സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ മിക്ക ജീവനക്കാരും ഇന്ത്യയിൽ നിന്നുള്ളവരാണ്. സിഇഒ മുതൽ ചെറിയ പ്രൊജക്ടുകളിലെ ടെക്കികൾ വരെ ഇന്ത്യൻ വംശജരാണ്. ഏറ്റവും അവസാനമായി മറ്റൊരു ഇന്ത്യൻ ടെക്കി കൂടി ഗൂഗിളിൽ ജോലിക്ക് ചേർന്നിരിക്കുന്നു. ഏകദേശം 1.2 കോടി രൂപ വാർഷിക ശമ്പളത്തിനാണ് ഇന്ത്യൻ ടെക്കിയെ ഗൂഗിൾ ഏറ്റെടുത്തിരിക്കുന്നത്.
മുംബൈ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ ആദിത്യ പലിവിനാണ് ഗൂഗിളിന്റെ വൻ ഓഫർ ലഭിച്ചിരിക്കുന്നത്. നിർമ്മിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജന്‍സ്) യിൽ ഗവേഷണം നടത്തുന്നതിനായാണ് പവലിനെ ഗൂഗിൾ ജോലിക്കെടുത്തത്. ബെംഗളൂരു ഐഐഐടി വിദ്യാർഥിയായ ആദിത്യ ഈ വർഷമാണ് എംടെക് പൂർത്തിയാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗൂഗിൾ റസിഡൻസി പ്രോഗ്രാമിന്റെ ഭാഗമായാണ് പവൽ സ്ഥാനമേൽക്കുക. ഇത് സ്ഥിര നിയമനമാക്കി മാറ്റാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ മാസം 16ന് ആദിത്യ ഗൂഗിളിൽ ജോലിക്ക് ചേരും.
മുംബൈയിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആദിത്യ അഞ്ച് വർഷത്തെ എംടെക് ഇരട്ട ബിരുദ പഠനത്തിനായി 2013ലാണ് ഐഐടി ബെംഗളൂരുവിലെത്തിയത്. ഈ വർഷം പഠനം പൂർത്തിയാക്കി. നിർമിത ബുദ്ധി സംബന്ധിച്ച ഗവേഷണത്തെ കുറിച്ച് പരീക്ഷ നടത്തിയാണ് ഗൂഗിൾ ആദിത്യയെ കണ്ടെത്തിയത്. 6,000 വിദ്യാർഥികളാണ് പരീക്ഷയെ അഭിമുഖീകരിച്ചത്. ഇതിൽ 50 പേരെയാണ് ഗൂഗിൾ തിരഞ്ഞെടുത്തത്.