പുതിയ ബില്‍ വന്നാല്‍ ആമസോണും ഗൂഗിളും ഇന്ത്യയ്ക്ക് കീഴടങ്ങേണ്ടി വരും

ഇന്ത്യയുടെ ഓണ്‍ലൈന്‍ വില്‍പന ശാലകള്‍ക്കും സേര്‍ച് എൻജിനുകള്‍ക്കുമുള്ള പുതിയ നയം നിയമമായാല്‍ ഗൂഗിളും ആമസോണും മൈക്രോസോഫ്റ്റും അടക്കമുളള കമ്പനികള്‍ക്ക് ഇന്ത്യയില്‍ സെര്‍വറുകള്‍ സ്ഥാപിക്കേണ്ടി വരും. പുതിയ നയത്തിന്റെ ആദ്യ രൂപരേഖയില്‍ പറയുന്നത് ഇന്ത്യക്കാരില്‍ നിന്നു ചോർത്തുന്ന ഡേറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നും അതില്‍ ഇന്ത്യന്‍ അധികാരികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാന്‍ സാധിക്കണമെന്നുമാണ്.

ദേശീയ സുരക്ഷയ്ക്കായും പൊതുനയ രൂപീകരണത്തിനു വേണ്ടിയും മറ്റുമാണ് അധികാരികള്‍ ഡേറ്റയിലേക്ക് കടക്കണമെന്നു പറയുന്നത്. ചുരുക്കി പറഞ്ഞാല്‍, ഈ നിയമം വരുന്നതോടെ ഓരോരുത്തരും ഓണ്‍ലൈനിലൂടെ വാങ്ങുന്ന സാധനങ്ങളെക്കുറിച്ചും ഇനി സർക്കാരിനും വേണമെങ്കില്‍ അറിയാന്‍ സാധിക്കും. നിർദേശിക്കപ്പെട്ടിരിക്കുന്ന മറ്റൊരു മാറ്റം ഓണ്‍ലൈന്‍ വില്‍പന ശാലകള്‍ നല്‍കുന്ന വന്‍ ഡിസ്‌കൗണ്ടുകള്‍ നിറുത്തലാക്കാനാണ്. പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെ മുറുമുറുപ്പുയര്‍ന്നതിനാല്‍ ഒരിക്കല്‍ കൂടി എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷമായിരിക്കും ബില്‍ സമര്‍പ്പിക്കുകയെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് പ്രതികരിച്ചു.

ആദ്യ ഡ്രാഫ്റ്റിന് 19 പേജുകളാണുള്ളത്. ഇതില്‍ ഓണ്‍ലൈന്‍ വില്‍പനശാലകള്‍ക്ക് പല നിര്‍ദേശങ്ങളുമുണ്ട്. പ്രാദേശിക വില്‍പനക്കാരെയും ഓണ്‍ലൈന്‍ വില്‍പന രംഗത്ത് പിടിച്ചു നില്‍ക്കാനാന്‍ അനുവദിക്കുന്നതിനാണ് സർക്കാർ പറയുന്നത്. എന്നാല്‍, താമസിയാതെ ഇന്ത്യന്‍ വിപണിയില്‍ കരുത്തോടെ കടന്നു വരാന്‍ ആഗ്രഹിക്കുന്ന ചില കമ്പനികള്‍ക്ക് വഴിയൊരുക്കാനായിരിക്കാം പുതിയ നയ രൂപീകരണമെന്നു ആക്ഷേപിക്കുന്നവരുമുണ്ട്. കാശടയ്ക്കല്‍ രീതിയിലെ ഏകീകരണം, ഇരട്ട ഒതന്റിക്കേഷന്‍ തുടങ്ങിയവയും ഓണ്‍ലൈന്‍ മേഖലയില്‍ വരുന്ന മാറ്റങ്ങളായിരിക്കും.

ഉപയോക്താക്കളെ കുറിച്ചുള്ള ഡേറ്റയാണ് ഭാവിയില്‍ ഏറ്റവും വിലപിടിപ്പുള്ളതാകാന്‍ പോകുന്ന സാധനങ്ങളിലൊന്ന് എന്നാണ് ഡ്രാഫ്റ്റില്‍ പറയുന്നത്. ശരാശരിക്കാരായ ഓരോ മൊബൈല്‍ ഫോണ്‍ ഉപയോക്താവിന്റെയും ഡേറ്റ അയാളറിയാതെ അനുനിമിഷം ചോര്‍ന്നുകൊണ്ടിരിക്കുന്നു. ഓരോ കൊടുക്കല്‍ വാങ്ങലിലും ധാരാളം ഡേറ്റ ഉത്പാദിപ്പിക്കപ്പെടുന്നു. വാട്‌സാപ് സന്ദേശവും, ഗൂഗിള്‍ സേര്‍ചും, ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങലിലുമെല്ലാം ഇതു സംഭവിക്കുന്നു. ഉപയോക്താവ് എവിടെ നില്‍ക്കുന്നുവെന്നും ഓണ്‍ലൈനായി എന്തെങ്കിലും വാങ്ങുകയാണെങ്കില്‍ നല്‍കുന്ന പൈസയെക്കുറിച്ചുള്ള വിശദാംശം (ബ്രൗസു ചെയ്ത ഉൽപ്പന്നങ്ങളുടെ വിലയും അയാളുടെ സാമ്പത്തിക സ്ഥിതിയിലേക്കുള്ള ചൂണ്ടു പലകയാണ്) ഉപയോക്താവിന്റെ താത്പര്യങ്ങള്‍ ഇവയെല്ലാം ഉപയോഗിച്ച് പരിവര്‍ത്തനാത്മകമായ പ്രൊഫൈലുകളാണ് പല കമ്പനികളും സൃഷ്ടിക്കുന്നത്.

വ്യക്തികളെക്കുറിച്ചുള്ള ഇത്തരം പ്രൊഫൈലുകള്‍ പലതരം വ്യാവസായിക ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കാം. അതിസൂക്ഷ്മമായ വിപണി തന്ത്രങ്ങള്‍, ഉപയോക്താവിനെ കൃത്യമായി മനസിലാക്കിയ ശേഷം അയയ്ക്കുന്ന പരസ്യങ്ങള്‍, അയാളുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവയും സ്വകാര്യ കമ്പനികളുടെ കയ്യിലുണ്ട്. ഒരാളുടെ ബ്രൗസിങ് രീതികളും, സെര്‍ച്ചുകളും സ്റ്റോറുചെയ്യുന്നതിലൂടെയും അയാളെക്കുറിച്ച് സ്വകാര്യ കമ്പനികള്‍ക്ക് വിവരം ലഭിക്കുന്നുവെന്നും ബില്ലില്‍ പറയുന്നു.

സെര്‍ച് ഹിസ്റ്ററി നിരീക്ഷിച്ച ശേഷം ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ക്ക് ഉപയോക്താവിന് ഉചിതമെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള ഉൽപന്നങ്ങൾ കാണിച്ചു കൊടുക്കാനാകുന്നു. (ഓര്‍ക്കുക, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഉൽപന്നം ഓണ്‍ലൈന്‍ സ്റ്റോറുകള്‍ കാണിച്ചു തരുന്നുണ്ടോ, എങ്കില്‍ നിങ്ങളെക്കുറിച്ച് അവര്‍ക്ക് ധാരാളം കാര്യങ്ങള്‍ അറിയാം. ഫോണിലും മറ്റും ഓണ്‍ലൈന്‍ വില്‍പ്പനാശാലകളുടെ ആപ് ഇന്‍സ്റ്റോള്‍ ചെയിതിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അവര്‍ എന്നേ ചോര്‍ത്തി സൂക്ഷിച്ചിട്ടുണ്ടാകും.) ഇതും ഇന്റര്‍നെറ്റ് ബ്രൗസിങ്-സെര്‍ച് ഹിസ്റ്ററിയും കൂടെ ഒരുമിപ്പിക്കാനായാല്‍ ഒരാളുടെ സ്വഭാവത്തെപ്പറ്റിയുള്ള നല്ല ധാരണയുണ്ടാക്കാനാകും. ഇങ്ങനെ ഉല്‍പാദിപ്പിക്കപ്പെടുന്ന ഡേറ്റ കൈവശപ്പെടുത്തിയിരിക്കുന്ന വെബ്‌സൈറ്റുകള്‍ക്ക് വില്‍പനയില്‍ മേല്‍ക്കോയ്മയുണ്ടായിരിക്കുമെന്നാണ് ഡ്രാഫ്റ്റ് പറയുന്നത്. ഇത്തരം ഡേറ്റ കൈവശം വച്ചിരിക്കുന്നവര്‍ വില്‍പനയുടെ കാര്യത്തില്‍ അതില്ലാത്തവരെക്കാള്‍ നന്നായി ഉപയോഗിച്ചേക്കാം. അതായത് ഇപ്പോള്‍ ഓണ്‍ലൈന്‍ വില്‍പനയില്‍ പ്രാമുഖ്യമില്ലാത്ത കമ്പനികള്‍ക്ക് ഇത്തരം ഡേറ്റ പ്രാപ്യമല്ലെന്നും കാണാം.

പുതിയ ഡ്രാഫ്റ്റ് പ്രകാരം ഇന്ത്യന്‍ ഉപയോക്താക്കളുടെ സെര്‍ച്, സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍, ഓണ്‍ലൈന്‍ വാങ്ങലുകള്‍ തുടങ്ങിയവയുടെ ഡേറ്റ ഇന്ത്യയില്‍ തന്നെ, സർക്കാരിനും കാണാവുന്ന രീതിയില്‍ സൂക്ഷിക്കണം. രാജ്യത്തിനുള്ളില്‍ ഈ ഡേറ്റ പങ്കുവയ്ക്കുകയും ചെയ്യണം. പുതിയ സ്റ്റാര്‍ട്ട്-അപ് കമ്പനികള്‍ക്ക് ഈ ഡേറ്റ നല്‍കുകയും വേണം. ദേശീയ സുരക്ഷ, സ്വകാര്യത, സമ്മതപത്രം നല്‍കല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള നയ രൂപീകരണത്തിനും ഈ ഡേറ്റ സർക്കാർ പരിശോധിക്കാനും ഉദ്ദേശിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ സ്വകാര്യ കമ്പനികള്‍ക്കും സർക്കാരിനും ഓരോരുത്തരുടെയും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിരീക്ഷിക്കാനായേക്കും.

വളരെ സ്വാഗതാര്‍ഹമായ ഒരു നിര്‍ദ്ദേശം സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്‌ഷന്‍ അതോറിറ്റി സ്ഥാപിക്കുക എന്നതാണ്. ഇതിലൂടെ ഓണ്‍ലൈനില്‍ വാങ്ങുന്ന സാധനങ്ങളെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാനാകും. വിദേശ-സ്വദേശ വില്‍പനക്കാരെക്കുറിച്ചുള്ള പരാതികള്‍ ഇവിടെ പരിഗണിക്കും. ഉപയോക്താവ് ആവശ്യപ്പെടാതെ അയയ്ക്കുന്ന മെയിലുകള്‍ക്കെതിരെയും നടപടി വരാം. സോഴ്‌സ് കോഡ് വെളിപ്പെടുത്തണമെന്നത് പല തട്ടിപ്പുകളും ഇല്ലാതാക്കിയേക്കാമെന്നും ബില്‍ പറയുന്നു.