Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കോബ്ര കോളിങ്... ഓവർ... ആരാ ബാറ്റ് ചെയ്യുന്നത്...’ വയർലെസും പൊലീസും

wireless

‘കോബ്ര കോളിങ്... ഓവർ... ഇപ്പൊ ആരാ ബാറ്റ് ചെയ്യുന്നത്, ശ്രീശാന്തിന്റെ കാര്യത്തിൽ തീരുമാനമാകുമോ?’ നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു സിനിമയിൽ പൊലീസ് വയർലെസ് സെറ്റ് അടിച്ചു മാറ്റി സംസാരിക്കുന്ന മദ്യപാനിയെ ഓർമയില്ലേ?. എസ്ഐ ബിജുവിനെയും കമ്മീഷണറെയുമെല്ലാം വട്ടം കറക്കിയ വയർലെസ് കണ്ടെത്തുമ്പോഴേക്കും വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്.

2016ൽ കേരള പൊലീസിന്റെ വയർലെസ് അടിച്ചു മാറ്റി ഒരു സ്ത്രീ ഇടക്കിടെ കോബ്ര കോളിങ് പറയുന്നത് വലിയ തലവേദനയായിരുന്നു. കേരള പൊലീസിന്റെ കൈവശമുള്ള വയർലെസുകൾ അത്ര അത്യാധുനികമല്ല. എവിടെ നിന്നും ആർക്കും തട്ടിയെടുക്കാം. വേണമെങ്കിൽ പ്രവർത്തിപ്പിക്കാനും സാധിക്കും. പുറത്തെ കടകളിൽ നിന്നു വാങ്ങുന്ന ഡിവൈസുകൾ ഉപയോഗിച്ച് പൊലീസ് വയർലെസ് രഹസ്യങ്ങൾ വരെ ചോർത്താൻ സാധിക്കുന്നുണ്ട്.

മാണിയുടെ ബജറ്റും നഷ്ടപ്പെട്ട വയർ‍ലെസ് സെറ്റും

നഗരത്തിൽ ഏകദേശം 250 വയർലെസ് സെറ്റുകൾ ലോക്കൽ പൊലീസ് ഉപയോഗിക്കുന്നുണ്ട്. ട്രാഫിക് പൊലീസ് ഉപയോഗിക്കുന്നതു ഹൈബാൻഡ് അഞ്ചും ലോക്കൽ പൊലീസ് ഉപയോഗിക്കുന്നത് ലോ ബാൻഡ് അഞ്ചും ചാനലുകളാണ്. പൊലീസ് ഉപയോഗിക്കുന്ന വയർലെസ് ബാൻഡ് വിഡ്ത് 76 മുതൽ 86 വരെ മെഗാഹെർട്സിലാണ്.

എന്നാൽ ബീമാപള്ളിയിലെ കടകളിൽ കിട്ടുന്ന ചൈനീസ് റേഡിയോ ട്യൂൺ ചെയ്താൽ പോലും ഇതിലെ സംഭാഷണം കേൾക്കാം. കാറ്റു മാറി വീശിയാൽ മൽസ്യത്തൊഴിലാകളികളുടെ സെറ്റിലെ സംഭാഷണവും ഇവിടെ കേൾക്കാം. കരമനയിൽനിന്നു പിടിച്ചെടുത്ത ഐകോം സെറ്റിനു പൊലീസ് ഫ്രീക്വൻസിയിലും പ്രവർത്തിക്കാം. എന്നാൽ പരിശോധനയിൽ അതു പ്രവർത്തിപ്പിച്ച് അവർ ഒന്നും കേട്ടില്ലെന്നു പൊലീസ് കണ്ടെത്തി.‘അതു കോബ്രയെ പേടിപ്പിക്കാൻ ഗുണ്ടാ സ്ക്വാഡിലെ ചിലർ റിപ്പോർട്ട് ചെയ്ത നീർക്കോലി ആയിരുന്നു’- ഒരുന്നതൻ തമാശ മട്ടിൽ പറഞ്ഞു.

മുൻപൊരു കമ്മിഷണറുടെ മകൾ സെറ്റിലൂടെ കോബ്ര, കോബ്ര എന്ന പറഞ്ഞപ്പോൾ പൊലീസുകാർ ഞെട്ടിയതു പോലെ. ഒരു വർഷം മുൻപു കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥൻ അർധരാത്രി മദ്യലഹരിയിൽ സെറ്റിലൂടെ ഉത്തരവുകൾ നൽകിയപോലെ. അതോ കെ.എം.മാണിയുടെ ബജറ്റ് അവതരണം തടയാനെത്തിയ ഡിവൈഎഫ്ഐക്കാരുടെ ഉന്തിലും തള്ളിലും സിഐക്കു നഷ്ടപ്പെട്ട വയർലെസ് സെറ്റ് ഇപ്പോഴും ആരുടെയെങ്കിലും കൈവശം പ്രവർത്തിക്കുന്നുവോ?

ഒന്നറിയാം, സ്വാതന്ത്ര്യത്തിനു മുൻപ് എംഎസ്പിയും എസ്എപിയും ഉപയോഗിച്ച വയർലെസോ 1956ൽ കേരള പൊലീസിന്റെ റേഡിയോ യൂണിറ്റ് ഉപയോഗിച്ച സെറ്റോ ഇന്നാരുടെയും കയ്യിലില്ല. എന്നാൽ 1994ൽ രൂപീകൃതമായ ടെലികമ്യൂണിക്കേഷൻ യൂണിറ്റിന്റെ കാണാതായ പലയിനം സെറ്റുകൾ പലയിടത്തും ശാന്തി കിട്ടാതെ അലയുന്നു, പൊലീസിന്റെ ഉറക്കം കെടുത്താൻ. ഇതെല്ലാം ഒന്നു മാറ്റാറായില്ലേ സർ?

കോബ്രാ കൂട്ടിലെ നീർക്കോലി

മൂർഖൻ മുതൽ പുള്ളിപ്പുലി വരെ വിരാജിക്കുന്ന ഇടമാണു കേരള പൊലീസിന്റെ വയർലെസ് കാടെന്ന് ചുരുക്കം. റാകി പറക്കുന്ന പരുന്തും തലയെടുപ്പുള്ള കടുവയും ഇവിടുണ്ട്. വിക്ടർ രാജാവിന്റെ ഈ കാട്ടിലാണ് അടുത്തിടെ ഒരു നീർക്കോലി തലപൊക്കിയത്. പറഞ്ഞുവന്നതു കഴിഞ്ഞദിവസം കരമനയിൽ നിന്നു പിടിച്ചെടുത്ത രണ്ടു ‘മെയ്ഡ് ഇൻ തായ്‌‌ലൻഡ്’ വയർലെസ് സെറ്റുകളെക്കുറിച്ചു തന്നെ. സിറ്റി പൊലീസ് ഉപയോഗിക്കുന്ന വയർലെസ് സെറ്റിലൂടെ സംസാരിക്കാൻ മുഖ്യമന്ത്രി മുതൽ ഇവിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കുവരെ കഴിയും. കയ്യിൽ പൊലീസിന്റെ വയർലെസ് സെറ്റ് ഉണ്ടെങ്കിൽ നാട്ടുകാർക്കും സംസാരിക്കാം.

ഉന്നതരായ ഉദ്യോഗസ്ഥരെല്ലാം ഇതിൽ അപരനാമത്തിലാണു സംസാരിക്കുന്നത്. വിക്ടർ-മുഖ്യമന്ത്രി, ഈഗിൾ- സംസ്ഥാന പൊലീസ് മേധാവി, പാന്തർ-എഡിജിപി, റോവർ-ഐജി, കോബ്ര-കമ്മിഷണർ, ടൈഗർ- എസ്പി/ ഡിസിപി, ആൽഫ-എസി, ‍ഡിവൈഎസ്പി-ഡെൽറ്റ, സിഐ -ബ്രാവോ എന്നിങ്ങനെ പോകുന്നു ആ നാമങ്ങൾ. വിക്ടർ ഒരിക്കലും സെറ്റിൽ വരാറില്ല. എങ്കിലും കൂടെയുള്ള അംഗരക്ഷകർ ‘വിക്ടർ സെറ്റിൽ’ എപ്പോഴും വരും. വിക്ടറിന്റെ റൂട്ട് അറിയിക്കാൻ. അപ്പോൾ തന്നെ വഴിനീളെ പൊലീസ് നിരക്കും. ഈഗിളും പാന്തറും റോവറുമെല്ലാം അവരുടെ സെറ്റ് ഒപ്പമുള്ള പഴ്സനൽ സെക്യൂരിറ്റിക്കാരെ ഏൽപിച്ചിട്ടുണ്ട്.

ഇത് ഉപയോഗിക്കുന്നതും ഉന്നത ഉദ്യോഗസ്ഥരുടെ റൂട്ട് അറിയിക്കാനാണ്. എന്നാൽ കോബ്ര എന്നും രാവിലെ എട്ടിനു സെറ്റിലെത്തും. ഹലോ കോബ്ര സ്പീക്കിങ് എന്നു കേട്ടാൽ ആൽഫയും ബ്രാവോയും നഗരത്തിലെ 22 പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരും സർ, സർ വിളി കൊണ്ട് അദ്ദേഹത്തെ പൊതിയും. കഴിഞ്ഞ 24 മണിക്കൂറിൽ ഓരോ സ്റ്റേഷൻ പരിധിയിലും നടന്ന കാര്യങ്ങൾ, കേസുകൾ, പിടിച്ച പ്രതികൾ, പിടിക്കാത്തവർ, പെറ്റിക്കേസുകൾ എന്നിങ്ങനെ സ്വന്തം വീട്ടുകാര്യമല്ലാത്തതെല്ലാം ഓരോരുത്തരും വിളമ്പും.

ചിലപ്പോൾ കോബ്ര ഫണം വിടർത്തും. അപ്പോൾ വിശദീകരണവുമായി ആൽഫയും ബ്രാവോയും രംഗത്തെത്തും. നല്ല കോബ്രയാണു കമ്മിഷണർ കസേരയിലെങ്കിൽ ദേഷ്യം വന്നാലും ഭാഷാശുദ്ധി കൈവിടില്ല. എന്നാൽ മുൻപിരുന്ന ചില മൂർഖൻമാർ തൊട്ടതിനും പിടിച്ചതിനും ചീറ്റും. ചിലപ്പോൾ വീട്ടിലിരുന്നു കേൾക്കാൻ കഴിയാത്ത ഭാഷയെന്നു കീഴുദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.