Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയകാലത്തെ സൈബർ തട്ടിപ്പുകൾക്ക് തടയിടാം

cyber-crime

ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലൂടെയാണ് നാം കടന്നു പോകുന്നത്. ദൗർഭാഗ്യവശാൽ ഈ ദുരിതകാലത്തും മുതലെടുപ്പിനായി ചിലര്‍ രംഗത്തുണ്ട്. പ്രളയക്കെടുതിയിൽ അകപ്പെട്ടവരെയും സഹായിക്കാൻ ഇറങ്ങി തിരിച്ചവരെയും ഒരുപോലെ മുതലെടുക്കാനുള്ള തട്ടിപ്പുകളുമായാണ് ചില സൈബർ കുറ്റവാളികൾ രംഗത്തെത്തിയിട്ടുള്ളത്. ദുരിതത്തിന്‍റെ പെരുമഴക്കാലത്തും വഞ്ചനയുടെ വല വിരിക്കുകയാണവർ.

സൈബർ തട്ടിപ്പുകാര്‍ പ്രവർത്തിക്കുന്ന വിധം

സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇന്‍റർനെറ്റിലെ മിക്ക തട്ടിപ്പുകളും അരങ്ങേറുന്നത്. ട്വിറ്റർ, ഫെയ്സ്ബുക്ക്, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ പല പോസ്റ്റുകളിലും ഫിഷിങ്(phishing) സൈറ്റുകളിലേക്ക് നയിക്കുന്ന ദുരുദ്ദേശത്തോടെയുള്ള യുആര്‍എലുകള്‍ (URLs) ഒളിച്ചിരുപ്പുണ്ടാകും. ചില വിരുതൻമാർ ദുരന്തത്തിലെ ഇരകൾക്ക് സമർപ്പിച്ചു കൊണ്ടുള്ള പ്രത്യേക പേജ് തന്നെ ആരംഭിക്കും. ക്രൗഡ് ഫണ്ടിങ് സൈറ്റുകളിലേക്ക് നയിക്കുന്ന ലിങ്കുകളും ഈ പേജുകളിൽ കാണും. ചതി അറിയാതെ ഉദാരമനസ്കർ ഇതുവഴി നടത്തുന്ന സംഭാവനകള്‍ ചെന്നെത്തുന്നത് തട്ടിപ്പുകാരുടെ കൈകളിലാകും. 

സുരക്ഷ ഉറപ്പാക്കാനുള്ള മാർഗം

∙ സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്ന ഔദ്യോഗിക സൈറ്റുകളിലേക്കോ സന്നദ്ധ സംഘടനകളുടെ സൈറ്റിലേക്കോ നേരിട്ട് പ്രവേശിക്കുക.

സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്ന സന്നദ്ധ സംഘടനയുടെ വെബ്സൈറ്റ് അറിയില്ലെങ്കിൽ അത് കണ്ടെത്താൻ ശ്രമിക്കുക അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് സംഭാവന ചെയ്യുക. 

(https://donation.cmdrf.kerala.gov.in)

∙ ഇമെയിൽ വഴി ലഭിക്കുന്ന അറ്റാച്ച്മെന്‍റുകളും ലിങ്കുകളും പ്രത്യേകം ശ്രദ്ധിക്കുക.

∙ സംഭാവന നൽകുമ്പോൾ പരമാവധി ചെക്കുകളും കാർഡുകളും ഉപയോഗിക്കുക. പണമായി നൽകുന്നത് ഒഴിവാക്കുക. അതിലൂടെ പേപ്പര്‍ ട്രെയ്ല്‍ (paper trail) സൃഷ്ടിക്കാനും ടാക്‌സ് ഇളവു ലഭിക്കാനുമുള്ള സാഹചര്യവുമൊരുങ്ങുന്നു. 

∙ ഡ്രൈവിങ് ലൈസൻസ് നമ്പർ, പാസ്പോർട്ട് വിവരങ്ങൾ, പാൻ കാർഡ്, ആധാർ, ജന്മദിനം തുടങ്ങിയ കാര്യങ്ങൾ ഒരിക്കലും കൈമാറരുത്. നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞു കയറാൻ ഇത് ഉപയോഗിക്കപ്പെട്ടേക്കാം. 

(ലേഖകന്‍ യുഎഇയിലെ ഇന്‍ഫര്‍മെഷന്‍ സെക്യുരിറ്റി കണ്‍സൾട്ടന്റ് ആണ്.)