Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കൂടുതല്‍ ജാഗ്രത കാണിക്കൂ, നില്‍ക്കുന്നത് വിഷമംപിടിച്ച സ്ഥലത്താണ്'

zuckerberg-trump-pichai

സേര്‍ച് റിസള്‍ട്ടുകളില്‍ തന്നെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ പൂഴ്ത്തിവയ്ക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗൂഗിളിനും മറ്റ് വെബ് ഭീമന്മാര്‍ക്കും മുന്നറിയിപ്പു നല്‍കി. റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കവെ ട്രംപ് പറഞ്ഞത് ഗൂഗിളും ഫെയ്‌സ്ബുക്കും ട്വിറ്ററുമൊക്കെ വളരെ വിഷമം പിടിച്ച സ്ഥലത്തു കൂടെയാണ് നടക്കുന്നതെന്നാണ്. 'അവര്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കണം. ആളുകളോട് അവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അധികാരമില്ല' അദ്ദേഹം പറഞ്ഞു. ഇവരുടെ ചെയ്തികളില്‍ നിന്ന് തനിക്കു നേരിട്ട എന്തെങ്കിലും രാഷ്ട്രീയ പ്രതിസന്ധിയെപ്പറ്റി വിശദീകരിക്കാന്‍ ട്രംപ് കൂട്ടാക്കിയില്ല. പക്ഷേ, അദ്ദേഹം പറഞ്ഞത് ഗൂഗിള്‍ പലരെയും അവരുടെ മുതലെടുപ്പിനായി ഉപയോഗിക്കുന്നുണ്ടെന്നാണ്. അതൊരു ഗൗരവമുള്ള കാര്യമാണ്. അതിഗൗരവമുള്ള ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

ഇതെക്കുറിച്ചുള്ള തന്റെ ആദ്യ പ്രതികരണം ട്രംപ് ട്വിറ്ററിലാണ് നടത്തിയത്. അത് പിജെമീഡിയയില്‍ (pjmedia.com) വന്ന റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയായിരുന്നു. ഗൂഗിള്‍ ന്യൂസില്‍ ലിബറല്‍സിന് അമിത പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു ആ റിപ്പോര്‍ട്ട്. എന്നാല്‍ വസ്തുതാപരമായി എന്തെല്ലാം കാര്യങ്ങളാണ് തങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ട്രംപ് മാധ്യമപ്രവർത്തകരോടു വിശദീകരിച്ചില്ല. ഗൂഗിള്‍, ഫെയ്‌സബുക്, ട്വിറ്റര്‍ തുടങ്ങിയ വെബ് ഭീമന്മാര്‍ വളരെയധികം ആളുകളോട് മര്യാദയില്ലാതെ പെരുമാറുന്നുവെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നുണ്ട്. 

ഗൂഗിളിന്റെയും മറ്റുള്ളവരുടെയും ചെയ്തികള്‍ ശരിയല്ല. ഫെയ്‌സ്ബുക്കില്‍ എന്താണ് നടക്കുന്നതെന്നു നോക്കൂ, ട്വിറ്ററില്‍ എന്താണ് നടക്കുന്നതെന്നു നോക്കൂ, അവര്‍ കൂടുതല്‍ കരുതലെടുക്കണം. ഇത്തരം കാര്യങ്ങള്‍ ആളുകളോട് ചെയ്യരുത്. നിങ്ങള്‍ക്കതു ചെയ്യാനാവില്ല. ഞങ്ങള്‍ക്ക് അവരെക്കുറിച്ചുള്ള കൂടുതൽ പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിനു പരാതികള്‍. അവര്‍ക്കതു ചെയ്യാന്‍ അവകാശമില്ല. അതിനാല്‍ ഗൂഗിളും, ട്വിറ്ററും, ഫെയ്‌സ്ബുക്കും വളരെ പ്രശ്‌നമുള്ള സ്ഥലത്തുകൂടെയാണ് നടക്കുന്നത്. വലിയൊരു വിഭാഗം ജനങ്ങളോടും അവര്‍ മര്യാദയില്ലാതെ പെരുമാറുന്നുവെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റിന്റെ വിമര്‍ശനത്തോടു പ്രതികരിച്ചു കൊണ്ട് ഗൂഗിള്‍ പറഞ്ഞത് രാഷ്ടീയ വികാരങ്ങള്‍ ഉണര്‍ത്തുന്ന രീതിയില്‍ തങ്ങള്‍ ഒരിക്കലും സേര്‍ച് റിസള്‍ട്ടുകള്‍ റാങ്ക് ചെയ്യാറില്ലെന്നാണ്. ട്വിറ്ററും ഫെയ്‌സ്ബുക്കും എന്തു കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും ട്രംപ് വിശദീകരിച്ചില്ല. എന്നാല്‍ അദ്ദേഹം ട്വിറ്ററിന്റെ മോഡറേഷന്‍ നയത്തിനെതിരെ മുൻപൊരിക്കല്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ കണ്‍സേര്‍വെറ്റീവ് (റിപ്പബ്‌ളിക്കന്‍) പാര്‍ട്ടിയിലെ നിരവധി ജനപ്രതിനിധികള്‍ ഫെയ്‌സ്ബുക് അവരുടെ പേജുകളുടെ ജനസമ്മതി കുറയ്ക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു.

പല രാജ്യങ്ങള്‍ക്കും ഈ സ്വകാര്യ കമ്പനികള്‍ എന്താണ് ചെയ്തു കൂട്ടുന്നത് എന്നതിനെപ്പറ്റി ഒരു ധാരണയുമില്ല എന്നാതണ് സത്യം. യാതൊരു നിയന്ത്രണവുമില്ലാതെയാണ് അവര്‍ കയറി മേഞ്ഞത്. അവരുടെ പ്രവൃത്തികള്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായിരിക്കുന്നുവെന്നാണ് ലോകമെമ്പാടും നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയ്ക്കും ഒരു പ്രാധാന്യവും നല്‍കിയിട്ടില്ല. ഗൂഗിള്‍ തുടങ്ങിവച്ച ഈ പരിപാടി മറ്റുള്ളവര്‍ ഏറ്റു പിടിക്കുകയായിരുന്നു. ആപ്പിളിന്റെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സും ഇപ്പോഴത്തെ മേധാവി ടിം കുക്കും സ്വകാര്യതയെ മാനിക്കാതെയുള്ള പ്രവൃത്തികള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. ഈ സ്വകാര്യ കമ്പനികളുടെ പ്രവൃത്തികള്‍ ഒരിക്കലും നിരീക്ഷിക്കപ്പെട്ടിരുന്നില്ലെന്നും കാണാം.

ഇവര്‍ക്കെതിരെയുള്ള പരാതികള്‍ അന്വേഷിക്കാന്‍ പോകുന്നുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നവെങ്കിലും അദ്ദേഹം അതു ചെയ്തില്ല. എന്നാല്‍, അടുത്ത മാസം ട്വിറ്ററും ഫെയ്‌സ്ബുക്കും ഗൂഗിളും അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്നിലെത്തണം. പുതിയ പ്രസ്താവന ഈ കമ്പനികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.