Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടങ്ങിയത് ഈ പഴയ കാർ ഷെഡിൽ, ഇന്ന് ആസ്തി 68.64 ലക്ഷം കോടി, ലോകം കീഴടക്കി ആപ്പിൾ

apple-garage-steve-jobs

ആപ്പിളിന്റെ പുത്തൻ ഉൽപന്നങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുമ്പോഴും കമ്പനിക്ക് ഓരോ നേട്ടം വരുമ്പോഴും ഒരു നിമിഷം എല്ലാവരും ഓർത്തുപോകുന്ന ഒരു മുഖം, സ്റ്റീവ് ജോബ്സ്. ഐഫോൺ നിർമാതാക്കളായ ആപ്പിള്‍ ഒരു ലക്ഷം കോടി ഡോളർ വിപണി മൂല്യം കൈവരിക്കുന്ന ലോകത്തെ ആദ്യ കമ്പനിയായി ചരിത്രം കുറിച്ചിരിക്കുന്നു. കുടിയേറ്റക്കാരനായ സ്റ്റീവ് ജോബ്സ് എന്ന അദ്ഭുത മനുഷ്യൻ തുടങ്ങിയ ആ കമ്പനി ലോകം കീഴടക്കിയിരിക്കുന്നു. 

ഈ ലോകത്തെ തന്നെ മാറ്റിമറിച്ച ടെക്നോളജി വിപ്ലവകാരിയാണ് അദ്ധേഹം. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റ ഭാഷയില്‍ പറഞ്ഞാൽ കുടിയേറ്റക്കാരൻ. പതിനായിരകണക്കിനു മാധ്യമപ്രവർത്തകരും മാധ്യമങ്ങളുമാണ് ആപ്പിളിന്റെ ഓരോ ചലനങ്ങളും വീക്ഷിക്കുന്നത്. എന്താണ് ആപ്പിൾ പുറത്തുവിടാൻ പോകുന്നത്, അവർക്ക് എന്താണ് സംഭവിക്കാൻ പോകുന്നത്. ഇത്രയും പ്രാധാന്യത്തോടെ പുറത്തിറങ്ങുന്ന മറ്റൊരു ബ്രാൻഡ് ഫോണും ടെക്‌ലോകത്ത് തന്നെ ഇല്ല.

steve jobs

41 വർഷം മുൻപു സ്‌റ്റീവ് ജോബ്‌സിന്റെ തലയിൽ ഒരു ആപ്പിൾ വന്നുവീണപ്പോൾ മാറിയതു ലോകത്തിന്റെ തലവരയായിരുന്നു. ഡിജിറ്റൽ സാങ്കേതികതയുടെ മാന്ത്രിക വടികൊണ്ടു സ്‌റ്റീവ് തൊട്ടപ്പോൾ നമ്മുടെ കാഴ്‌ചയും കേൾവിയും എഴുത്തും, ജീവിതം തന്നെയും മറ്റൊന്നായിത്തീർന്നു. ലോകത്തെ അടിമുടി നവീകരിച്ച മാറ്റത്തിന്റെ പ്രധാന കാരണക്കാരനെന്ന നിലയ്‌ക്കാവും ‘ആപ്പിൾ’ ചെയർമാനും മുൻ സിഇഒയുമായ സ്‌റ്റീവ് ജോബ്‌സ് ഓർമയിലും ചരിത്രത്തിലും ജീവിക്കുക. 56 വയസ്സിൽ സ്‌റ്റീവ് കണ്ണടയ്‌ക്കുന്നത് ഒരു മനുഷ്യായുസ്സിന്റെ കർമസാധ്യതകളത്രയും തെളിയിച്ചാണ്. 

കംപ്യൂട്ടർ മൊബൈൽ ഫോൺ സംഗീത വ്യവസായങ്ങളെ സാങ്കേതികത കൊണ്ടു പുനർനിർവചിക്കാനും ഐമാക്, ഐപോഡ്, ഐഫോൺ, ഐപാഡ് തുടങ്ങിയ എക്കാലത്തെയും പ്രിയപ്പെട്ട ഗാഡ്‌ജറ്റുകളിലൂടെ ലോകത്തിന്റെ ജീവിതശൈലി തന്നെ മാറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു. 1976ൽ സ്‌റ്റീവ് വോസ്‌നിയാക്, റൊണാൾഡ് വെയ്‌ൻ എന്നിവർക്കൊപ്പം ഒരു പഴയ കാർ ഷെഡിൽ ആപ്പിൾ പഴ്‌സനൽ കംപ്യൂട്ടർ കിറ്റ് നിർമിച്ച്, കമ്പനിയുടെ പിറവിക്കു നായകത്വം നൽകിയ സ്‌റ്റീവിനു തന്റെ സ്‌ഥാപനത്തെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡാക്കി മാറ്റാനുള്ള മാജിക് അറിയാമായിരുന്നു. ലളിതമായിരുന്നു ആ മന്ത്രവിദ്യയുടെ ചേരുവകൾ: സർഗശേഷിയും കഠിനാധ്വാനവും സമർപ്പണവും. കഷ്‌ടപ്പാടുകളും സങ്കടങ്ങളും നിറഞ്ഞ തന്റെ ബാല്യകൗമാരങ്ങളോടുള്ള മധുരപ്രതികാരം പോലെയാണു ലോകജനതയുടെ നിത്യജീവിതത്തിലേക്കു പുതിയ സന്തോഷങ്ങൾ പലതും സ്‌റ്റീവ് കൊണ്ടുവന്നത്. ഇരുപത്തിയഞ്ചാം വയസ്സിൽ അദ്ദേഹം ദശകോടികളുടെ അധിപതിയായി; തൊട്ട വർഷം ടൈം മാഗസിന്റെ കവർ ചിത്രമായി. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഐടി കമ്പനിയുടെ അമരക്കാരനായിട്ടും വാർഷിക ശമ്പളമായി വെറും ഒരു ഡോളർ മാത്രം വാങ്ങി; അതിൽ പാതി താൻ കമ്പനിയിൽ വരുന്നതിനും ബാക്കി തന്റെ സേവനത്തിനുമാണെന്നു ചിരിയില്ലാതെ പറഞ്ഞു. 

steve-jobs

കോളജിലെ ആദ്യ സെമസ്‌റ്ററിൽ തന്നെ പഠനം മുറിച്ചു പുറത്തുപോകേണ്ടിവന്നയാളാണു ഡിജിറ്റൽ സാങ്കേതികതയുടെ പുതുഭൂഖണ്ഡങ്ങൾ കണ്ടെത്തിയതെന്നതാണ് ഏറ്റവും വലിയ വിസ്‌മയം. ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതദർശനം. സാങ്കേതികത അർഥപൂർണമാകുന്നത് ലാളിത്യത്തിലാണെന്നു വിശ്വസിച്ചു. സാങ്കേതികചരിത്രത്തിൽ അദ്ദേഹം മുദ്ര ചാർത്തിയതു പുതിയ കണ്ടെത്തലുകളുടെ പേരിലായിരുന്നില്ല; നേരത്തേ ഉണ്ടായിരുന്നവയെ കാലാനുസൃതം നവീകരിച്ചതിലൂടെയാണ്. സ്‌റ്റീവിന്റെ കൈവിരൽ തൊടുന്നതിനു മുൻപും ഇവിടെ കംപ്യൂട്ടറും മൊബൈൽ ഫോണും ഡിജിറ്റൽ സംഗീതവുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ആപ്പിളിന്റെ നാമത്തിൽ അദ്ദേഹം അവയൊക്കെയും പുതുക്കിപ്പണിഞ്ഞപ്പോൾ ഐമാക്കും ഐഫോണും ഐപോഡുമൊക്കെ ഉണ്ടായി. ഒരു ഗണിതപുസ്‌തകം പോലെ സങ്കീർണവിരസമായിരുന്ന സാങ്കേതിക ഉൽപന്നങ്ങളിലേക്കു സ്‌റ്റീവ് ജോബ്‌സ് ലാളിത്യവും ഡിസൈനും കൊണ്ടുവന്നു. ആപ്പിൾ ഉൽപന്നങ്ങൾ അങ്ങനെ സാങ്കേതിക മികവിനോടൊപ്പം നിറവുള്ള ഫാഷൻ അടയാളങ്ങളുമായി. ക്രാന്തദർശിത്വം എന്ന വാക്കിന്റെ യഥാർഥ അർഥമെന്തെന്നു കാലത്തെ ബോധ്യപ്പെടുത്താൻ സാധിച്ചതാണു സ്‌റ്റീവിന്റെ ചിരന്തന മഹത്വം. 

പാൻക്രിയാറ്റിക് ക്യാൻസറിന്റെ അസഹ്യവേദനയിൽ സ്വയം ദിവസങ്ങളെണ്ണുമ്പോഴും ലോകജനതയുടെ സമയത്തെ സാർഥകമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഏഴു വർഷം മുൻപേ അദ്ദേഹം ക്യാൻസർബാധിതനായെങ്കിലും ലോകം അതിന്റെ ഗുരുതരാവസ്‌ഥ അറിഞ്ഞത് അവസാന നിമിഷം മാത്രം. രോഗം മൂർച്‌ഛിച്ചപ്പോൾ, സ്വന്തം ആപ്പിൾ സാമ്രാജ്യത്തിന്റെ സിഇഒ പദവിയിൽ നിന്നു വിടവാങ്ങി; ചെയർമാനായി തുടരുകയും ചെയ്‌തു. രോഗക്കിടക്കയിലും കർമനിരതനായിരുന്നു സ്‌റ്റീവ്. താൻ ഉടനെ മരിക്കുമെന്ന തോന്നൽ ജീവിതത്തിലെ പല നിർണായക തീരുമാനങ്ങളുമെടുക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നൂറ്റാണ്ടു കണ്ട ഏറ്റവും പ്രചോദനാത്മകമായ വിജയകഥയിലെ നായകനാണ് ടെക് ലോകത്ത് നിന്ന് വിടവാങ്ങിയത്. 

സ്‌റ്റീവ് ജോബ്‌സിന്റെ മരണവാർത്തയറിഞ്ഞു കുറിക്കപ്പെട്ട എണ്ണമറ്റ ട്വിറ്റർ സന്ദേശങ്ങളിലെ പൊതുവാചകം ഇതായിരുന്നു: ‘ലോകത്തെ മാറ്റിയതിനു നന്ദി.’ ഭൂഗോളത്തിന്റെ വലുപ്പമുള്ളൊരു നന്ദിവാക്ക് നെഞ്ചോടുചേർത്തു നിത്യനിദ്രയിലാഴ്‌ന്നപ്പോൾ സ്‌റ്റീവ് അനശ്വരതയിലേക്കു കൂടിയാണു യാത്രയാകുന്നത്. അതെ, സ്റ്റീവ് ജോബ്സ് അങ്ങനെ കണ്ടെത്തലുകളും സാന്നിധ്യവുമാണ് കഴിഞ്ഞ ദിവസവും ടെക്‌ലോകം ആഘോഷിച്ചത്. സാധാരണക്കാരനു സ്വപ്നത്തിൽ പോലും കാണാനാവാത്ത ഉൽപന്നങ്ങളെ ഇത്രയും ജനപ്രിയമാക്കിയത് അങ്ങയുടെ നേട്ടം അല്ലാതെ എന്തു പറയാൻ. ബിഗ് സല്യൂട്ട് ഡിയര്‍ സ്റ്റീവ് ജോബ്സ്... 

steve-jobs

ആപ്പിള്‍ മൂല്യം 68.64 ലക്ഷം കോടി രൂപ

ഐ ഫോൺ നിർമാതാക്കളായ ആപ്പിൾ ഒരു ലക്ഷം കോടി ഡോളർ വിപണിമൂല്യം കൈവരിക്കുന്ന ലോകത്തെ ആദ്യ കമ്പനിയായി. ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ മൂന്നുദിവസത്തിനിടെ ‘ആപ്പിൾ’ ഓഹരിവില ഒൻപതുശതമാനം വർധിച്ചു. ഓഹരിക്ക് 207.05 ഡോളർ കടന്നതോടെയാണ് കമ്പനിയുടെ മൂല്യം ലക്ഷം കോടി കടന്നത്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 68.64 ലക്ഷം കോടി രൂപ. മൂന്നാം പാദത്തിലെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മൂന്നു ശതമാനം നേട്ടത്തിലായിരുന്നു കമ്പനി. ആപ്പിളിന്റെ ശക്തനായ എതിരാളിയായ ഇന്റർനെറ്റ് കമ്പനി ആമസോണിന് 90,000 കോടി ഡോളറാണ് വിപണി മൂല്യം.

steve-jobs

ആപ്പിൾ നാൾവഴി

1976: ആപ്പിൾ 1പഴ്‌സനൽ കംപ്യൂട്ടർ കിറ്റ് 

1977: ആപ്പിൾ 2 1

984: മാകിന്റോഷ് 

1989: മാകിന്റോഷ് പോർട്ടബിൾ 

1990: മാകിന്റോഷ് എൽസി 

1991: പവർബുക്ക്, സിസ്‌റ്റം 7 

1997: ആപ്പിൾ സ്‌റ്റോർ 

1998: ഐമാക് 

1999: ഐബൂക് 

2001: ഐപോഡ് 

2003: ഐറ്റ്യൂൺസ് സ്‌റ്റോർ 

2006: മാക്‌ബുക് പ്രോ 

2007: ഐഫോൺ, ആപ്പിൾ ടിവി 

2008: ആപ് സ്‌റ്റോർ 

2010: ഐപാഡ് 

2011: ഐ ക്ലൗഡ് 

2012: ആപ്പിൾ ഇയർപോഡ് 

2014 ഐ ഫോൺ 6 

2015: ആപ്പിൾ വാച്ച് 

2016: എയർ‌പോഡ്സ് 

2017: ഐ ഫോൺ X

2018: ലക്ഷം കോടി ഡോളർ കമ്പനി