Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സര്‍ക്കാരിന് കീഴടങ്ങി ഷവോമി; ഇന്ത്യയിലെ സെര്‍വറുകളിലേക്ക് ഡേറ്റ മാറ്റും

Xiaomi

ഇന്ത്യയിലെ ഉപയോക്താക്കളുടെ ഡേറ്റ രാജ്യത്ത് തന്നെ സ്ഥിതിചെയ്യുന്ന ക്ലൗഡ് സെര്‍വറുകളിലേക്ക് മാറ്റുമെന്ന് സ്മാർട് ഫോൺ മേഖലയിലെ അതികായൻമാരായ ഷവോമി. ഷവോമി ഇ–കൊമേഴ്സ്, എംഐ ടിവി എന്നിവയുൾപ്പെടെയുള്ള എല്ലാവിധ ഉപയോക്താക്കളുടെ ഡേറ്റയും ക്ലൗഡ് സെർവറിലെത്തും. ആമസോൺ വെബ് സർവീസസ്, മൈക്രോസോഫ്റ്റ് അസ്യൂർ എന്നീ ക്ലൗഡ് സെര്‍വറുകളിലേക്കാണ് ഡേറ്റ നീക്കുക. ജൂലൈ ഒന്നു മുതലുള്ള ഉപയോക്താവിന്‍റെ എല്ലാ ഡേറ്റയും പ്രാദേശിക ക്ലൗഡ് സെർവറുകളിലാണ് സ്റ്റോർ ചെയ്തു വരുന്നത്. 2018 അവസാനത്തോടെ നിലവിലുള്ള മുഴുവൻ ഡേറ്റയും ഈ സെർവറുകളിലേക്ക് മാറ്റാനാണ് പദ്ധതി.

ഇന്ത്യയിലെ ഉപയോക്താക്കളുടെ ഡേറ്റ രാജ്യത്തെ തന്നെ സെർവറുകളിൽ സൂക്ഷിക്കണമെന്നത് വാട്സാപ് ഉൾപ്പെടെയുള്ള പ്രമുഖരോട് കേന്ദ്രം നിരന്തരമായി ആവശ്യപ്പെട്ടു വരുന്ന കാര്യമാണ്. സിംഗപ്പൂരും യുഎസിലുമുള്ള സെർവറുകളിലായിരുന്നു ഷവോമി നേരത്തെ ഡേറ്റ സൂക്ഷിച്ചിരുന്നത്.

ഉപയോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാനാവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് 21 സ്മാർട് ഫോൺ നിർമാതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ലെങ്കിലും ഡേറ്റ ഇന്ത്യയിലെ സെർവറുകളിലേക്ക് മാറ്റാൻ സന്നദ്ധത പ്രകടമാക്കുകയായിരുന്നു. ഉപയോക്താക്കളുടെ ഡേറ്റയുടെ സുരക്ഷയും സ്വകാര്യതയും തങ്ങളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണെന്നും ഇന്ത്യയിൽ തന്നെ സെർവറുകൾ പ്രവർത്തനക്ഷമമാകുന്നതോടെ കൂടുതൽ വേഗത്തിലുള്ള സേവനങ്ങൾ ആസ്വദിക്കാൻ ഉപയോക്താക്കൾക്ക് കഴിയുമെന്ന് ഷവോമി ഇന്ത്യ വൈസ് പ്രസിഡന്‍റും എംഡിയുമായ മനു ജെയ്ൻ പറഞ്ഞു.