മൈ ജിയോയിൽ ഇനി മുതൽ എസ്ബിഐ യോനോ സേവനങ്ങളും

ഡിജിറ്റൽ ബാങ്കിങ് രംഗത്ത് ജിയോയും എസ്ബിഐയും കൈകോർക്കുന്നു. എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിങ്  പ്ലാറ്റ്ഫോമായ യോനോയും റിലയൻസിന്റെ ജിയോ പേയ്മെന്റ്സ് ബാങ്കുമാണ് ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ നൽകുന്നതിനായി ഒരുമിക്കുന്നത്. ഇനി മുതൽ എസ്ബിഐ യോനോ സേവനങ്ങൾ മൈ ജിയോ പ്ലാറ്റ്ഫോമിൽ കൂടി ലഭ്യമാകും. എസ്ബിഐ റിവാർഡ്‌സ്, ജിയോ പ്രൈം എന്നിവ യോജിക്കുന്നതോടെ എസ്ബിഐ ഉപഭോക്താക്കൾക്ക് റിലയൻസ്, മൈ ജിയോ  എന്നിവ നൽകുന്ന അധിക ലോയൽറ്റി റിവാർഡുകളും ലഭ്യമാകും. നെറ്റ്‌വർക്ക് സേവനം, ഡിസൈനിങ്, കണക്ടിവിറ്റി എന്നീ രംഗങ്ങളിൽ ജിയോ ആയിരിക്കും എസ്ബിഐയുടെ പങ്കാളി. 

ഗ്രാമങ്ങളിലും നഗരങ്ങളിലും ജിയോക്കുള്ള കണക്റ്റിവിറ്റി വിഡിയോ ബാങ്കിങ് അടക്കമുള്ള എസ്ബിഐയുടെ ഓൺ ഡിമാൻഡ് സേവനങ്ങൾ വ്യാപിപ്പിക്കുവാനും സഹായിക്കും. ഇതിനു പുറമെ എസ്ബിഐ ഉപഭോക്താക്കൾക്ക് പ്രത്യേക നിരക്കിൽ ജിയോ ഫോണും ലഭ്യമാകും.

എസ്ബിഐ ചീഫ് ഡിജിറ്റൽ ഓഫീസറും സ്ട്രാറ്റജി വിഭാഗം ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ  മൃത്യുഞ്ജയ്  മഹാപാത്ര, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചീഫ് ഫിനാൻസ് ഓഫീസർ അലോക് അഗർവാൾ എന്നിവർ ഡിജിറ്റൽ പ്ലാറ്റ്ഫോം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ധാരണാ പത്രം കൈമാറി. എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി എന്നിവരും പങ്കെടുത്തു . 

‘എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ യാതൊരു തടസ്സവുമില്ലാതെ പ്രദാനം ചെയ്യുവാൻ റിലയൻസ് ജിയോയുമായുള്ള ഡിജിറ്റൽ പങ്കാളിത്തം ഏറെ സഹായകമാകും.’ എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ ബാങ്കിങ് സ്ഥാപനമായ എസ്ബിഐയും ജിയോയുടെ രാജ്യത്തെ ഒന്നാം നിര നെറ്റ്‌വർക്ക് സേവനങ്ങളും എല്ലാ മേഖലകളിലും ഇരു കൂട്ടർക്കും ഗുണകരമാകുമെന്നും രജനീഷ് കുമാർ പറഞ്ഞു. 

എസ്ബിഐയുടെയും ജിയോയുടെയും ഉപഭോക്താക്കളുടെ ഡിജിറ്റൽ സേവനങ്ങൾ മികവുറ്റതാക്കുവാൻ ജിയോയുടെ  മികച്ച നെറ്റ്‌വർക്കിങ് സംവിധാനങ്ങൾക്കു സാധിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി ചൂണ്ടിക്കാട്ടി. എസ്ബിഐയുടെ ഉപഭോക്തൃ സ്വീകാര്യത രാജ്യത്ത് തന്നെ ഏറ്റവും മികച്ചതാണെന്നും മുകേഷ് അംബാനി വ്യക്തമാക്കി.