കേരളത്തിന് ഗൂഗിളിന്റെ 7 കോടി; പ്രളയദുരന്തം ആവർത്തിക്കില്ല, പദ്ധതിക്ക് നിർമിതബുദ്ധി

ടെക് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ പ്രളയ മുന്നറിയിപ്പ് ലക്ഷ്യമിട്ട് ഇന്ത്യയിൽ വൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ഇന്ത്യയിൽ ഇനി പ്രളയ ദുരന്തം ആവര്‍ത്തിക്കാതിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഗൂഗിൾ പദ്ധതി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കൃത്യമായ കാലാവസ്ഥ പ്രവചനം നടത്തും. ഇതിലൂടെ പ്രളയദുരിതത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിക്കുമെന്നും ഗൂഗിള്‍ ഇന്ത്യയുടെ ട്വീറ്റിൽ പറയുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് പ്രളയമെന്നും ഓരോ വർഷവും 250 ദശലക്ഷം പേരാണ് പ്രളയബാധിതരാകുന്നതെന്നും ഗൂഗിളിന്റെ ഗ്രാഫിക്സിലുണ്ട്. ശാസ്ത്രത്തിന്റെയും നിർമിത ബുദ്ധിയുടെയും പിന്തുണയോടെ പെട്ടെന്ന് തന്നെ, കൃത്യമായ പ്രളയ മുന്നറിയിപ്പുകൾ നൽകാനാകും. അപകടകരമായ പ്രദേശങ്ങൾ അതിവേഗം കണ്ടെത്തി റിപ്പോർട്ട് ചെയ്യാനാകും. ഗൂഗിളിന്റെയും സാറ്റ്‌ലൈറ്റുകളിൽ നിന്നുമുള്ള ഡേറ്റകൾ ഇതിനായി ഉപയോഗപ്പെടുത്തും.

മുന്നറിയിപ്പുകളെല്ലാം പെട്ടെന്ന് തന്നെ ഗൂഗിൾ സെർച്ച് വഴി ജനങ്ങളിലെത്തിക്കും. കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേർന്നാണ് ഗൂഗിളിന്റെ പ്രളയ മുന്നറിയിപ്പ് പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ഇതോടൊപ്പം കേരളത്തെ സഹായിക്കാനായി 10 ലക്ഷം ഡോളർ ( ഏകദേശം ഏഴു കോടി രൂപ) നൽകുമെന്നും ഗൂഗിൾ സൗത്ത് ഈസ്റ്റ് ഏഷ്യ, ഇന്ത്യ വൈസ് പ്രസിഡന്റ് രാജൻ അനന്തൻ അറിയിച്ചു.