Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രായ് നിർദ്ദേശത്തിന് പുല്ലുവില; ഇന്ത്യയിൽ ഐഫോണിന് വിലക്കുവന്നേക്കും?

iPhone

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) കർശന നിർദ്ദേശം പാലിക്കാത്തതിനാൽ ഐഫോണിന് ഇന്ത്യയിൽ വിലക്കുവന്നേക്കുമെന്ന് റിപ്പോർട്ട്. ട്രായിയുടെ ഡിഎൻഡി (Do not Disturb) ആപിന്റെ സേവനം അടുത്ത ആറ് മാസത്തിലുള്ളിൽ ഐഫോണുകളിൽ ലഭ്യമാക്കിയില്ലെങ്കിൽ മൊബൈൽ ഓപറേറ്റർമാർക്ക് ഐഫോണുകളിലുള്ള സേവനം മതിയാക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ ആപ്പിൾ ഫോണുകളിൽ മൊബൈൻ സേവനങ്ങൾ പൂർണമായും നിരോധിക്കപ്പെടും.

ഡിഎൻഡി ആപ് മൊബൈലിൽ ഇൻസ്റ്റാൾചെയ്താൽ മൊബൈലിലെ പ്രവർത്തനങ്ങൾക്ക് സ്വകാര്യത ഇല്ലാതാകുമെന്നാണ് ആപ്പിളിന്റെ വാദം. മൊബൈലിൽ വരുന്ന കോളുകളും മെസ്സേജുകളും ട്രായിക്ക് നിരീക്ഷിക്കാനാകും. ഇത്തരത്തിൽ സ്വകാര്യതയെ ഹനിക്കുന്ന ആപ്പ് ഐഫോണിൽ അനുവദിക്കാൻ ബുദ്ധിമുട്ടാണെന്നാണ് ആപ്പിളിന്റെ വാദം. പുതിയ ഫീച്ചറുകളനുസരിച്ച് ഡിഎൻഡി ആപ് ലഭ്യമാക്കാനുള്ള സംവിധാനമുണ്ടാക്കുമെന്ന് നേരത്തെ ആപ്പിൾ ട്രായിക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇതുവരെയും ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല. ആപ്പിളിന്റെ നിലപാടിനെതിരെ നിയമപരമായി മുന്നോട്ടു പോകാനാണാ ട്രായിയുടെ തീരുമാനം.

എന്താണ് ഡിഎൻഡി?

ഉപയോക്താക്കൾക്ക് അവരുടെ ഫോണിലേക്ക് വരുന്ന അനാവശ്യ കോളുകളും മെസ്സേജുകളും നിയന്ത്രിക്കാൻ പറ്റുന്ന സംവിധാനമാണ് ഡിഎൻഡി (Do not Disturb). ഡിഎൻഡി ആക്ടിവേറ്റ് ചെയ്ത ഫോണിലേക്ക് അനാവശ്യ കോളുകളോ മെസ്സേജുകളോ വന്നാൽ ട്രായിയോട് ഉപയോക്താവിന് പരാതിപ്പെടാം. മൊബൈൽ നമ്പറുകൾ വാണിജ്യാവശ്യങ്ങൾക്കും പരസ്യങ്ങൾക്കുമൊക്കെയായി ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കലാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. എല്ലാ മൊബൈൽ ദാതാക്കളും ഡിഎൻഡി ഫീച്ചർ നൽകുന്നുണ്ട്.