Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെലൂഗ XL: പക്ഷി, തിമിംഗലം... അല്ല, അതൊരു വിമാനമല്ലേ!

airbus

ബെലൂഗ തിമിംഗലത്തെ പോലുള്ള ഒരു വിമാനം, അതാണ് എയര്‍ബസിന്റെ ബെലൂഗ എക്‌സ്എലിന്റെ പുതിയ രൂപം. കുസൃതി ചിരിയും തിമിംഗലത്തിന്റെ തലയും കുഞ്ഞു കണ്ണുകളുമൊക്കെയായാണ് വിമാനങ്ങള്‍ പെയിന്റടിക്കുന്ന ഫ്രാന്‍സിലെ ടുലൂസിലുള്ള കേന്ദ്രത്തില്‍ നിന്നു ബെലൂഗ XL പുറത്തിറങ്ങിയിരിക്കുന്നത്. എയര്‍ ബസ് ജീവനക്കാരില്‍ നടത്തിയ സര്‍വേയില്‍ 40 ശതമാനം പേരും അനുകൂലമായതോടെയാണ് ഈ തിമിംഗല ലുക്ക് വിമാനത്തിന് ലഭിച്ചിരിക്കുന്നത്. 

സൂപ്പര്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ എന്ന് ഔദ്യോഗികമായി വിളിക്കുന്ന എയര്‍ബസ് എ300-600 എസ്ടി ആദ്യമായി പറന്നുയര്‍ന്നത് 1994 സെപ്തംബര്‍ 13നായിരുന്നു. ചരക്കുവിമാനമായതിനാല്‍ തന്നെ പ്രത്യേക രൂപം കാരണം വൈകാതെ വെള്ള ബലൂഗ തിമിംഗലമെന്ന വിളിപ്പേര് അതിന് ലഭിച്ചു. ബെലൂഗ തിമിംഗലത്തിന്റേതുപോലുള്ള തലയിലെ കൂനായിരുന്നു ആ വിളിപ്പേരിന്റേയും അടിസ്ഥാനം. 

ഔദ്യോഗിക പേരിനേക്കാള്‍ ഈ വിളിപ്പേരിന് വലിയ പ്രചാരം ലഭിച്ചതോടെയാണ് അങ്ങനെയെങ്കില്‍ ശരിക്കും ബെലൂഗ തിമിംഗലത്തിന്റെ രൂപത്തിലേക്ക് വിമാനത്തെ മാറ്റിയാലോ എന്ന ചിന്ത എയര്‍ബസ് അധികൃതര്‍ക്ക് ലഭിക്കുന്നത്. ജീവനക്കാരും സമ്മതം മൂളിയതോടെ എയര്‍ബസ് ബലൂഗക്ക് തിമിംഗലരൂപം കിട്ടി. 

വിമാനങ്ങളിലെ ചിറകുകള്‍ പോലുള്ള വലിയ ഭാഗങ്ങളാണ് സാധാരണയായി എര്‍ബസ് ബലൂഗയില്‍ കൊണ്ടുപോവുക. എയര്‍ബസിന്റെ യൂറോപ്യന്‍ വിമാന നിര്‍മാണ ഫാക്ടറികളില്‍ നിന്നും ഫ്രാന്‍സിലേയും ജര്‍മ്മനിയിലേയും സ്‌പെയിനിലേയും അസംബ്ലി യൂണിറ്റുകളിലേക്ക് എത്തിക്കും. 2004ല്‍ സുനാമിയെ തുടര്‍ന്ന് ഇന്ത്യന്‍ മഹാ സമുദ്രത്തിലും 2005ല്‍ കത്രീന ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലും എയര്‍ബസ് ബലൂഗ രക്ഷാപ്രവര്‍ത്തനത്തിനും എത്തിയിരുന്നു.

airbus-

ബെലൂഗയുടെ XL എന്ന പുതിയ മോഡലിന് ബെലൂഗ ST ട്രാന്‍സ്‌പോര്‍ട്ടറേക്കാള്‍ ആറ് മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും കൂടുതലുണ്ട്. ആറ് ടണ്ണിലേറെ ഭാരം വഹിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. പരീക്ഷണ പറക്കലുകള്‍ക്കുശേഷം ബലൂഗ XL അടുത്ത വര്‍ഷം മുതല്‍ ജോലി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് ബെലൂഗ XL വിമാനങ്ങള്‍ നിര്‍മാണത്തിലുമുണ്ട്.

related stories