Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂല്യത്തിൽ നോട്ടമിട്ട് പ്രവാസികൾ; ഇന്ത്യൻ രൂപ ഗൂഗിളിൽ ട്രന്റിങ്

INDIA-MODI/CORRUPTION

രാജ്യം വലിയൊരു സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. എന്നാൽ പ്രവാസികൾക്ക് ഈ ഇടിവ് വൻ നേട്ടമായി. മൂല്യത്തിന്റെ ഇടിവ് വെബിൽ അടിക്കടി നോക്കിയിരിക്കുകയാണ് പ്രവാസികൾ. ഇതോടെ ഇന്ത്യൻ റുപ്പി കഴിഞ്ഞ 24 മണിക്കൂറിലും ഗൂഗിൾ സെർച്ചിൽ ട്രന്റിങ്ങിലുണ്ട്.

ഒമാൻ, ഖത്തർ, കുവൈത്ത്, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഓരോ നിമിഷവും ഗൂഗിളിൽ സെർച്ച് ചെയ്യുന്നതെന്നാണ് സെർച്ചിങ് കണക്കുകൾ കാണിക്കുന്നത്. കുവൈത്തിലെ മങ്കാഫിൽ നിന്നുള്ളവരാണ് ഇന്ത്യൻ റുപ്പി ഏറ്റവും കൂടുതൽ സെർച്ച് ചെയ്തിരിക്കുന്നത്. പട്ടികയിൽ ഇന്ത്യയില്‍ നിന്നുള്ള ഒരു നഗരം പോലുമില്ല.

വിനിമയ നിരക്ക് ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തിലും ചലനമുണ്ടാക്കിയതാണ് ഇടപാടില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ രൂപ ലഭിക്കാനിടയായത്. ഇതോടെ പണമിടപാട് സ്ഥാപനങ്ങളിലേക്ക് പ്രവാസികളുടെ ഒഴുക്കാണെന്നാണ് റിപ്പോർട്ട്.

യുഎഇ ദിര്‍ഹമിന് 19 രൂപയ്ക്ക് മുകളില്‍ കടക്കുന്നത് ചരിത്രത്തില്‍ ആദ്യം. ആഗോള വിപണിയില്‍ ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ച മികച്ച നിരക്ക് ഒരു ദിര്‍ഹമിന് 19 രൂപ 06 പൈസയായിരുന്നു. എന്നാല്‍ ഇത് ഏറെ സമയം നീണ്ടുനിന്നില്ല. പ്രാദേശിക വിപണിയില്‍ ഒരു ദിര്‍ഹമിന് 18 രൂപ 93 പൈസയാണ് ഇന്നലെ നല്‍കിയ മെച്ചപ്പെട്ട നിരക്ക്.