Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ടെക് ഭീമന്മാര്‍ ഇന്ത്യയില്‍ നിന്നുണ്ടാക്കുന്ന പണം ഇവിടെ നിക്ഷേപിക്കണം'

ravi-shankar-prasad-1

ഡിജിറ്റല്‍ വിപ്ലവം സ്വകാര്യ കമ്പനികളുടെ ഒരു കടന്നുകയറ്റമായിരുന്നു. പല രാജ്യങ്ങള്‍ക്കും ഇത് ബോധ്യമായി വരുന്നതെയുള്ളു. ഈ കമ്പനികള്‍ ഡേറ്റയില്‍ നിന്നുണ്ടാക്കുന്ന പൈസ, സ്വകാര്യതയിലേക്കു നടത്തുന്ന കടന്നുകയറ്റങ്ങളെല്ലാം പല രാജ്യങ്ങളും മനസിലാക്കിയെടുത്തപ്പോഴേക്കും സ്വകാര്യ കമ്പനികള്‍ എല്ലായിടത്തും തന്നെ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു. ഇന്ന് യൂറോപ്യന്‍ യൂണിയനും ചില അമേരിക്കന്‍ സ്റ്റേറ്റുകളുമാണ് സ്വകാര്യ കമ്പനികള്‍ക്കു മൂക്കുകയറിടാനുള്ള ശ്രമങ്ങള്‍ക്കു മുന്നില്‍. ഇന്ത്യയും ഒട്ടും പിന്നിലല്ല എന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. സർക്കാർ-വാട്‌സാപ് പോര് പോലെയുള്ള കാര്യങ്ങളില്‍ നിന്ന് അതു വെളിവാകുന്നുണ്ട്.

ഒരു പടി കൂടെ കടന്നാണ് ജി20 മീറ്റിങ്ങില്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ പരാമര്‍ശം. ഇന്ത്യയില്‍ നിന്നു വാരുന്ന പണത്തിന്റെ ഒരു പങ്ക് ഇന്ത്യയില്‍ തന്നെ രാജ്യാന്തര ടെക് ഭീമന്മാര്‍ നിക്ഷേപിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഡിജിറ്റല്‍ സേവനങ്ങളുടെ ഏറ്റവും വലിയ വിപണി ഏഷ്യയും ലാറ്റിന്‍ അമേരിക്കയും ആഫ്രിക്കയുമാണ്. ഇന്ത്യ പല ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും വലിയ വിപണി തന്നെയാണ്. ഇത്തരം കമ്പനികള്‍ ഇന്ത്യയില്‍ നിന്നുണ്ടാക്കുന്ന പണത്തിന്റെ ഒരു പങ്ക് ഇന്ത്യയില്‍ തന്നെ നിക്ഷേപിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ജനങ്ങള്‍ക്ക് കൂടുതല്‍ ജോലി നല്‍കുകയും ചെയ്യണമെന്നു പറയുന്നത് ന്യായമാണെന്നാണ് മന്ത്രി പറഞ്ഞത്.

അതോടൊപ്പം, ഇന്റര്‍നെറ്റ് കുറച്ചു പേരുടെ ഒരു ഏകാധിപത്യമാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നെറ്റ് കമ്പനികള്‍ അവരുടെ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഒരു പങ്ക് ഇന്ത്യയില്‍ തന്നെ നിക്ഷേപിക്കണം. അതോടൊപ്പം ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും പ്രാപ്യമായിരിക്കണം. സ്വകാര്യ ഡേറ്റ ശേഖരണത്തിലൂടെയുളള ഇന്റര്‍നെറ്റിന്റെ ദുരുപയോഗം ഒരു യാഥാര്‍ഥ്യമാണ്. ബിസിനസുകാര്‍ക്ക് ഡേറ്റ ആവശ്യമാണ്. എന്നാല്‍ അത് ആളെ തിരിച്ചറിയുന്ന രീതിയിലായിരിക്കരുത് ശേഖരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും സുരക്ഷിതമായ ഒരിടമാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ ഭീഷണിയും കര്‍ക്കശമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തിരഞ്ഞെടുപ്പിന്റെ ഗതി മാറ്റാനുള്ള ശ്രമങ്ങളെും അദ്ദേഹം വിമര്‍ശിച്ചു. ജനാധിപത്യ പ്രക്രിയയെ കളങ്കിതമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.