ഗൂഗിൾ പേ വഴി ഇന്ത്യയിൽ ഉടനടി ബാങ്ക് വായ്പ

ഓൺലൈൻ പണമിടപാട് രംഗത്ത് ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ച പേയ്മെന്‍റ് ആപ്ലിക്കേഷനായ തേസ് ഇനി പുതിയ സവിശേഷതകളുമായി ഗൂഗിൾ പേ എന്ന പേരിലറിയപ്പെടും. ഉപയോക്താക്കൾക്ക് ഉടനടി വായ്പ ലഭ്യമാക്കുന്നതിനായി എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഫെഡറൽ ബാങ്ക്, കോടക് മഹീന്ദ്ര ബാങ്ക് എന്നിവരുമായി ഗൂഗിള്‍ ധാരണയിലെത്തിയിട്ടുണ്ട്. ഉപയോക്താവിന് കുറഞ്ഞ സമയത്തിനുള്ളിൽ വായ്പകൾ കൈകളിലെത്തിക്കുകയാണ് ലക്ഷ്യം. ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴിയാകും വായ്പയുടെ വിതരണം.

ഭീം യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ്) പിന്തുണയ്ക്കുന്ന എല്ലാ ബാങ്കുകള്‍ക്കൊപ്പവും ഗൂഗിൾ പേ പ്രവർത്തിക്കും. ആപ്ലിക്കേഷൻ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാനും ഗൂഗിളിന് പദ്ധതിയുണ്ട്. തേസിന്‍റെ ഇന്ത്യയിലെ വിജയം കണ്ട് മറ്റു പല രാഷ്ട്രങ്ങളും ഡിജിറ്റൽ പേയ്മെന്‍റ് മേഖലയിൽ സമാന മുന്നേറ്റങ്ങൾ കൊണ്ടുവരണമെന്ന അഭ്യർഥനയുമായി പല രാജ്യങ്ങളും തങ്ങളെ സമീപിച്ചിട്ടുളളതായി ഗൂഗിള്‍ വൃത്തങ്ങൾ അറിയിച്ചു. ‌‌

2.2 കോടി പ്രതിമാസ ഉപയോക്താക്കളാണ് നിലവില്‍ ഗൂഗിൾ പേയ്ക്കുള്ളത്. 750 ദശലക്ഷം പണമിടപാടുകൾ ആപ്ലിക്കേഷനിലൂടെ ഇതുവരെ നടന്നു. ഇന്ത്യയിലെ 15,000 ചെറുകിട വ്യാപാര കേന്ദ്രങ്ങളിൽ കൂടി ഗൂഗിൾ പേ ഉപയോഗിച്ച് പണമിടപാട് നടത്താനുള്ള സൗകര്യം അധികം വൈകാതെ നിലവിൽ വരും.