Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർട്ടപ്പ് കെണികളും ‘അദൃശ്യ’ പോരാട്ടങ്ങളും – യുവ സംരംഭകർക്ക് 6 ടിപ്സ്

varun-tharoor

ഇന്ന് ധാരാളം വിദ്യാർഥികൾ സ്റ്റാർട്ടപ് സംരംഭക അവസരങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. യുവ സംരംഭകരുടെ പ്രചോദനകഥകൾ ഒരുപാടു കേൾക്കുന്നുമുണ്ട്. ഒരു നല്ല സംരംഭം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനിടെ സംരംഭകർക്കുണ്ടാകുന്ന അബദ്ധങ്ങളും മറ്റുള്ളവർക്കു നല്ല പാഠമാണ്. എന്നാൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നതും അവതരിക്കപ്പെടുന്നതും വിരളമാണ്. വരും തലമുറയ്ക്ക് ഏറ്റവും ഉപകാരപ്പെടുക ഇത്തരം പാഠങ്ങളാണ്.

സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപങ്ങൾ ലഭിക്കുന്നതും അവരെ മറ്റു കമ്പനികൾ ഏറ്റെടുക്കുന്നതും വാർത്തയാവുന്നുണ്ട്. ചില സ്റ്റാർട്ടപ്പുകൾ ധാരാളം ഫണ്ട് ലഭിച്ച ശേഷമുള്ള വരുമാന വളർച്ച ഇല്ലാത്തതിനാലും തുടർന്നു നിക്ഷേപകരെ ലഭിക്കാത്തതിനാലും മറ്റു കമ്പനികളുമായി ലയിപ്പിക്കുന്നത് വലിയ ഏറ്റെടുക്കലായി ചിത്രീകരിക്കപ്പെടുന്നുണ്ട്. എന്നാൽ വളരെ ചുരുങ്ങിയ തോതിലേ ഇതു സംഭവിക്കുന്നുള്ളൂ. 

പുറത്തു നിന്നുള്ള നിക്ഷേപകരുടെ ഫണ്ടിങ് സ്വീകരിക്കാതെ തങ്ങളുടെ മികച്ച ഉൽപന്നങ്ങൾ രാജ്യാന്തര കമ്പനികൾക്കു വിറ്റു വരുമാനം നേടി  പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുണ്ട്. എൻജിനീയറിങ് വിദ്യാഭ്യാസമോ സ്റ്റാർട്ടപ് ഇൻക്യൂബേറ്ററുകളുടെയോ ഐടി പാർക്കുകളുടെയോ പശ്ചാത്തലമോ ഇല്ലാതെ, സാമൂഹിക പ്രതിബദ്ധതയോടെ ചെറു പട്ടണങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളുണ്ട്. ഒരുപാടു കയറ്റിറക്കങ്ങൾ നിറഞ്ഞ ഒരു കമ്പനിയുടെ യാത്രയും വളർച്ചയും അറിയുന്നത് യുവസംരഭകർക്കു ഗുണപാഠമാകും. 

1. ഏക സ്ഥാപകനായി സംരംഭം തുടങ്ങുന്നതും മാനസിക സംഘർഷവും  

എന്റെ കമ്പനി ആരംഭിക്കുന്നതിന് 10 വർഷം മുൻപ് ഞാൻ ഐടി മേഖലയിൽ ജോലി ചെയ്തിരുന്നു. എനിക്ക് ഈ ആശയം തോന്നിയപ്പോൾ, ഒരു സഹസ്ഥാപകനു വേണ്ടി ഒരുപാടു തിരഞ്ഞു. എന്റെ ആശയത്തോടു താൽപര്യമുള്ള, അഥവാ സാങ്കേതിക വൈദഗ്ധ്യവും ഡൊമെയ്ൻ അറിവും പ്രതിബദ്ധതയുമുള്ള ആരെയും കണ്ടെത്താൻ സാധിച്ചില്ല. അങ്ങനെ ഞാൻ ഒറ്റയ്ക്കു കമ്പനി തുടങ്ങി. മൂന്നു വർഷത്തോളം പ്രതിദിനം 18 മണിക്കൂർ വരെ ജോലി ചെയ്തു. എല്ലാം തികഞ്ഞ ഒരു പെർഫെക്ട് ദിവസത്തിനായി കാത്തു നിൽക്കാതെ, ഒരു ധൈര്യത്തിന്റെ പിടിവള്ളിയിൽ തുടങ്ങിയ ഞാൻ പതിയെ എന്റെ പ്രോഡക്ട് നിർമിച്ചു. ഡിജിറ്റൽ ഉള്ളടക്കം എഴുതി ഒരു വെബ്സൈറ്റ് പുറത്തിറക്കി. ടീമിനെ കെട്ടിപ്പടുക്കുന്നതിനോടൊപ്പം ഉൽപന്നം വികസിപ്പിക്കുകയും സെയിൽസ് ക്യാംപെയ്ൻ നടത്തുകയും ചെയ്തു. അതെന്റെ ജീവിത ശൈലിയെത്തന്നെ മാറ്റി. 

അത്തരമൊരു സാഹചര്യത്തിൽ ഏകാന്തതയും ഉത്കണ്ഠയും എല്ലാ ദിവസവും നിങ്ങളെ അലട്ടും. പക്ഷേ  കടമ്പകൾ തരണം ചെയ്യുന്നത് നിങ്ങളെ കൂടുതൽ ശക്തനും ആർദ്രചിത്തനുമായ സംരംഭകനാക്കും. ഒരു സ്റ്റാർട്ടപ്പിന്റെ ഒറ്റയാൾ സ്ഥാപകനാകുകയെന്നത് പ്രയാസമാണ്, പക്ഷേ അസാധ്യമല്ല. അവിശ്വസനീയമായ ഒരു ഏകാന്ത യാത്രയാണത്. ആശയവും അതിന്റെ നിർവഹണവും നല്ലതാണെങ്കിൽ നിങ്ങൾക്ക് ഒറ്റയ്ക്കു ചുവടു വയ്ക്കാം. പിന്നീട് 

സഹസ്ഥാപകരെ കൊണ്ടുവരാനുമാകും. പക്ഷേ തുടക്കത്തിൽത്തന്നെ കോ ഫൗണ്ടേഴ്‌സിനെ കണ്ടെത്താനായാൽ നല്ലതാണ്. 

2. ഫ്രീലാൻസേഴ്സ് അഥവാ ഓൺലൈൻ കരാർ ജോലിക്കാരുമായുള്ള പ്രവർത്തനം

ഏകദേശം ഒൻപതു മാസം ഞാൻ ബിസിനസിന് അടിത്തറയുണ്ടാക്കാനും ഉപഭോക്തൃ ട്രാക്‌ഷൻ നിർമിക്കാനും ഒറ്റയ്ക്കു പ്രവർത്തിച്ചു. വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ, പ്രോഡക്ട് വിപുലീകരിക്കാനും കമ്പനി വെബ്സൈറ്റ് മനോഹരമാക്കാനും വേണ്ടി ചില എൻജിനീയർമാരെയും ഡേറ്റ അനലിസ്റ്റുകളെയും നിയമിക്കാൻ ഫ്രീലാൻസ് കമ്യൂണിറ്റിയിൽ അന്വേഷിച്ചു. ഫ്രീലാൻസ് ജോലിക്കാരിൽനിന്ന് എനിക്കു നല്ലതും മോശവുമായ അനുഭവമുണ്ടായിട്ടുണ്ട്. വളരെ ഉത്കണ്ഠയുള്ള കോർ ടെക്ക് പ്രതിഭയെ കണ്ടിട്ടുണ്ട്. ഒപ്പം, ഡെലിവറി കാലതാമസം വരുത്തുന്നവരെയും പ്രതികരിക്കാത്തവരെയും അത്യാഗ്രഹികളെയും നിലവാരം കുറഞ്ഞവരെയും നേരിട്ടിട്ടുമുണ്ട്. അത്തരക്കാരിൽനിന്ന് ഞാൻ ഒഴിഞ്ഞുമാറി. ഫ്രീലാൻസേഴ്സുമായി മാത്രം ചേർന്ന് ഒരു കമ്പനിയുണ്ടാക്കാൻ കഴിഞ്ഞെന്നുവരില്ല. അത്യാവശ്യം ജോലികൾ ചെയ്യാൻ നിങ്ങളുടെ ഇൻഹൗസ് ടീമിന്റെ ഒരു വിപുലീകരണമായി അവർ പ്രവർത്തിച്ചേക്കാം എന്നേയുള്ളു. നിങ്ങളുടെ പ്രോജക്ടുകളിൽ ജോലി ചെയ്യാൻ ഒരു പ്രഫഷനൽ ഫ്രീലാൻസ് പ്രതിഭയെ കണ്ടെത്തുന്നതിൽ ഭാഗ്യം വലിയ പങ്ക് വഹിക്കുന്നു. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഒരു മുഴുവൻ സമയ ടീമിനെത്തന്നെ ആദ്യം വാർത്തെടുക്കണം.

3. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നിയമനം

കരിയറിലെ ഏറ്റവും വലിയ ബുദ്ധിമോശം ഇതു തന്നെയായിരുന്നു. ബിസിനസ് വളർന്നപ്പോൾ, ടീമിലേക്കു മിടുക്കരെത്തേടി ഞാൻ ഒരുപാടലഞ്ഞു. കമ്പനിയുടെ വളർച്ചയിൽ ആവേശഭരിതനായപ്പോൾ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ടീമിൽ ചേർക്കാൻ തീരുമാനിച്ചു. അത് വ്യക്തിപരമായ ഉത്തരവാദിത്തമായി എനിക്ക് ആ സമയത്തു തോന്നി. എന്റെ മുൻഭാര്യയ്ക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ പിന്തുണയ്ക്കാൻ ഞാൻ തീരുമാനിച്ചു. സ്ത്രീ ശാക്തീകരണത്തെ സ്വാധീനിക്കാൻ ഒരു വനിതാ സഹസ്ഥാപകയായി അവരെ നിയമിച്ചു. പരാജയത്തിനുള്ള സജ്ജീകരണം പോലെയായിരുന്നു അത്. ഏതാനും മാസത്തിനുള്ളിൽത്തന്നെ കാര്യങ്ങൾ തകിടം മറിഞ്ഞു. എന്റെ സംരംഭക ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയമായിരുന്നു അത്. നിഷ്ക്രിയത്വം, ധിക്കാരം, ഒഴികഴിവുകൾ, വഞ്ചന, അഹങ്കാരം, ദുരാഗ്രഹം, അലസത, അഹന്ത, താണനിലവാരം എന്നിവയൊക്കെ കാണേണ്ടിവന്നു. കുടുംബാംഗമോ സുഹൃത്തോ ആയതു കൊണ്ടു മാത്രമാണ് ചിലതൊക്കെ സംഭവിച്ചതെന്നു മനസ്സിലാക്കി. ചില സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായുള്ള ബന്ധം തകർന്നതും ഇതിന്റെ തുടർച്ചയായിരുന്നു. അതെന്റെ സ്റ്റാർട്ടപ്പ് കരിയറിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു. 

ആദ്യം കമ്പനി സംസ്കാരം വളർത്തുക എന്നത് പ്രധാനമാണ്. കഴിവിന്റെ അടിസ്താനത്തിൽ മാത്രം ആളുകളെ നിയമിക്കണം. വ്യവസ്ഥകൾ രേഖപ്പെടുത്തി ഒപ്പു വയ്ക്കണം. വ്യക്തിപരമായി അടുപ്പമുള്ളവരെ നിയമിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണം.

4. സ്റ്റാർട്ടപ്പ് ഇവന്റുകളിലെ പങ്കാളിത്തം

മുമ്പില്ലാത്ത വിധം സംരംഭകത്വം പ്രോത്സാഹിപ്പിക്കപ്പെടുകയും പിന്തുണയ്ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബ്രാൻഡിങ്, നെറ്റ്‌വർക്കിങ്, പിആർ, ഫണ്ട് സമാഹരണം, അംഗീകാരം, പോളിസി സപ്പോർട്ട് എന്നിവയിൽ സ്റ്റാർട്ടപ്പുകൾക്ക് ധാരാളം അവസരമുണ്ട്. പരാജയങ്ങൾ വലിയ സംഭവമായി അംഗീകരിക്കപ്പെടുകയും മഹത്വവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. സ്റ്റാർട്ടപ്പ് കോൺഫറൻസുകളും ഹാക്കത്തോണുകളും മിക്കവാറും എല്ലാ ദിവസവും നടത്തപ്പെടുന്നു. എല്ലാ നഗരങ്ങളിലും സ്റ്റാർട്ടപ് കോ വർക്കിങ് പ്രവർത്തനമേഖലകൾ ഉണ്ട്. വിജയകരമായ സ്റ്റാർട്ടപ്പ് കഥകൾ മിക്കവാറും ദിവസങ്ങളിൽ  മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. 

ഇന്നത്തെ ആകർഷകമായ സ്റ്റാർട്ടപ്പ് പരിതസ്ഥിതിയാൽ സ്വാധീനിക്കപ്പെടുകയാണ് പലപ്പോഴും യുവ സംരംഭകർ. അവർ ഉത്കണ്ഠാജനകമായ സ്റ്റാർട്ടപ്പ് കോൺഫറൻസുകളിലും വൻ സമ്മേളനങ്ങളിലും പങ്കെടുത്ത്,  മറ്റു സ്റ്റാർട്ടപ്പുകൾ എന്താണു ചെയ്യുന്നതെന്നു നോക്കി, പലപ്പോഴും അസൂയയുടെ പിടിയിലാകുന്നു.നിങ്ങളുടെ ബിസിനസിന് ആവശ്യമായതും മികച്ച ഉപഭോക്താക്കൾ പങ്കെടുക്കാൻ സാധ്യത ഉള്ളതുമായ സ്റ്റാർട്ടപ്പ് സമ്മേളനങ്ങളിൽ മാത്രം പങ്കെടുക്കുക. ഇങ്ങനെ നിങ്ങളെ റഫറൻസുകൾ, ഫണ്ടിങ്, നിക്ഷേപകർ, ഉപഭോക്താക്കൾ എന്നിവയുമായി പരിചയപ്പെടുത്തുകയും മാർഗ നിർദേശം നൽകി വളരാൻ സഹായിക്കുകയും ചെയ്യുന്ന മികച്ച ആളുകളുമായി ബന്ധം സ്ഥാപിക്കാൻ കഴിയും. വ്യാജ മാർഗദർശകർ, സ്വാർഥരായ സ്റ്റാർട്ടപ്പ് സുഹൃത്തുക്കൾ, പഴഞ്ചൻ മുൻവിധിയുള്ള പാരമ്പര്യ ബിസിനസുകാർ, നെഗറ്റീവ് ആളുകൾ എന്നിവരിൽനിന്ന് അകന്ന് നിൽക്കുക. അപ്രസക്തമായ സ്റ്റാർട്ടപ്പ് സമ്മേളനങ്ങളിൽ പോയി സമയം പാഴാക്കരുത്. സ്റ്റാർട്ട്അപ്പ് മീഡിയ ലോകത്തിന്റെ ഭ്രമിപ്പിക്കുന്ന വശം നിങ്ങളുടെ ശ്രദ്ധ തിരിക്കരുത്. ഉപഭോക്താക്കൾ, വരുമാനം, ലാഭസാധ്യത, സുസ്ഥിരത, നൂതനമായ പ്രോഡക്ടുകൾ, കഴിവുള്ള ടീം എന്നിവയ്ക്കു മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

5. വൈകാരിക ബുദ്ധിയെ കൈകാര്യം ചെയ്യൽ

ചില ടീമംഗങ്ങളുടെ കാര്യത്തിൽ സമ്മർദ ഘട്ടങ്ങളെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. ജോലിയിലെ പ്രാപ്തിക്കുറവും പെരുമാറ്റപ്രശ്നങ്ങളും പരിഹരിക്കാനാവാതെ വരുമ്പോൾ ചിലരെ ഒഴിവാക്കേണ്ടതായി വന്നിട്ടുണ്ട്. വിലപേശലിന്റെ ഭാഗമായി ചില ഉപഭോക്താക്കൾ തന്ത്രപരമായി നിങ്ങളെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കും. ചിലർ നിങ്ങളെ വൈകാരികമായി വലിച്ചു താഴ്ത്താനോ നിങ്ങളുടെ ആശയത്തെ നിസ്സാരമാക്കാനോ എതിരാളികളുമായി താരതമ്യം ചെയ്യാനോ നിങ്ങളുടെ പരിശ്രമങ്ങൾ അട്ടിമറിക്കാനോ ശ്രമിക്കും. കമ്പനിയോടുള്ള നിങ്ങളുടെ അഭിനിവേശം മൂലം ഇത്തരം ഇടപെടലുകളും വിലയിരുത്തലുകളും നിങ്ങളെ അസ്വസ്ഥരാക്കാം. പക്ഷേ എല്ലായിടത്തും സ്വന്തം നിലപാടുകൾ തെളിയിക്കാൻ ശ്രമിക്കരുത്. മിക്ക സാഹചര്യങ്ങളിലും വിശദീകരണങ്ങൾ സഹായിക്കാറില്ല. തീരുമാനമെടുക്കൽ, തൊഴിൽസംബന്ധമായ സംഭാഷണങ്ങൾ, ‌സന്ദർഭോചിതമായ അവഗണനകൾ എന്നതാണ് ശരിയായ സമീപനം. ഹാൻഡൗട്ടുകൾക്കായി കാത്തിരിക്കരുത്, തിക്കിത്തിരക്കി മുന്നേറുക. നിങ്ങളുടെ ജീവിതം അസാധാരണമായിത്തീരാൻ എല്ലാം തികഞ്ഞയാളാവണമെന്നില്ല. 

6. രാജ്യാന്തര  ടീമിനെ വികസിപ്പിക്കൽ

നാലു രാജ്യങ്ങളിലായി ഒരു രാജ്യാന്തര ടീമിനെ സൃഷ്ടിച്ചു. ഇത് ജോലി വേഗം തീർക്കാനും ഒപ്പം പ്രവർത്തന ചെലവ് കുറയ്ക്കാനും സഹായിച്ചു. ‌ഒരു റിമോട്ട് ടീമിനൊപ്പം പ്രവർത്തിക്കുമ്പോൾ .ടൈം സോൺ വ്യത്യാസങ്ങൾ, ആശയവിനിമയ വിടവ്, സംസ്കാര വ്യത്യാസങ്ങൾ, പ്രകടന പോരായ്മകൾ, പ്രഫഷനലിസത്തിന്റെ കുറവ് തുടങ്ങിയവയെല്ലാം സമ്മർദമുണ്ടാക്കാം. തൊഴിൽ സംസ്കാരത്തിന്റെ കുറ്റമറ്റ നിർവഹണവും പ്രഫഷനൽ, നേതൃത്വ കഴിവുകൾ വികസിപ്പിക്കുന്നതുമാണ് ഒരു രാജ്യാന്തര ടീമിന്റെ വിജയം നിർണയിക്കുന്നത്. നിങ്ങളുടെ വിജയം നിങ്ങൾ തന്നെ നിർവ്വചിക്കുക. സ്വയം വിശ്വസിക്കുക. താരതമ്യങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ ശക്തികൾ തിരിച്ചറിയുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയെന്നതാണ് വിജയത്തിലേക്കുള്ള വഴി.

സിംഗപ്പൂർ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ ഓഫിസുള്ള, കേരളത്തിലെ കോർപറേറ്റ് 360 എന്ന B2B സെയിൽസ് ടെക് കമ്പനിയുടെ മേധാവിയാണ് ലേഖകൻ.