Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിന്‍റെ മറ്റൊരു വഞ്ചന കൂടി പുറത്ത്, കൂട്ടായി മാസ്റ്റർ കാർഡും

master-card

ഉപയോക്താക്കളുടെ ഡേറ്റയുടെ അനധികൃത ഉപയോഗം സംബന്ധിച്ച ആരോപണങ്ങള്‍ ഗൂഗിളിനെ സംബന്ധിച്ചിടത്തോളം പുത്തിരിയല്ല. സ്വകാര്യതക്ക് വലിയ മാനങ്ങൾ നൽകുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും മറിച്ചുള്ള വിവാദങ്ങളിൽ ഗൂഗിൾ പെടുക പതിവാണ്. മാസ്റ്റർകാർഡുമായുള്ള ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഉപയോക്താക്കളുടെ ഇന്‍റർനെറ്റിനു പുറത്തുള്ള ഇടപാടുകളിലേക്കും ഗൂഗിൾ വലവീശിയതായാണ് പുതിയ വിവാദം. 

ഗുഗിളില്‍ പരസ്യം നൽകിവന്ന ചില തിരഞ്ഞെടുത്ത പരസ്യദാതാക്കൾക്ക് പ്രത്യേക സൗകര്യം കഴിഞ്ഞ വർഷം മുതൽ ഒരുക്കിയിരുന്നു. ഗൂഗിളിൽ നൽകിയ പരസ്യം ഓൺലൈൻ ലോകത്തല്ലാതെയുള്ള വിൽപനക്ക് നയിച്ചിട്ടുണ്ടോ എന്നറിയാനുള്ള സംവിധാനമായിരുന്നു ഇത്. ഇതൊരുക്കിയതാകട്ടെ മാസ്റ്റർ കാർഡിന്‍റെ സഹായത്തോടെയും. എന്നാൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള അവരുടെ ഇടപാടുകൾ പങ്കുവയ്ക്കപ്പെടുന്നുണ്ടെന്ന വിവരം ഉപയോക്താക്കളിൽ നിന്നും മറച്ചുവച്ചിരുന്നു. 

നാലു വർഷത്തോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഉപയോക്താക്കളുടെ കാർഡ് ഉപയോഗം സംബന്ധിച്ച വിവരങ്ങൾ കൈമാറാനുള്ള ധാരണയിൽ ഗൂഗിളും മാസ്റ്റർകാർഡും എത്തിയത്. ചില്ലറ വിപണന മേഖലയിൽ എത്രമാത്രമാണ് പൊതുജനങ്ങൾ ചെലവിടുന്നതെന്നതു സംബന്ധിച്ച കൃത്യമായ കണക്ക് ശേഖരിക്കാനുള്ള അവസരം ഇതോടെ ഗൂഗിളിന് സ്വന്തമായി. ആമസോണ്‍ പോലെയുള്ള എതിരാളികളിൽ ഉയർത്തുന്ന ഭീഷണിയെ നേരിടാൻ കൂടുതല്‍ ശക്തി നൽകുന്ന ഒന്നായി ഇത്. 

മാസ്റ്റർകാർഡിന് ദശലക്ഷകണക്കിന് ഡോളർ നൽകിയാണ് മർമ്മപ്രധാനമായ ഈ ഡേറ്റ ഗൂഗിൾ സ്വന്തമാക്കിയതെന്നാണ് ചർച്ചകളിൽ സജീവമായിരുന്നവർ നൽകുന്ന സൂചന. ഉപയോക്താക്കളുടെ ഓൺലൈൻ നീക്കങ്ങള്‍ മാത്രമല്ല ദൈനംദിന നീക്കങ്ങൾ വരെ ചോര്‍ത്താൻ ടെക് ഭീമൻമാർക്ക് കഴിയുമെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. 

എന്നാൽ പണമിടപാട് ഉൾപ്പെടെയുള്ള വ്യക്തിഗതമായ വിവരങ്ങൾ കൈമാറുന്നില്ലെന്നും നടക്കുന്ന വ്യാപാരം സംബന്ധിച്ച ശരാശരി കണക്കുകൾ മാത്രമാണ് ബന്ധപ്പെട്ട വ്യാപാര സ്ഥാപനങ്ങളുടെ പൂർണ അനുമതിയോടെ കൈമാറുന്നതെന്നും മാസ്റ്റർകാർഡ് വക്താവ് അറിയിച്ചു.