എല്ലാ റെക്കോർഡും തകർത്ത് ജിയോ ‘മാജിക്’, വരുമാനത്തിൽ രണ്ടാമത്

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ തുടങ്ങിയത് 21 മാസങ്ങൾക്ക് മുൻപാണ്. എന്നാൽ 2018 ജൂണിലെ കണക്കുകൾ പ്രകാരം ജിയോ എല്ലാ റെക്കോർഡുകളും കീഴടക്കി കുതിക്കുകയാണ്. വിപണി വരുമാന വിഹിതത്തിൽ ജിയോ രണ്ടാം സ്ഥാനത്തെത്തി.

ഇതാദ്യമായാണ് ഒരു കമ്പനി ഇത്രയും കുറഞ്ഞ കാലത്തിനിടെ വൻ നേട്ടം കൈവരിക്കുന്നത്. വോഡഫോണിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജിയോ ഈ നേട്ടം കൈവരിച്ചത്. ജിയോയുടെ വിപണി വരുമാന വിഹിതം 22.4 ശതമാനമാണ്. ടെലികോം അതോറിറ്റി ഓഫ്‍ ഇന്ത്യയുടെ സാമ്പത്തിക ഡേറ്റ റിപ്പോർട്ടിലാണ് ജിയോ രണ്ടാം സ്ഥാനത്തെത്തിയത്.

വോഡഫോണിന്റെ വിപണി വരുമാന വിഹിതം 19.3 ശതമാനമാണ്. എന്നാൽ ഒന്നാം സ്ഥാനത്തുള്ള എയർടെല്ലിന്റെ വിഹിതം 31 ശതമാനമാണ്. മൂന്നോ നാലോ പാദം കഴിയും മുൻപെ ജിയോ എയർടെല്ലിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത്. എന്നാൽ ഐഡിയയും വോഡഫോണും ഒന്നിക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ വിപണി വരുമാന വിഹിതം ഇവരുടേതായി മാറും. ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ള എയർടെൽ രണ്ടാം സ്ഥാനത്തുമാകും. ഐഡിയയുടെ വിഹിതം 15.4 ശതമാനമാണ്.

ജൂണിൽ അവസാനിച്ച കണക്കുകൾ പ്രകാരം ജിയോയുടെ വരുമാനം 7,200 കോടി രൂപയാണ്. എയർടെല്ലിന്റേത് 10,200 കോടി രൂപയുമാണ്. എന്നാൽ വരിക്കാരുടെ എണ്ണത്തിൽ ജിയോ നാലാം സ്ഥാനത്താണ്. ജൂണിലെ റിപ്പോർട്ട് പ്രകാരം ജിയോയുടെ വരിക്കാരുടെ എണ്ണം 21.5 കോടിയാണ്.