Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളികളുടെ സൂപ്പർഹീറോ 'ഫിഷർമാൻ'

Fisherman സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ

‘ചിലർക്കു സ്പൈഡർമാനുണ്ട്, മറ്റു ചിലർക്കു ബാറ്റ്മാൻ ഉണ്ട്, ഞങ്ങൾ മലയാളികൾക്കുമുണ്ടൊരു സൂപ്പർഹീറോ; പേര് ഫിഷർമാൻ’. ഇന്നലെ സമൂഹമാധ്യമങ്ങളിൽ താരമായി പ്രചരിച്ച ട്രോളാണിത്. മലയാളക്കരയൊന്നാകെ പറയാനാഗ്രഹിച്ച വാക്കുകൾ. പ്രളയത്തിൽ മുങ്ങിയ പതിനായിരക്കണക്കിനു മനുഷ്യരെ തിരികെ ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുവന്നതു മൽസ്യത്തൊഴിലാളികളാണ്. നൂറ്റമ്പതിൽപരം വള്ളങ്ങളിലായി എണ്ണൂറോളം മൽസ്യത്തൊഴിലാളികളാണു ജില്ലയിൽ രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടത്. ഇവർക്ക് ആദരവർപ്പിച്ച് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

fisherman-1 കേരള പൊലീസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം

ഹോളിവു‍ഡ് ചിത്രങ്ങളിലെ സൂപ്പർ ഹീറോകളെ താരതമ്യം ചെയ്താണ് ചിലപോസ്റ്റുകൾ. #Fisherman എന്ന ഹാഷ് ടാഗോടു കൂടിയാണ് പോസ്റ്റുകൾ വൈറലാകുന്നത്. #Fisherman is the real #Superman, Our super heroZz എന്നിങ്ങനെ നിരവധി വിവരണങ്ങളോടെയാണ് പോസ്റ്റുകൾ പരക്കുന്നത്. കേരളത്തിന്റെ സ്വന്തം സൈന്യം എന്ന ടാഗ് ലൈനോട് കൂടി വള്ളവുമായി രക്ഷാപ്രവർത്തനത്തിന് പോകുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

പ്രളയത്തിൽ മത്സ്യത്തൊഴിലാളികളുടെ പങ്ക് വളരെ വലുതായിരുന്നു. സ്വന്തം കിടപ്പാടം മുങ്ങിയതോടെ വീട്ടുകാരെ ദുരാതാശ്വാസ ക്യാംപുകളിലെത്തിച്ച ശേഷമാണു പലരും രക്ഷാദൗത്യത്തിനു വള്ളവുമായി പോയത്. കൊച്ചിയിൽനിന്നാണു മൽസ്യത്തൊഴിലാളികളുടെ രക്ഷാദൗത്യം ആരംഭിച്ചത്. ആ മാതൃകയാണു പിന്നീടു സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിൽ നിന്നുള്ള മൽസ്യത്തൊഴിലാളികൾ പിന്തുടർന്നത്.

പുതുവൈപ്പ് പ്രദേശത്തുള്ളവരാണു മൽസ്യത്തൊഴിലാളികളുടെ കൂട്ടത്തിൽനിന്ന് ആദ്യമായി രക്ഷാദൗത്യത്തിനു പോയതെന്നു ഫിഷറീസ് കോ–ഓർഡിനേഷൻ സെന്റർ ജില്ലാ കൺവീനർ ചാൾസ് ജോർജ് പറയുന്നു. ആലുവ പ്രദേശം മുങ്ങിയതോടെയാണു പുതുവൈപ്പ് സ്വദേശി എൻ.എസ്. സുരേഷിന്റെ നേതൃത്വത്തിൽ 12 ചെറുവള്ളങ്ങൾ തോട്ടയ്ക്കാട്, കടുങ്ങല്ലൂർ പ്രദേശങ്ങളിൽ രക്ഷാദൗത്യത്തിനു പോയത്. വല്ലാർപാടം ടെർമിനലിലെ കണ്ടെയ്നർ ലോറികളുടെ ഉടമകൾ ലോറികൾ വിട്ടുതന്നു.

രണ്ടാം ദിവസമായപ്പോഴേക്കും മറ്റു മൽസ്യത്തൊഴിലാളികൾ സഹായത്തിനെത്തി. വൈപ്പിൻ മേഖലയിൽ നിന്നു 25 വള്ളങ്ങളും ചെല്ലാനത്തുനിന്ന് അഞ്ചു വള്ളങ്ങളും രണ്ടാം ദിവസം രാവിലെ  പുറപ്പെട്ടു. പക്ഷേ, അപ്പോഴേക്കും സ്ഥിതി ഗുരുതരമായി. പ്രവർത്തനങ്ങൾക്ക് ഏകോപനമില്ലാത്ത സ്ഥിതി. നാട്ടുകാർ തന്നെ വള്ളങ്ങൾ പിടിച്ചെടുത്തു കൊണ്ടുപോകുന്ന അവസ്ഥ. രണ്ടാം ദിവസം വൈകിട്ട് ഏകോപനം സാധ്യമായി.

ജില്ലാ ഫിഷറീസ് ഡയറക്ടറേറ്റിന്റെ നിർദേശമനുസരിച്ചായിരുന്നു പിന്നീടുള്ള രക്ഷാപ്രവർത്തനം. അപ്പോഴേക്കും മറ്റു ജില്ലകളിൽനിന്നുള്ള വള്ളങ്ങളുമെത്തി.  മൂന്നാം ദിവസം നൂറോളം വള്ളങ്ങൾ ജില്ലയിലെ വിവിധ ഹാർബറുകളിൽ നിന്നെത്തി. എഴുപതടി നീളമുള്ള കാരിയർ വള്ളങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, അവയ്ക്കു പറവൂർ പാലത്തിനടിയിലൂടെ പോകാൻ സാധിക്കാത്തതിനാൽ മറ്റു സ്ഥലങ്ങളിലേക്കു പോകേണ്ടി വന്നു.

കാരിയർ വള്ളങ്ങളാണു ദ്വീപുകളിലെ രക്ഷാപ്രവർത്തനം പ്രധാനമായി നടത്തിയത്. ട്രോളിങ് നിരോധനം, കനത്ത മഴ എന്നിവ കാരണം കഴിഞ്ഞ മാസം മീൻ പിടിക്കാനാകാതെ സാമ്പത്തികമായി തകർന്ന നിലയിലായിരുന്നു മൽസ്യത്തൊഴിലാളികൾ. പക്ഷേ, രക്ഷാപ്രവർത്തനം നടത്തുന്നതിൽ നിന്ന് അവരെ ഇതൊന്നും പിന്തിരിപ്പിച്ചില്ല.