Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിന്റെ അടിത്തറ കള്ളും പെണ്ണും കഞ്ചാവുണ്ടകളും‌ മയക്കുമരുന്ന് പാർട്ടികളും

elite-group

ഗൂഗിള്‍ ഇന്ന് ഒരു വന്‍ശക്തിയാണ്. മനുഷ്യരുടെ ഭാവി പോലും തീരുമാനിക്കാന്‍ കെല്‍പ്പുള്ള കമ്പനിയാണെന്നു ചിലരെങ്കിലും പറയും. ശരിക്കു പറഞ്ഞാല്‍ കമ്പനിയുടെ ശക്തി അളക്കപ്പെട്ടിട്ടില്ല. ചില വീക്ഷണകോണില്‍ നിന്നു നോക്കിയാല്‍, ഒരുപക്ഷേ ഇപ്പോഴേ പല രാജ്യങ്ങളെക്കാളും ശക്തരാണ് അവർ. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന വാഹനം മുതല്‍ ഭാവിയില്‍ എല്ലാം കീഴടക്കിയേക്കാവുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെ നിരവധിയുണ്ട് അവരുടെ നേട്ടങ്ങള്‍. ഇനി ഇത്തരം കാര്യങ്ങള്‍ മാറ്റിനിർത്തി നോക്കിയാല്‍, ഇന്ന് ലോകമെമ്പാടും ഓഫിസുകളും ഉയര്‍ന്ന ശമ്പളവുമുള്ള ഗൂഗിളില്‍ ഒരു ജോലി കിട്ടുക എന്നത് അഭ്യസ്തവിദ്യരുടെ സ്വപ്‌നമാണ്.

ഇത്ര ശക്തമായ കമ്പനിയുടെ ഓഫിസ് ആദ്യകാലത്ത് മദ്യത്തില്‍ കുതിര്‍ന്ന്, ലൈംഗികതയുടെയും മറ്റും കൂത്തരങ്ങായിരുന്നുവത്രേ. വൻ പാർട്ടികൾ പതിവായി നടന്നിരുന്ന സ്ഥലം. ആഡം ഫിഷര്‍ എഴുതിയ ‘വാലി ഓഫ് ജീനിയസ്’ എന്ന പുസ്തകത്തിലാണ് ഗൂഗിളിനെപ്പറ്റി അധികമാർക്കും അറിയാത്ത ഇത്തരം കാര്യങ്ങളുള്ളത്. ഫെയ്സ്ബുക്കിനെപ്പറ്റിയും ഇത്തരം വിവരങ്ങൾ ഇപ്പോൾ വിൽപനയിലുള്ള ഈ പുസ്തകത്തിലുണ്ട്. ഗുഗിളുമായി നേരിട്ടു ബന്ധമുള്ള പലരെയും കണ്ടു സംസാരിച്ചാണ് ഫിഷർ പുസ്തകമെഴുതിയിരിക്കുന്നത്.

രസകരമാണ് ഇതിലെ പല കാര്യങ്ങളും. ഉദാഹരണത്തിന്, ആരാണ് ഗൂഗിളിന്റെ സ്രഷ്ടാക്കള്‍ എന്നു ചോദിച്ചാല്‍ വിക്കിപീഡിയ പോലും പറഞ്ഞു തരുന്നത് ലാറി പേജും സെര്‍ഗെയ് ബ്രിനും ആണെന്നാണ്. പക്ഷേ, മൂന്നാമത് ഒരു കഥാപാത്രം കൂടെ ഉണ്ടായിരുന്നത്രെ- സ്‌കോട്ട് ഹസന്‍ (Scott Hassan). ഇദ്ദേഹത്തെ ഒരിക്കലും ഗൂഗിളിന്റെ സ്രഷ്ടാക്കളില്‍ ഒരാളായി അംഗീകരിച്ചിട്ടില്ല. ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുന്ന സമയം കാശാക്കി മാറ്റാനുള്ള ഒരു യന്ത്രം നിര്‍മിക്കാന്‍ ഈ മൂവര്‍ സംഘം ശ്രമിച്ചിരുന്നു. ഹസന്‍ നേരത്തെ തന്നെ ഗൂഗിള്‍ വിട്ടു. മരണമില്ലാതാക്കാനുള്ള മരുന്നു കണ്ടുപിടിക്കുക, സൗരയൂഥത്തെ തന്റെ കോളനിയാക്കാനുള്ള വഴി കണ്ടെത്തുക തുടങ്ങിയ ചിന്ന കാര്യങ്ങളില്‍ ഗവേഷണവുമായി കഴിയുകയാണ് കക്ഷി ഇപ്പോള്‍.

ഗൂഗിളിന്റെ വിത്തിട്ടത് ഡേവിഡ് ചെറിട്ടണ്‍ (David Cheriton) എന്ന, സ്റ്റാന്‍ഫഡിലെ പ്രഫസറാണ്; 1994-95 കാലത്ത്. ഹസനും ബ്രിനും സുഹൃത്തുക്കളായിരുന്നു. ഹീതര്‍ കെയ്ന്‍സ് ആയിരുന്നു കമ്പനിയുടെ നാലാമത്തെ ജോലിക്കാരന്‍. തന്റെ പെയ്ന്റിങ്ങുകളുമായി ഓഫിസിലെത്തുന്ന ബ്രിനിനെ അദ്ദേഹം ഓര്‍ക്കുന്നു. തവിട്ടു പശ്ചാത്തലത്തില്‍ കുറച്ചു കറുപ്പു നിറം കോരിയൊഴിച്ചതു പോലെ ആയിരുന്നു ബ്രിനിന്റെ പെയ്ന്റിങ് എന്ന് ചെറിട്ടണ്‍ ഓര്‍ക്കുന്നു. അബ്‌സ്ട്രാക്ട് ചിത്രങ്ങള്‍ സൃഷ്ടിക്കാനായിരിക്കാം കക്ഷി ശ്രമിച്ചിരുന്നതത്രേ. ബ്രിന്‍ അന്തര്‍മുഖനായിരുന്നെങ്കിലും ഊര്‍ജസ്വലനായിരുന്നുവത്രേ.

അടുത്ത വര്‍ഷമാണ് പേജ് വരുന്നത്. കമ്പനിയുടെ ആദ്യത്തെ പിഎച്ഡിക്കാരൻ; അന്തര്‍മുഖന്‍. കാറുകളെ ഓട്ടോമേറ്റ് ചെയ്യുന്നതിലാണ് താന്‍ പിഎച്ഡി ചെയ്തതെന്നും അന്നു തന്നെ ഇതേക്കുറിച്ചുള്ള പത്ത് ആശയങ്ങള്‍ തന്റെ തലയില്‍ ഉണ്ടായിരുന്നുവെന്നും പേജ് ഓര്‍ത്തെടുക്കുന്നു.
ഗൂഗിളിലെ ആദ്യ പാചകക്കാരനായ ചാള്‍സ് അയേഴ്‌സ് (Charlie Ayers) ആണ് കമ്പനിയില്‍ മയക്കുമരുന്നു സേവിച്ചുള്ള പാര്‍ട്ടികള്‍ നടന്നിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുന്നത്. ലാറി പേജിനും സെര്‍ഗെയ് ബ്രിനിനും ചുറ്റും ഒരു ‘അന്തപ്പുരം’ (harem) നിറയെ മദോന്മത്തരായ സ്ത്രീകള്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. ലാറിക്കും ബ്രിനിനും ഈ സ്ത്രീകളെ ഇഷ്ടമായിരുന്നു. ഇവരെയെല്ലാം ഗൂഗിളിന്റെ ചെറിയ ‘അന്തപ്പുര’ അഡ്മിനുകളായി നിയമിച്ചെന്നും താനവരെ 'എല്‍ ആന്‍ഡ് എസ് (L&S, ലാറിയും പേജും) അന്തപ്പുരം' എന്നാണ് വിളിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ സ്ത്രീകളെല്ലാം ഗൂഗിളിന്റെ പല ഡിപ്പാര്‍ട്ട്‌മെന്റുകളുടെ തലപ്പത്തെത്തി- അയേഴ്‌സ് പറയുന്നു.

Larry-Page-brin

ഗൂഗിളിന്റെ ആദ്യത്തെ ഹ്യൂമന്‍ റിസോഴ്‌സസ് മാനേജരായ ഹീതര്‍ കെയ്ന്‍സ് പറയുന്നത്, ബ്രിനിന് വനിതാജീവനക്കാരുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങളില്‍ സ്റ്റാഫിന് അതൃപ്തിയുണ്ടായിരുന്നു എന്നാണ്. പിന്നീട് തങ്ങള്‍ ലാറിയുടെ സ്വകാര്യജീവിതത്തെപ്പറ്റി വലിയ പരാതികള്‍ ഉയര്‍ത്തിയില്ല. പക്ഷേ, ലാറി എപ്പോഴും ഒന്നു കഴിഞ്ഞ് അടുത്തത് എന്ന രീതിയില്‍ ജോലിക്കാരികളുമായി ബന്ധം തുടരുമെന്നുറപ്പായിരുന്നു. ഗൂഗിള്‍ ഗ്ലാസിന്റെ മാര്‍ക്കറ്റിങ് മാനേജര്‍ അമാന്‍ഡാ റോസെന്‍ബെര്‍ഗുമായി ബ്രിന്‍ ബന്ധം തുടങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ ആൻ വോജെസ്കി വിവാഹമോചനം നേടിയതെന്നും കെയ്ന്‍സ് പറയുന്നു.

കെയ്ന്‍സ് പറയുന്നത് ഓഫിസില്‍ ലൈംഗികതയുടെ അതിപ്രസരമായിരുന്നുവെന്നാണ്. എന്നു പറഞ്ഞാല്‍, നിങ്ങള്‍ എങ്ങോട്ടു പോയാലും അവിടെയെല്ലാം ആരെങ്കിലും തമ്മിലുള്ള ശാരീരികബന്ധം കാണേണ്ടിവരുമായിരുന്നത്രേ. താനൊഴികെ മറ്റെല്ലാവരും അവരുടെ ഇരുപതുകളിലായിരുന്നു. തന്റെ പ്രായം 35 ആയിരുന്നു. അപ്പോള്‍ ഹോര്‍മോണ്‍ ഉയര്‍ന്നില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ- കെയ്ന്‍സ് പറയുന്നു. മറ്റു പലരും ഗൂഗിളിന്റെ അന്തരീക്ഷത്തെ നിര്‍വചിച്ചത് ‘ലൈംഗികത, മയക്കുമരുന്ന്, റോക്ക്‘ന്‍’ റോൾ സ്ഥലം എന്നാണ്. 

കലിഫോര്‍ണിയയിലെ സ്‌കീയിങ് റിസോര്‍ട്ടില്‍ (Squaw Valley) തങ്ങള്‍ അനുവാദമില്ലാത്ത പാര്‍ട്ടികള്‍ നടത്തിയിരുന്നെന്ന് ചാള്‍സ് അയേഴ്‌സ് ഓര്‍ക്കുന്നു. അതിനു ശേഷം കമ്പനിയുടെ സമീപനം എന്തും ആയിക്കോളൂ എന്നായി. താനാണ് ചാര്‍ലീസ് ഡെന്‍ സൃഷ്ടിച്ചത്. ‘അവിടേക്ക് ഞങ്ങള്‍ ട്രക്കുകള്‍ നിറയെ മദ്യം കൊണ്ടുവന്നു. കഞ്ചാവു ചേർത്ത വിഭവമായ ഗഞ്ചാ ഗൂബോൾസും പാര്‍ട്ടികള്‍ക്കു കൊഴുപ്പു നല്‍കി. ‘എനിക്കു മയക്കം വരുന്നു, ഇതിലെന്തു കുന്തമാണ് നിറച്ചിരിക്കുന്നത്’ എന്ന് ഗൂഗിള്‍ ജോലിക്കാര്‍ എന്നോടു ചോദിച്ചിരുന്നു - അയേഴ്‌സ് പറയുന്നു.

എന്നാല്‍, പാര്‍ട്ടികളില്‍ അഴിഞ്ഞാടാതിരിക്കുന്ന സമയത്ത് ഗൂഗിള്‍ ജോലിക്കാര്‍ അധ്വാനിക്കുകയും ചെയ്തു. ആദ്യകാലത്ത്, ഗൂഗിള്‍ സ്ഥാപകർ കമ്പനിയുടെ പരസ്യം നല്‍കുന്നതിന് എതിരായിരുന്നു. പിന്നീട്, എതിരാളികള്‍ പരസ്യത്തിലൂടെ ശ്രദ്ധയാകര്‍ഷിക്കുന്നതു കണ്ടതിനു ശേഷമാണ് അവർ അതിനു ശ്രമിച്ചത്. അങ്ങനെയാണ് ‘ഗൂഗിള്‍, തിന്മ അരുത്’ (Google, don't be evil) എന്ന പ്രമാണവാക്യം സൃഷ്ടിച്ചതെന്ന് പുസ്തകം പറയുന്നു.

old-google

ഗൂഗിളിലെ മുന്‍ ജോലിക്കാരിയും പിന്നീട് യാഹുവിന്റെ ചീഫ് എക്‌സിക്യൂട്ടീവുമായ മാരിസ മെയര്‍ പറയുന്നത്, ഗൂഗിളിലെ ബ്രെയ്ന്‍സ്റ്റോമിങ് സെഷനുകളില്‍ എന്തു തരം ആശയവും അവതരിപ്പിക്കാമായിരുന്നു എന്നാണ്. സ്ട്രീറ്റ് വ്യൂ എന്ന പരീക്ഷണം തുടങ്ങിയതും മെയര്‍ ഓര്‍ക്കുന്നു: വൂള്‍ഫ് ക്യാമറ സ്റ്റോറിൽനിന്ന് ഒരു ക്യാമറ വാടകയ്‌ക്കെടുത്ത് ഒരു നീല ഫോക്സ്‌വാഗനില്‍ ചാടിക്കയറി Palo Alto യില്‍ എത്തി ഒരോ 15 സെക്കന്‍ഡിലും ഒരു ചിത്രം വച്ച് എടുക്കാന്‍ തുടങ്ങി. വൈകിട്ട് ഓഫിസില്‍ തിരിച്ചെത്തി ഈ ചിത്രങ്ങള്‍ തുന്നിക്കൂട്ടാന്‍ സാധിക്കുമോ എന്നു പരിശോധിച്ചു.

ഗൂഗിളിന്റെ 59 ാമത്തെ ജോലിക്കാരനായ ഡഗ് എഡ്‌വേഡ്‌സ് മറ്റൊരു രസകരമായ കാര്യം ഓര്‍ക്കുന്നു: ‘ഒരു ബ്രെയ്ന്‍സ്‌റ്റോമിങ് സെഷന്‍ നടക്കുമ്പോള്‍ ബ്രിന്‍ മുന്നോട്ടുവച്ച ഒരു ആശയം ഇതാണ്- ഗൂഗിളിന്റെ ലോഗോ ചന്ദ്രനിലേക്ക് പ്രൊജക്ട് ചെയ്ത് തെളിച്ചു നിർത്തുക! ബ്രിന്നിന്റെ മറ്റൊരു ആശയം ഗൂഗിളിന്റെ മുഴുവന്‍ മാര്‍ക്കറ്റിങ് ബജറ്റും എടുത്ത് ചെച്ചന്‍ അഭയാര്‍ഥികള്‍ക്കു നല്‍കാം എന്നതായിരുന്നു. ഹൈസ്‌കൂളുകളില്‍ ഗൂഗിള്‍ ബ്രാന്‍ഡിലുള്ള ഗര്‍ഭനിരോധന ഉറ വിതരണം ചെയ്യാമെന്നതും ബ്രിനിന്റെ മറ്റൊരു ആശയമായിരുന്നു.’

‘ഇങ്ങനെ ചെയ്യാത്ത ഒരു പാടു കാര്യങ്ങള്‍ ഉണ്ടെങ്കിലും പറഞ്ഞ ചില കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഞങ്ങള്‍ മുന്നോട്ടിറങ്ങുക തന്നെ ചെയ്തു. ഉദാഹരണത്തിന്, ഡ്രൈവര്‍ ഇല്ലാത്ത കാർ. അതും ഞങ്ങളുടെ ബ്രെയ്ന്‍സ്റ്റോമിങ് സെഷനില്‍ പൊന്തിവന്ന ആശയമായിരുന്നു’ - മെയര്‍ പറയുന്നു.

കോര്‍പറേറ്റ് കമ്പനികളിലെ ജോലിക്കാര്‍ പോകുന്ന തരം റിട്രീറ്റുകള്‍ക്കല്ല, ഹിപ്പികളുടെ കുപ്രസിദ്ധ ആഘോഷമായ ബേണിങ് മാനില്‍ പങ്കെടുക്കാനാണ് ഗൂഗിള്‍ ജോലിക്കാര്‍ പോയിരുന്നത്. ഗൂഗിളിന്റെ ഏറ്റവും ആദ്യത്തെ ഡൂഡിൽ എന്തായിരുന്നുവെന്നോ? ‘ഞങ്ങളെല്ലാം ഇപ്പോള്‍ ബേണിങ് മാനില്‍’ (We're all at Burning Man) എന്നതായിരുന്നു.

valley-of-genius

താന്‍ ഇന്റര്‍വ്യൂവിനു ചെന്നപ്പോള്‍ ലാറി പേജ് ഊതി വീര്‍പ്പിക്കാവുന്ന ഒരു പന്തില്‍ ഇരുന്നാണ് കൂടിക്കാഴ്ച നടത്തിയതെന്ന് അയേഴ്‌സ് ഓര്‍ക്കുന്നു. താന്‍ ഗൂഗിള്‍ വിടാനുണ്ടായ കാരണവും അദ്ദേഹം പറയുന്നു- ‘അവരെല്ലാം വട്ടന്മാരായിരുന്നു. അവര്‍ക്ക് ഒരു പാചകക്കാരന്റെ ആവശ്യമില്ല’.
ആദ്യകാലത്ത് ഗൂഗിളില്‍ പ്രതിസംസ്‌കാരം (counter culture) അത്രമേല്‍ ശക്തമായിരുന്നുവെന്നാണ് അയേഴ്‌സ് പറയുന്നത്. സ്യൂട്ടൊക്കെ ധരിച്ച് ഇന്റര്‍വ്യൂവിനു വരുന്നവരെ എടുക്കേണ്ട എന്നൊരു തീരുമാനം പോലും ഉണ്ടായിരുന്നുവത്രെ.

അതേസമയം, പുസ്തകത്തില്‍ വന്ന കാര്യങ്ങളെക്കുറിച്ചു പ്രതികരിക്കാന്‍ ഗൂഗിള്‍ വിസമ്മതിച്ചിരുന്നു.

സിലിക്കന്‍ വാലിയിലെ കമ്പനികളെക്കുറിച്ചു പരാമര്‍ശിക്കുന്ന ‘വാലി ഓഫ് ജീനിയസി’ലെ ചില കാര്യങ്ങള്‍ മാത്രമാണ് ഇവിടെ കുറിച്ചിരിക്കുന്നത്. ഗൂഗിൾ എങ്ങനെ ഗൂഗിളായി എന്ന ചോദ്യത്തിന്റെ ഏറ്റവും നല്ല ഉത്തരമാണ് ഈ പുസ്തകം. 699 രൂപ വിലയുള്ള പുസ്തകത്തിന്, ഇതെഴുതുന്ന സമയത്ത് ആമസോണിലെ വില 524 രൂപയാണ്.

google-office
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.