Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി പൊലീസ് ഐഫോൺ തകർക്കില്ല; പുതു വിദ്യയുമായി ആപ്പിൾ

fbi-apple

സുരക്ഷ സവിശേഷതകൾ മറികടന്ന് ഐഫോണിലേക്ക് തുരന്നു കയറി വിവരങ്ങൾ ശേഖരിക്കുന്ന യുഎസ് പൊലീസിനെയും സ്വകാര്യ ഏജൻസികളെയും വെട്ടിലാക്കി പുതിയ അപ്ഡേറ്റുമായി ആപ്പിൾ രംഗത്ത്. ഐഒഎസ് 11.4.1 ൽ വരുത്തിയ അപ്ഡേറ്റിലാണ് യുഎസ്ബി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും സുരക്ഷ ഒരുക്കുന്ന സവിശേഷത ഉൾകൊള്ളിച്ചിട്ടുള്ളത്. യുഎസ്ബി റെസ്ട്രിക്റ്റഡ് മോഡ് എന്നാണ് പുതിയ സവിശേഷതയുടെ പേര്. ലൈറ്റനിങ് പോർട്ടിലൂടെ യുഎസ്ബി കണക്റ്റ് ചെയ്താണ് യുഎസ് പൊലീസ് ഇതുവരെ ഐഫോണുകളിലേക്ക് കടന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചിരുന്നത്.

പുതിയ അപ്ഡേറ്റ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുമെങ്കിലും ഇത് പൊലീസും ആപ്പിളും തമ്മിലുള്ള ഭിന്നതക്ക് കളമൊരുക്കിയേക്കുമെന്നാണ് സൂചന. അന്വേഷണ ഘട്ടങ്ങളിൽ പലപ്പോഴും കുറ്റാരോപിതരുടെയോ സംശയത്തിലുള്ളവരുടെയോ ഫോണിലെ വിവരങ്ങൾ പൊലീസിന് നിർണായകമാണ്. ഗ്രേകീ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് പൊലീസുകാർ, പ്രത്യേകിച്ച് യുഎസ് പൊലീസ് ഇതുവരെ ഐഫോണിലെ സുരക്ഷ ക്രമീകരണങ്ങളെ മറികടന്ന് ആവശ്യമായ വിവരങ്ങളിലേക്ക് എത്തിയിരുന്നത്. പുതിയ അപ്ഡേറ്റോടെ ഇത് ശ്രമകരമായി മാറും.

സെറ്റിങ്സിൽ പോയാൽ ഫെയ്സ് ഐഡിക്കും പാസ്കോഡിനും താഴെ യുഎസ്ബി ആക്സസറീസിന് ഒരു പുതിയ ടോഗിൾ കാണാനാകും. ഇത് ഉപയോക്താവ് പ്രവർത്തനക്ഷമമാക്കിയാൽ പുതിയ സവിശേഷത പ്രാബല്യത്തിൽ വരും. ഐഒസ് 12 സെപ്റ്റംബറിൽ പുറത്തിറക്കാനാണ് ആപ്പിളിന്‍റെ പരിപാടി. ബീറ്റ പതിപ്പ് നിലവിൽ എല്ലാവർക്കും ലഭ്യമാണ്. സവിശേഷതകളുമായി ഉപയോക്താവിന് പരിചയപ്പെടാനും ബഗുകൾ ഉണ്ടെങ്കിൽ പരിഹരിക്കാനും ലക്ഷ്യം വച്ചാണ് ബീറ്റാ പതിപ്പ് പൊതുവായി പുറത്തിറക്കിയത്.