Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവയില്ലെങ്കിൽ 500, 2000 വെറും കടലാസ്; നോട്ടിലെ ടെക്നോളജികൾ

currency

കള്ളനോട്ടിനെ ചെറുക്കാൻ ഏതാണ്ട് എല്ലാ രാജ്യങ്ങളും സ്വീകരിക്കുന്ന നടപടികളാണ് കറൻസിയിലെ വിഭിന്നമായ സുരക്ഷാ സവിശേഷതകൾ. നോട്ട് അടിക്കാനുപയോഗിക്കുന്ന പേപ്പറിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഇത്. ഈ സുരക്ഷ നടപടികളില്ലെങ്കിൽ നോട്ടിന് കേവലം കടലാസിന്‍റെ വില മാത്രമാകും. കള്ളനോട്ടുകളുടെയും നാണയങ്ങളുടെയും ചരിത്രത്തിന് ഏറെ കാലപ്പഴക്കമുണ്ട്. 

ടെക്നോളജിയുടെ കാര്യത്തിൽ കള്ളനോട്ടടിക്കുന്നവർ ഔദ്യോഗിക സംവിധാനങ്ങളെ വെല്ലുന്ന അവസ്ഥ പലയിടത്തുമുണ്ട്. സുരക്ഷ സവിശേഷതകൾ കൂടുതൽ നവീകരിച്ചാണ് മിക്ക രാജ്യങ്ങളും ഇതിനോട് പൊരുതുന്നത്. ഉദാഹരണത്തിന് നോട്ട് നിരോധനത്തിനു ശേഷം പുറത്തിറങ്ങിയ 500, 2000 രൂപയുടെ നോട്ടുകളിൽ ‘ആർബിഐ’ ‘2000’ എന്നിവ സൂക്ഷ്മമായി രേഖപ്പെടുത്തുകയും മംഗൾയാന്‍റെ അലങ്കരണവുമുണ്ട്. എന്നിട്ടും കള്ളനോട്ടുകൾ വ്യാപകമായി ഇറങ്ങുന്നു.

ആഗോളതലത്തിൽ കറന്‍സികളിൽ ഉപയോഗിച്ചുവരുന്ന ചില പ്രധാന സുരക്ഷാ സവിശേഷതകൾ പരിശോധിക്കാം.

പ്ലാസ്റ്റിക് നോട്ട്

കള്ളനോട്ടുകൾ പെട്ടെന്ന് തിരിച്ചറിയാനായാണ് കാനഡ പോലുള്ള രാജ്യങ്ങൾ പോളിമർ നോട്ടിലേക്ക് തിരിഞ്ഞത്. ലോക വാണിജ്യ ഫോറത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഒരു ദശലക്ഷം നോട്ടുകളിൽ 470 വ്യാജൻമാർ വീതം കണ്ടെത്തിയതോടെയാണ് ഇത്തരമൊരു തീരുമാനത്തിൽ കാനഡ എത്തിയത്. 1988ൽ തന്നെ ഓസ്ട്രേലിയ പോളിമർ നോട്ടിലേക്ക് മാറിയിരുന്നു. ബ്രിട്ടൻ, മലേഷ്യ, ചിലി, മെക്സികോ എന്നീ രാജ്യങ്ങളും പ്ലാസ്റ്റിക് നോട്ടുകളാണ് ഉപയോഗിക്കുന്നത്.

വാട്ടർ മാർക്ക്

രാജ്യാന്തര തലത്തിൽ ബാങ്ക് നോട്ടുകൾക്ക് സാർവ്വത്രികമായി ഉപയോഗിച്ചുവരുന്ന സുരക്ഷാ സവിശേഷതയാണിത്. മഹാത്മാഗാന്ധിയുടെ ഛായാചിത്രവും ഇലക്ട്രോടൈപ്പ് വാട്ടർമാർക്കുകളും നോട്ടിന് വ്യത്യസ്തമായ സവിശേഷത ലഭിക്കാനായി ഉപയോഗിക്കുന്നു. അച്ചടിക്കുന്ന സമയത്തെ പേപ്പറിന്‍റെ വ്യത്യസ്ത കനം കൊണ്ട് സൃഷ്ടിക്കുന്ന വാട്ടർമാർക്കുകളാണ് മിക്ക രാജ്യങ്ങളും ഉപയോഗിക്കുന്നത്. വെളിച്ചം തട്ടിയാൽ തിളങ്ങുന്നതാകും ഇവ. 

ഹോളോഗ്രാമുകൾ

97 രാജ്യങ്ങളിലെ 300 ലധികം വ്യത്യസ്ത മൂല്യങ്ങളുള്ള നോട്ടുകളിൽ സംരക്ഷണത്തിനായി ഹോളോഗ്രാം ഉപയോഗിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സുരക്ഷ സവിശേഷതകളിൽ ഒന്നാണിതെന്ന് ലോക വാണിജ്യ ഫോറം ചൂണ്ടിക്കാട്ടി. സുരക്ഷാ ത്രെഡുകൾ പോലെയുള്ള സുരക്ഷാ സവിശേഷതകളും ഹോളോഗ്രാമിന്‍റെ ഭാഗമാണ്. 

മൈക്രോ ടെസ്റ്റ്

നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാനറിയാത്ത തീരെ ചെറിയ ടെക്സ്റ്റുകൾ മിക്ക രാജ്യങ്ങളും പതിവായി ഉപയോഗിക്കുന്ന ഒരു സുരക്ഷാ സവിശേഷതയാണ്. ഇന്ത്യയിൽ 20, 10, 5 രൂപയുടെ നോട്ടുകളിൽ ഇവയുടെ മൂല്യം തീരെ ചെറിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂതകണ്ണാടി ഉപയോഗിച്ചാൽ മാത്രമെ ഇത് തിരിച്ചറിയാനാകുകയുള്ളൂ.