4 രൂപയ്ക്ക് 55 ഇഞ്ച് സ്മാർട് ടിവി, സ്മാർട് ഫോൺ: ഷവോമി ഓഫർ വിൽപ്പന ഇന്ന്

രാജ്യത്തെ മുൻനിര സ്മാർട് ഡിവൈസ് വിതരണക്കാരായ ചൈനീസ് കമ്പനി ഷവോമിയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് വൻ ഓഫറുകൾ പ്രഖ്യാപിച്ചു. റെഡ്മി നോട്ട് 5 പ്രോ, 55 ഇഞ്ച് സ്മാർട് ടിവി, റെഡ്മി വൈ2 എന്നിവ കേവലം നാലു രൂപയ്ക്ക് നൽകുമെന്നതാണ് ഷവോമിയുടെ ഓഫര്‍. ജൂലൈ പത്ത് മുതലാണ് ഓഫർ വിൽപ്പന തുടങ്ങുന്നത്.

2014 ജൂലൈ 10 നാണ് ഷവോമി ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. നാലു വർഷം പൂർത്തിയാക്കിയ ഷവോമി നാലു രൂപയ്ക്ക് തിരഞ്ഞെടുത്ത ഒരുകൂട്ടം ഡിവൈസുകളാണ് വിതരണം ചെയ്യുന്നത്. ജൂലൈ പത്ത് മുതൽ ജൂലൈ 12 വരെ എംഐ ഡോട് കോം വഴിയാണ് ഓഫർ വിലയ്ക്ക് ഫോണുകളും സ്മാർട് ടിവിയും ലഭിക്കുക.

റെഡ്മി നോട്ട് 5 പ്രോ (4ജിബി റാം, 64 ജിബി സ്റ്റോറേജ്), റെഡ്മി വൈ2 (3ജിബി റാം, 32 ജിബി സ്റ്റോറേജ്), എംഐ എൽഇഡി സ്മാർട് ടിവി 4 (55 ഇഞ്ച്), എംഐ ബാൻഡ് 2 എന്നിവയാണ് നാലു രൂപയ്ക്ക് വിൽക്കുന്ന ഉൽപ്പന്നങ്ങൾ. എന്നാൽ 4 രൂപയ്ക്ക് കുറച്ചു ഹാൻഡ്സെറ്റുകളും ടിവികളും മാത്രമാണ് ഫ്ലാഷ് സെയിലിൽ വിൽക്കുക. സെയില്‍ തുടങ്ങി സെക്കന്റുകൾക്കുള്ളിൽ സ്റ്റോക്കുകൾ തീരുമെന്ന് ചുരുക്കം.

എംഐ ഡോട്കോം അക്കൗണ്ട് ഉള്ളവർക്ക് മാത്രമാണ് ഫ്ലാഷ് സെയിലിൽ പങ്കെടുക്കാൻ സാധിക്കുക. രാജ്യത്തെ ഏറ്റവും വലിയ സ്മാർട് ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഷവോമി.