Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളനോട്ടടി പഠിച്ചത് ഓൺലൈനിൽ, ഞെട്ടിത്തരിച്ച് പൊലീസ്

fake-note

ഡിജിറ്റൽ യുഗത്തിൽ അസാധ്യമായി ഒന്നുമില്ല. ഏതുതരത്തിലുള്ള വിവരവും മനസുവച്ചാല്‍ നമ്മുടെ വിരൽതുമ്പിലെത്തും. ഗൂഗിൾ സെർച്ചിനെ കുറിച്ച് പ്രാഥമിക അറിവ് വേണമെന്ന് മാത്രം. ജോലി കണ്ടെത്താനും പഠനം തുടരാനുമൊക്കെ ഈ വഴി നീങ്ങിയവർ അനവധിയാണ്. എന്നാൽ ജോലി നഷ്ടമായപ്പോൾ ഡൽഹിയിലെ ഒരു യുവാവ് നീങ്ങിയ പാത ഏവരെയും ഞെട്ടിക്കുന്നതാണ്. പുതിയ ജോലി കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിക്കാതായതോടെ യുവാവ് ഇന്‍റർനെറ്റിലെത്തി. മറ്റൊരു ജോലി തേടലായിരുന്നില്ല ലക്ഷ്യം, മറിച്ച് കള്ളനോട്ടടി നിർമാണം പഠിക്കുകയായിരുന്നു.

വ്യാജ നോട്ട് നിർമാണത്തിന്‍റെ വിവിധ രീതികൾ യുട്യൂബിലൂടെ മനസിലാക്കിയ യുവാവ് സ്വന്തമായി ഉൽപാദനവും തുടങ്ങി. പത്തുലക്ഷത്തോളം വിലമതിക്കുന്ന വ്യാജ നോട്ട് കച്ചവടമാക്കിയ ശേഷമാണ് വിരുതൻ ഒടുവിൽ പൊലീസ് വലയിലായത്. 17 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും ഒരു സ്കാനറും പ്രിന്‍ററും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കള്ളനോട്ടടിക്കുന്ന സംഘങ്ങൾ പിടിയിലാകുന്നത് ഇതാദ്യമായല്ലെങ്കിലും ഈ സംഭവത്തെ വ്യത്യസ്തമാക്കുന്നത് നിർമാണം പഠിക്കാനായി യുവാവ് ഉപയോഗിച്ച രീതിയാണ്. ഇതാദ്യമായാണ് യുട്യൂബ് സഹായത്തോടെ കള്ളനോട്ട് നിർമാണത്തിന്‍റെ സാങ്കേതിക വശങ്ങൾ പഠിച്ച ഒരാൾ വലയിലാകുന്നത്. നൂറു രൂപയുടെ നോട്ടുകളാണ് ഇത്തരത്തിൽ ഉൽപാദിപ്പിച്ചിരുന്നത്.

കള്ളനോട്ട് നിർമാണം പഠിക്കാൻ യുട്യൂബിനെ ആശ്രയിച്ച യുവാവിന്‍റെ തീരുമാനത്തോടൊപ്പം തന്നെ ഞെട്ടിക്കുന്നതാണ് വ്യാജ നോട്ട് ഉണ്ടാക്കൽ ഇത്ര എളുപ്പമാണോ എന്ന ചോദ്യം. അതിർത്തിക്കപ്പുറത്തു നിന്നും വന്‍തോതിൽ വ്യാജനോട്ടുകൾ എത്തുന്നു എന്നതായിരുന്നു നോട്ടു നിരോധനത്തിനു മുൻപുള്ള പ്രധാന ആശങ്ക. എന്നാൽ പിന്നീടും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ചെറുതും വലുതമായ നിരവധി കള്ളനോട്ട് വേട്ടകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അൾട്രാ വൈലറ്റ് രശ്മികൾ ഉപയോഗിച്ചാൽ മാത്രം തിരിച്ചറിയാൻ പറ്റുന്ന ഒറിജിനലിനെ വെല്ലുന്ന വ്യാജ നോട്ടുകളും ഇതിൽ ഉള്‍പ്പെടും. ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നോട്ട് നിർമാണത്തിന് വൻ ഏറെ പണമൊഴുക്കേണ്ടിവരുമെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴും ചെറിയ തോതിൽ പണം മുടക്കി വൻതോതിൽ വ്യാജ നോട്ട് നിർമാണത്തിലേർപ്പെട്ടവരാണ് പിടികൂടപ്പെട്ടവരിൽ ഭൂരിഭാഗവും. ഇതിനു പിന്നിലെ ബുദ്ധി പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരെ പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

നോട്ട് നിരോധനത്തിന് ശേഷം പുതിയ 2000, 500 രൂപ നോട്ടുകൾ അച്ചടിച്ചെങ്കിലും സുരക്ഷ സവിശേഷതകൾ മാറ്റാതെയാണ് ഇവയും അച്ചടിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാട്ടർ മാർക്കുകൾ, സെക്യൂരിറ്റി ത്രെഡ്, ഫൈബർ, ലാറ്റെന്‍റ് ഇമേജ് എന്നിവയടങ്ങുന്നതാണ് സുരക്ഷ സവിശേഷതകൾ. ഇവ മാറ്റുന്നത് ഒരു നീണ്ട പ്രക്രിയയാണെന്നും അഞ്ചു മുതൽ ആറുവർഷം വരെ എടുക്കുമെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. കാബിനറ്റ് അംഗീകാരവും ഇതിന് ആവശ്യമാണ്. 

2005ലാണ് ഇത്തരമൊരു പ്രക്രിയ അവസാനമായി നടത്തിയത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന എല്ലാ നോട്ടുകളും പുതിയ സുരക്ഷാ സവിശേഷതകളോടെ അവതരിപ്പിക്കുകയായിരുന്നു. നോട്ട് അച്ചടിക്കായി ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ രാജ്യാന്തര റാക്കറ്റുകൾ സ്വന്തമാക്കുന്നതായുള്ള സംശയം ശക്തമാണ്. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ ഇവയുടെ നിർമാണം ഉറപ്പുവരുത്താനുള്ള നടപടികളിലേക്ക് റിസർവ് ബാങ്ക് കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 25,000 ദശലക്ഷം ടൺ പേപ്പറാണ് നോട്ട് അച്ചടിക്കാൻ ഒരു വർഷം ആവശ്യമായി വരുന്നത്. 15,000 കോടിയാണ് ഇതിനു മാത്രമുള്ള ചിലവ്. നോട്ട് അച്ചടിക്കാവശ്യമായ സുരക്ഷ സവിശേഷതകൾ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കള്‍ ഇന്ത്യയിൽ തന്നെ നിർമിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാകുന്നതോടെ കള്ളനോട്ട് എന്ന ഭീതിയെ മറികടക്കാനാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.