Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഗൂഗിൾ അരുത്, ചൈനയിലേക്കു പോകരുത്, വൻ ചതിയാണിത്'

jinping-pichai

ലോകമെമ്പാടും ഏറെ ബഹുമാനത്തോടെ കാണുന്ന മിക്ക കമ്പനികളെയും ചൈന ചെവിക്കു പിടിച്ചു പടിക്കു പുറത്തു നിറുത്തിയിട്ടുണ്ട്. ഗൂഗിളും ഫെയ്‌സ്ബുക്കും ഉദാഹരണം. പകരം അവരുടെ സ്വന്തം സെര്‍ച്ച് എൻജിനും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുമൊക്കെ തുടങ്ങുകയായിരുന്നു. അതിലൂടെ ബാഹ്യ ശക്തികളെ ഇരുമ്പു കൈ ഉപയോഗിച്ച് ചൈന പുറത്താക്കുന്നതാണ് ലോകം കണ്ടത്. എന്നാല്‍ വികസന സാധ്യത അവസാനിച്ച ഗൂഗിളിനും ഫെയ്സ്ബുക്കിനും മറ്റും ഇനി ചൈനയില്‍ പ്രവേശിച്ചേ മതിയാകൂ. ഗൂഗിള്‍ അതിനെന്തു ത്യാഗവും സഹിക്കാന്‍ തയാറാണെന്നാണ് പുതിയ നീക്കങ്ങള്‍ കാണിക്കുന്നത്.

ചൈനീസ് സർക്കാർ പറയുന്നതു പോലെയുള്ള ഒരു സേര്‍ച് എൻജിന്‍ നിര്‍മിച്ചങ്ങ് ഇട്ടു കൊടുത്തേക്കാമെന്നാണ് ഗൂഗിളിന്റെ തീരുമാനം. അതായത് ചൈനീസ് ഗൂഗിളില്‍ സേര്‍ച് ചെയ്താല്‍ രാജ്യാന്തര ഗൂഗിളില്‍ കാണാവുന്നതു പോലെ വെബിലുള്ള എന്തും മുങ്ങിത്തപ്പി വരില്ല. പകരം ചൈനയ്ക്കു വേണ്ടാത്തതെല്ലാം താഴെയിട്ടിട്ടേ മുങ്ങി നിവരൂ. എന്തുവന്നാലും തങ്ങളുടെ ബിസിനസ് നടക്കട്ടെ എന്ന ഗൂഗിളിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമ്പനിക്കകത്തും പുറത്തും പല പ്രതികരണങ്ങളും വന്നുകൊണ്ടിരിക്കുകയാണ്.

ഇത്തരമൊരു സേര്‍ച് എൻജിൻ മനുഷ്യാവകാശ ധ്വംസമാണ്. അതു നടപ്പാക്കരുത്. അതു സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നൊക്കെയാണ് ഒരു കൂട്ടം ആളുകള്‍ വാദിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെക്കുറിച്ചുള്ള വിവരങ്ങള്‍, ജനാധിപത്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍, മനുഷ്യാവകാശം, ഭാഷാ സ്വാതന്ത്ര്യം, സമാധാനപരമായ പ്രതിഷേധങ്ങള്‍, അശ്ലീല വെബ്‌സൈറ്റുകള്‍ തുടങ്ങിയവയ നിരവധി കാര്യങ്ങള്‍ സേര്‍ച് റിസള്‍ട്ടുകളില്‍ കാണരുതെന്നാണ് ചൈനയുടെ കല്‍പന. അതങ്ങു നടപ്പിലാക്കിയേക്കാം, നമ്മുടെ ബിസിനസ് നടക്കട്ടെ എന്നാണ് ഗൂഗിളിന്റെ തീരുമാനം. ചൈനയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചൈനീസ് ഗൂഗിളില്‍ സേര്‍ച് ചെയ്താല്‍ അവയെല്ലാം ബ്ലാക് ലിസ്റ്റ് ചെയ്യാനും, ഒരു റിസള്‍ട്ടുമില്ല എന്നു പറയാനുമാണ് ഗൂഗിളിന്റെ തീരുമാനം. ഇതെക്കുറിച്ചുള്ള ചില രേഖകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചപ്പോഴെ പ്രതിഷേധങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയിരുന്നു.

ഗൂഗിളിന്റെ ഫ്രീ എക്‌സ്പ്രഷന്‍ ശാഖയുടെ ഏഷ്യയിലെ മുന്‍ മേധാവി ലോക്മാന്‍ റ്റ്‌സൂയി (Lokman Tsui) ആണ് ഏറ്റവുമൊടുവില്‍ ഗൂഗിള്‍ ഈ തീരുമാനവുമായി മുന്നോട്ടു പോകരുതെന്ന് പറഞ്ഞിരിക്കുന്നത്. 'ഇതൊരു മോശം ആശയമാണ്. ഒരു മണ്ടന്‍, മണ്ടന്‍ നീക്കം,' എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാനിതിനെതിരെ സംസാരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ഇതു ശരിയല്ലെന്നും അദ്ദേഹം പറയുന്നു. ഗുഗിള്‍ 2006ല്‍ ഇത്തരം ഒരു സേര്‍ച് എൻജിന്‍ തുടങ്ങുകയും പിന്നെ അത് പുട്ടിക്കെട്ടി 2010ല്‍ ചൈനയില്‍ നിന്നു പിന്‍വാങ്ങുകയായിരുന്നു. ചൈനയുടെ നടപടി ശരിയല്ലെന്നു പറഞ്ഞായിരുന്നു ഗൂഗിള്‍ അന്ന് ചൈന വിട്ടത്. എന്നാല്‍ ഇപ്പോള്‍ ചൈനയിലെ സാഹചര്യങ്ങള്‍ അന്നത്തെതിനെക്കാള്‍ മോശമായിരിക്കുന്നുവെന്നും ഈ തീരുമാനവുമായി മുന്നോട്ടു പോകരുതെന്നുമാണ് റ്റുസുയി പറയുന്നത്. ചൈന ഗൂഗിളിന്റെ ക്യംപൂട്ടര്‍ സിസ്റ്റം ഹാക്കു ചെയ്യുക പോലും ഉണ്ടായി. അന്നില്ലാത്ത സൈബര്‍ സെക്യൂരിറ്റി നിയമങ്ങള്‍ ഇന്ന് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ബെയ്ജിങ്ങിന് ഒന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ട് ചൈനയുടെ മുഴുവന്‍ നിബന്ധനകളും അംഗീകരിച്ചായിരിക്കും അവരിനി അവിടെ പ്രവര്‍ത്തനം തുടങ്ങുന്നത്. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കാതെ ഗൂഗിളിന് ചൈനയില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നാണ് ഇപ്പോള്‍ ഹോങ്കോങ്ങിലുള്ള ഒരു യൂണിവേഴ്‌സിറ്റിയല്‍ പത്രപ്രവര്‍ത്തനം കോഴ്‌സില്‍ അസിസ്റ്റന്റ് പ്രൊഫെസറായി ജോലിചെയ്യുന്ന റ്റ്‌സൂയി പറയുന്നത്.

ചൈനയില്‍ നടക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി വീക്ഷിക്കുന്ന അദ്ദേഹം പറയുന്നത് അടുത്ത കാലത്ത് സുന്ദര്‍ പിച്ചൈ നയിക്കുന്ന ഗൂഗിള്‍ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ്. ഗൂഗിളിന്റെ 'തര്‍ജ്ജമ, ഫയല്‍ മാനേജ്‌മെന്റ്' ആപ്പുകള്‍ ചൈനയില്‍ സജീവമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. കമ്പനി ബെയ്ജിങ്ങില്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ കേന്ദ്രവും തുടങ്ങിയിട്ടുണ്ട്. ചൈനീസ് ഓണ്‍ലൈന്‍ ചില്ലറവില്‍പന ശാലയായ ജെഡിഡോട്‌കോമില്‍ (JD.com) ഓഹരി പങ്കാളിത്തവും എടുത്തിരിക്കുന്നു. എന്നാല്‍ സേര്‍ചുമായി എത്താനുള്ള നീക്കത്തിനു മുന്നില്‍ ഇവയെല്ലാം അപ്രധാന ചുവടുവയ്പ്പുകളാണ്. ഇത് വന്‍ ആഘാതം സൃഷ്ടിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഗൂഗിള്‍ പിന്‍വലിഞ്ഞത് ചൈന ഗവണ്‍മെന്റിനു കിട്ടിയ ഒരു അടിയായാണ് പലരും കണ്ടിരുന്നത്. എന്നാല്‍, ഗൂഗിളിന്റെ പുതിയ നീക്കം ചൈനയുടെ പോളിസിയെ അംഗീകരിക്കുന്നതിനു തുല്ല്യമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ഞങ്ങള്‍ മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്നു എന്നൊക്കെ വലിയവായില്‍ പ്രഖ്യാപിച്ചിട്ടാണ് ഗൂഗിള്‍ ചൈനയില്‍ നിന്നു പിന്‍വാങ്ങിയത്. സെന്‍സറിങ് സാധ്യമല്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഇതെല്ലാം വിഴുങ്ങിയാണ് കമ്പനി സേര്‍ചുമായി തിരിച്ചു വരാന്‍ ശ്രമിക്കുന്നത്. സേര്‍ചിന് പ്രതീതാത്മകമായ ഒരു സ്ഥാനമാണുള്ളത്. ഗൂഗിളിന്റെ മറ്റേതെങ്കലും സര്‍വീസ് പോലെയല്ല അതെന്നും അദ്ദേഹം പറയുന്നു.

ഗൂഗിളിന്റെ 88,000 ഉദ്യോഗസ്ഥരില്‍ വളരെ കുറച്ചു പേരോടു മാത്രമെ തങ്ങള്‍ ചൈനയിലേക്കു തിരിച്ചു പോകുന്നുവെന്ന കാര്യം പറഞ്ഞിരുന്നുള്ളു. അവരിലാരോ അത് ലീക്കു ചെയ്യുകയായിരുന്നു. ആഗോള തലത്തില്‍ ഗൂഗിളിന്റെ പല ഉദ്യോഗസ്ഥരും ഈ തീരുമാനത്തില്‍ രോഷാകുലരായിരുന്നു. തങ്ങള്‍ ഒന്നും ചര്‍ച്ചചെയ്യാന്‍ ഒരുക്കമല്ല എന്നതൊഴികെ, ഗൂഗിളിന്റെ മേലധികാരികളാരും ഒരു പ്രതികരണവും നടത്തിയില്ല. അവര്‍ തിരിച്ചുപോകാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് ഇതില്‍നിന്നു മനസ്സിലാകുന്നത്. ഈ പ്രശ്‌നത്തില്‍ ഗൂഗിളില്‍ നിന്ന് ചിലരെങ്കിലും രാജിവച്ചേക്കുമെന്ന് റ്റ്‌സൂയി കരുതുന്നു.

ഇതൊക്കെയാണെങ്കിലും സ്വകാര്യതാ ധ്വംസകനായ ഗൂഗിളിനെയും റ്റ്‌സൂയി വെറുതെ വിടാന്‍ ഒരുക്കമല്ല. ഒരു മൊബൈല്‍ ആപ്പിലൂടെയാണ് ഗൂഗിള്‍ തിരിച്ചു വരവിന് ഒരുങ്ങുന്നത്. ചൈനയില്‍ 95 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മൊബൈലിലാണ്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിന് 80 ശതമാനം മാര്‍ക്കറ്റ് ഷെയറുമുണ്ട്. ഈ ആപ്പിനെ തന്നെ വിശ്വസിക്കാന്‍ കൊള്ളില്ലായിരിക്കും എന്നാണ് റ്റ്‌സൂയി പറയുന്നത്. ഇത് ചൈനക്കാരുടെ സ്വകാര്യ ഡേറ്റ കടത്താന്‍ ഇറക്കുന്ന ഒന്നായിരിക്കുമെന്ന് അദ്ദേഹം സംശയിക്കുന്നു. ലൊക്കേഷനും, ഫോണ്‍ കോള്‍ റെക്കോഡുകളുമൊക്കെ ഈ ആപ്പിനു കടത്താനായേക്കുമെന്ന് അദ്ദേഹം പറയുന്നു. (ഇന്ത്യയിലെ ഗൂഗിള്‍ ആരാധകരും ശ്രദ്ധിക്കുക.) ആരാണ് സേര്‍ച് ചെയ്യുന്നത് എന്നതൊക്കെ കണ്ടെത്താനും അത് ഉപയോക്താവിന്റെ പേരില്‍ ശേഖരിക്കാനും ഗൂഗിളിന് വളരെ എളുപ്പമായിരിക്കുമെന്നും അദ്ദേഹം താക്കീതു നല്‍കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.