Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നറിയിപ്പ്! ജിമെയിൽ അക്കൗണ്ടുള്ളവർ സൂക്ഷിക്കുക, ഫിഷിങ്ങിന് സാധ്യത

gmail-logo

ഗൂഗിളിന്റെ ജനപ്രിയ ഇ–മെയിൽ സേവനമായ ജിമെയിലില്‍ പുതുതായി കൊണ്ടുവന്ന സവിശേഷത ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു ഭീഷണിയായി മാറിയേക്കുമെന്ന് മുന്നറിയിപ്പ്. കോൺഫിഡൻഷ്യൽ മോഡ് എന്ന പുതിയ സവിശേഷത സൈബർ ആക്രമണങ്ങൾക്ക് വാതിൽ തുറന്നു കൊടുത്തേക്കുമെന്ന ആശങ്കയാണ് യുഎസ് ഇന്‍റലിജൻസ് അധികൃതർ പ്രകടിപ്പിച്ചിട്ടുള്ളത്. 

സൈബർ സുരക്ഷ ഉദ്യോഗസ്ഥർക്കും നിയമപാലന വിഭാഗത്തിനും ഇന്‍റലിജൻസ് ഇതുസംബന്ധിച്ച കുറിപ്പ് കൈമാറിയിട്ടുണ്ട്. സൂക്ഷ്മബോധമുള്ള ഇ–മെയിലുകൾക്ക് എക്സ്പയറി ഡേറ്റ് സൃഷ്ടിക്കാനും ഇവയിൽ പിന്നീടുള്ള ആശയവിനിമയത്തിന് രണ്ടു ഘട്ടങ്ങളായുള്ള ആധികാരികത സമ്പ്രദായം കൊണ്ടുവരാനും ഉപയോക്താവിനെ സഹായിക്കുന്നതാണ് കോൺഫിഡൻഷ്യൽ മോഡ്. 

സൂക്ഷ്മബോധമുള്ളതായി തരംതിരിച്ച ഇമെയിലിലേക്ക് ഉപയോക്താവിന് വീണ്ടും പ്രവേശിക്കണമെങ്കിൽ ഒരു ലിങ്കിൽ ക്ലിക് ചെയ്യേണ്ടതുണ്ട്. ഇത് ഹാക്കർമാര്‍ക്ക് എളുപ്പത്തിൽ കടന്നുകയറാൻ സാധ്യത തുറന്നുകൊടുക്കുന്ന ഒന്നാണെന്നാണ് വിലയിരുത്തൽ. തീര്‍ത്തും സ്വകാര്യമായ ഈ ലിങ്കിന്‍റെ കൃത്രിമ പതിപ്പുകളടങ്ങുന്ന കൂട്ടായ സന്ദേശങ്ങളിലൂടെ ഉപയോക്താവിന്‍റെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർ ശ്രമിച്ചേക്കുമെന്നാണ് ഇന്‍റലിജൻസ് അധികൃതരുടെ മുന്നറിയിപ്പ്. 

വലിയൊരു ഭീഷണിയായി വളർന്നുവരാൻ എല്ലാവിധ സാധ്യതകളും പുതിയ സവിശേഷതക്കുണ്ടെന്നും ഇത് ആഗോളതലത്തിലുള്ള ജിമെയിൽ ഉപയോക്താക്കളെ ഒരുപോലെ ബാധിക്കുന്ന വിഷയമാണെന്നും യുഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. 

വ്യക്തിഗത വിവരങ്ങൾ, പാസ്‍വേഡുകൾ, ക്രെഡിറ്റ് കാർഡ് സംബന്ധമായ വിവരങ്ങൾ, പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയാണ് ഫിഷിങ്ങിലൂടെ പ്രധാനമായും ഉന്നംവയ്ക്കുന്നത്. ബാങ്ക് അധികൃതരാണെന്നോ മറ്റോ തെറ്റിദ്ധരിപ്പിച്ചാകും ഉപയോക്താക്കളുടെ വിവരങ്ങൾ ഇവർ ചോർത്തുക. കൃത്രിമമായ ഒരു ഫോമിലോ അല്ലെങ്കിൽ വെബ്പേജിലോ വിവരങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടുകയാണ് പതിവ് രീതി.