്റ് വാട്സാപ്പ്, ഫെയ്സ്ബുക്ക്

റിലയൻസ് ജിയോ എന്ന ടെലികോം കമ്പനിയുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് ഏറെ സഹായിച്ച ജിയോഫോണിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി അവതരിപ്പിച്ചു. റിലയൻസിന്റെ 41–ാമത് എജിഎം ചടങ്ങിലാണ് ജിയോഫോണിലെ പുതിയ ഫീച്ചറുകളെ പരിചയപ്പെടുത്തിയത്. ടെക് ലോകത്തെ ജനപ്രിയ ആപ്ലിക്കേഷനുകളായ വാട്സാപ്പ്, ഫെയ്സ്ബുക്, യുട്യൂബ് ആപ്പുകളാണ് ജിയോഫോണില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

മൂന്നു ആപ്പുകളും വോയ്സ് അസിസ്റ്റന്റിന്റെ സഹായത്തോടെ പ്രവർത്തിക്കും. മൂന്നു ആപ്പിലെയും എന്തു കാര്യവും വോയ്സ് അസിസ്റ്റന്റിന്റെ സഹായത്തോടെ പ്രവർത്തിപ്പിക്കാനാകും. ഇന്ത്യയിലെ എല്ലാ ഭാഷകളിലും വോയ്സ് അസിസ്റ്റന്റ് സേവനം ലഭ്യമാണ്. ഇത് ആദ്യമായാണ് ഒരു ഫീച്ചര്‍ ഫോണിൽ വോയ്സ് അസിസ്റ്റന്റിന്റെ സഹായത്തോടെ വാട്സാപ്പും ഫെയ്സ്ബുക്കും ലഭ്യമാകുന്നത്. ഇതിനു പുറമെ 501 രൂപയ്ക്ക് ജിയോഫോൺ ലഭ്യമാക്കാനുള്ള ഓഫറും ജിയോ അവതരിപ്പിച്ചു. പഴയ ഫീച്ചർ ഫോൺ നൽകുന്നവർക്ക് 501 രൂപയ്ക്ക് ഫോൺ നൽകും. 

jiophone-2

ഇതോടൊപ്പം ജിയോഫോണിന്റെ രാണ്ടാം പതിപ്പും അവതരിപ്പിച്ചു. ബ്ലാക്ക്ബെറിയുമായി ഏറെ സാമ്യം തോന്നുന്ന ജിയോഫോൺ 2 ഫോണിന് വില 2999 രൂപയാണ്. QWERTY കീബോഡാണ് ജിയോഫോൺ 2 ന്റെ പ്രത്യേകത. ഓഗസ്റ്റ് 15 മുതൽ ജിയോഫോണ്‍ 2 വിതരണം തുടങ്ങും. KaiOS ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ജിയോഫോൺ 2 പ്രവര്‍ത്തിക്കുന്നത്. 512 എംബി റാം, 4ജിബി റാം, എസ്ഡി കാർഡിറ്റ് 128 ജിബി വരെ സ്റ്റോറേജ് ഉയർത്താം.

2.4QVGA ഡിസ്പ്ലെ, 2 മെഗാപിക്സൽ റിയര്‍ ക്യാമറ, വിജിഎ സെല്‍ഫി ക്യാമറ, ഇരട്ട സിം, വോൾട്ട്, വോവൈഫൈ, എഫ്എം, ബ്ലൂടൂത്ത്, ജിപിഎസ് എന്നീ ഫീച്ചറുകൾ ലഭ്യമാണ്.

related stories