Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻഡ്രോയിഡ് ഫോൺ യുഗം തീരുന്നു? ഗൂഗിളിൽ ‘പൊട്ടിത്തെറി’

fuchsia-google

കടുത്ത ടെക്‌നോളജി പ്രേമികള്‍ ഓര്‍ക്കുന്നുണ്ടാകും 2016ല്‍ ഗൂഗിള്‍ ഫ്യൂഷെ (Fuchsia) എന്ന പേരില്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വിത്തു പാകിയത്. വലിയ കോലാഹലങ്ങളില്ലാതെ എത്തിയ അതിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്നു ടെക് പ്രേമികള്‍ക്കെന്നല്ല, ഗൂഗിളിനു പോലും അന്നുറപ്പുണ്ടായിരുന്നില്ല. ഗൂഗിള്‍ ഹോം സ്മാര്‍ട് സ്പീക്കര്‍ പോലെയുള്ള ഉപകരണങ്ങള്‍ക്കു വേണ്ടിയാണെന്നാണ് അന്നു കേട്ടത്.

എന്നാല്‍ ആന്‍ഡ്രോയിഡും ഗൂഗിള്‍ ഇപ്പോള്‍ പിന്തുടരുന്ന ബിസിനസ് മാതൃകയും ലോകത്തിലെ വിവിധ രാജ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിനു പിഴയിട്ട വിധിയുടെ ഭൂകമ്പവും അതിന്റെ തുടര്‍ചലനങ്ങളും അവരുടെ ബിസിനസ് രീതിക്കു ഭീഷണിയായേക്കാമെന്നു കമ്പനി മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. കൂടാതെ, ആന്‍ഡ്രോയിഡിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ട് ഒറാക്കിള്‍ കോര്‍പറേഷനുമായി 2010 മുതല്‍ പല പേറ്റന്റ് തര്‍ക്കങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ടെന്ന കാര്യവും ഗൂഗിളിന്റെ ചിന്തയിലുണ്ട്.

ഇതിനെല്ലാം പുറമെ കാലോചിതമായി നവീകരിച്ച, തങ്ങള്‍ക്കു കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കു കഴിയുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റം കൊണ്ടുവരണമെന്ന് ലോകത്തെ ഏറ്റവും പ്രാധാന്യമുള്ള ടെക് കമ്പനിയായ ഗൂഗിള്‍ ആഗ്രഹിച്ചാല്‍ അതില്‍ തെറ്റു പറയാനാവില്ല. ടൈപ്പിങ് മുതലുള്ള ഇന്‍പുട്ടുകള്‍ക്കു പ്രാധാന്യമുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് ഇന്നുള്ളവയില്‍ ഏറെയും. എന്നാല്‍ തൊട്ടു മുന്നിലുള്ള മാറ്റം അത് ശബ്ദത്തിലേക്കു (voice) കൊണ്ടുവരിക എന്നതാണ്. ഫ്യൂഷെ ഒഎസ് ഇത്തരം ആഗ്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഗൂഗിളിനെ സഹായിക്കുമോ? ലോകത്ത് 85 ശതമാനം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡാണ്.

ഫ്യൂഷെയിലേക്കു ഗൂഗിള്‍ മാറുമ്പോള്‍ അവര്‍ക്ക് എന്തു സംഭവിക്കും? ഫ്യൂഷെ ഒഎസിന്റെ മറ്റു പ്രത്യേകതകള്‍ എന്തെല്ലാമാണ്? പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട് ഗൂഗിളിനുള്ളില്‍ അടി തുടങ്ങി എന്ന വാര്‍ത്തയടക്കം പല കാര്യങ്ങളും പരിശോധിക്കാം:

ഫ്യൂഷെയുടെ പിറവി

കഴിഞ്ഞ രണ്ടു വര്‍ഷമായി ഗൂഗിള്‍ കൂടുതല്‍ എൻജിനീയര്‍മാരെ ഫ്യൂഷെയുടെ അസ്തിവാരം കെട്ടാനായി ഏല്‍പ്പിക്കുന്നുവെന്നതാണ് പ്രധാന വാര്‍ത്ത. ആന്‍ഡ്രോയിഡിന്റെ പിറവി ലിനക്‌സ് കേന്ദ്രമാക്കിയായിരുന്നു. എന്നാല്‍, പുതിയ ഒഎസ് ലിനക്‌സിലെ പലതും കയ്യൊഴിഞ്ഞാണ് ഫ്യൂഷെയെ കെട്ടിപ്പടുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്. സിര്‍ക്കൊണ്‍ (Zircon) എന്ന കേന്ദ്രത്തെ ആസ്പദമാക്കി ആയിരിക്കും ഇത് നടപ്പിലാക്കുക. ചുരുക്കിപ്പറഞ്ഞാല്‍, നിലവിലെ പല ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെയും ഫോണുകള്‍ ഫ്യൂഷെയ്ക്കു വെളിയിലായിരിക്കുമെന്നാണു പ്രാഥമിക വിലയിരുത്തല്‍.

ലിനക്‌സിന്റെ ചട്ടക്കൂടിനു പുറത്തു വരുന്നത് ഗൂഗിളിന് മറ്റു പല കാര്യങ്ങളിലും ഉപകരിക്കും. നിലവിലുള്ള പല രീതികളും ഉപേക്ഷിക്കുകയോ ഭാവിയെ മുന്നില്‍ കണ്ട് പുതുക്കുകയോ ചെയ്യാം. ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കു പറക്കും സ്പീഡ് നല്‍കുന്നതില്‍നിന്നു പിന്തിരിപ്പിക്കുന്ന പല പഴഞ്ചന്‍ സാങ്കേതികവിദ്യകളുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു മുന്നേറാം. കൂടാതെ, ഇപ്പോള്‍ വലിയ പണിയൊന്നുമില്ലാതെ ഗൂഗിളിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അവരുടെ പഴയ പടക്കുതിരകളും വിശ്വസ്തരുമായ ഹാക്കര്‍മാര്‍ക്കു പുതിയ വെല്ലുവിളികള്‍ ഇട്ടുകൊടുക്കാം. സീനിയര്‍ എൻജിനീയര്‍മാരെ ഗൂഗിളില്‍ പിടിച്ചു നിറുത്താനുള്ള ശ്രമമായും ചിലര്‍ ഫ്യൂഷെയെ കാണുന്നുണ്ട്.

ഒഎസ് പുതുക്കുമ്പോള്‍ എന്തൊക്കെ പ്രതീക്ഷിക്കാം?

നേരത്തെ സൂചിപ്പിച്ചതു പോലെ പൂര്‍ണമായും പുതുക്കി നിര്‍മിച്ച ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിനു പഴയ സിസ്റ്റങ്ങളുടെ മുടന്തലുകള്‍ പാടെ ഇല്ലാതാക്കാം. ശബ്ദകമാന്‍ഡുകള്‍ക്കു പ്രാധാന്യം വര്‍ധിക്കും. എപ്പോഴും ഒഎസ് അപ്‌ഡേറ്റുകള്‍ എത്തിക്കൊണ്ടിരിക്കും. ഐഒഎസ് ഉപയോഗിക്കുന്നവര്‍ തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സോഫ്റ്റ്‌വെയര്‍ പാച്ചുകള്‍ സമയാസമയത്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നു. എന്നാല്‍, ആന്‍ഡ്രോയിഡിൽ ഇത് ഏകദേശം പത്തു ശതമാനം പേര്‍ മാത്രമാണു ചെയ്യുന്നത്. അതൊരു സുരക്ഷാ ഭീഷണിയാണ്. ഗൂഗിള്‍ അപ്‌ഡേറ്റുകള്‍ ഇറക്കാറുണ്ടെങ്കിലും അത് ഉപയോക്താക്കളിലേക്ക് എത്തിക്കേണ്ടത് ഫോണുകള്‍ ഉണ്ടാക്കുന്നവരും മറ്റുമാണ്. എന്നാല്‍, അവര്‍ അതിനൊരു ശുഷ്‌കാന്തിയും കാണിക്കുന്നില്ല. ഇത് ഫ്യൂഷെയില്‍ മാറ്റിയിരിക്കും. ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ സുന്ദര്‍ പിച്ചൈ കമ്പനിക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ചിറകു നല്‍കിക്കഴിഞ്ഞു. എഐ കൊണ്ടുവരുന്ന ലാഘവത്വം ഫ്യൂഷെയുടെ ഉള്ളില്‍ ഉണ്ടായിരിക്കും. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കോഡുകള്‍ 2016 മുതല്‍ ഗൂഗിളിനു പുറത്തുള്ള ആപ്പ് ഡെവലപ്പര്‍മാര്‍ക്കും പ്രാപ്യമാക്കിയിട്ടുണ്ട്. ഗൂഗിളും പല ആപ്പുകളും ടെസ്റ്റു ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. വോയ്‌സ് കമാന്‍ഡ് അനുസരിക്കുന്ന ഒരു യുട്യൂബ് ആപ്പാണ് ഗൂഗിള്‍ ആദ്യം ടെസ്റ്റ് ചെയ്യുന്നത്.

എന്നാല്‍, ഫ്യൂഷെ എന്ന കളിമണ്ണില്‍ കളിച്ചു തുടങ്ങിയപ്പോഴാണ് എൻജിനീയര്‍മാര്‍ക്കു പോലും ഇതിന്റെ ചില അപ്രതീക്ഷിത സാധ്യതകള്‍ പിടികിട്ടിത്തുടങ്ങിയത്- ഗൂഗിളിന്റെ എല്ലാ ഉപകരണങ്ങള്‍ക്കും ഒരു ഓപ്പറേറ്റിങ് സിസ്റ്റമെന്ന ആശയം നടപ്പാക്കാനും പുതിയ ഒഎസിലൂടെ കമ്പനി ശ്രമിക്കുന്നുണ്ട്. ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും സ്മാര്‍ട് സ്പീക്കറുകള്‍ക്കുമെല്ലാം ഒരു ഒഎസ്. ഇതിലൂടെ ഇവ തമ്മിലുള്ള സംവേദനം എളുപ്പമാകും. ഫോണിനും ടാബിനുമൊക്കെ ആന്‍ഡ്രോയിഡ്, ലാപ്‌ടോപ്പിന് ക്രോം ഒഎസ് എന്ന വേര്‍തിരിവ് ഇല്ലാതാക്കാം. ഫ്യൂഷെയുടെ ഡിസൈന്‍ വളരെ വഴക്കമുള്ളതാണ്. കൂറ്റന്‍ ടിവികളിലും ഫ്രിജുകളിലും വരെ ഇത് ഒരേ ശേഷിയോടെ പ്രവര്‍ത്തിക്കും.

ഫ്യൂഷെ ആദ്യം സ്മാര്‍ട് സ്പീക്കറുകളിലായിരിക്കും എത്തുക. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ അതു സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നു. പിന്നീട് ലാപ്‌ടോപ്പുകള്‍ അടക്കമുള്ള വലുപ്പം കൂടിയ ഉപകരണങ്ങളിലേക്കും കയറും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ മാറ്റം നടന്നേക്കാമെന്നു പറയുന്നു. എന്നാല്‍, കമ്പനി ഇത്തരമൊരു മാറ്റത്തിന് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെന്നും എടുത്തു കാണിക്കപ്പെടുന്നു. മാറ്റം ഗൂഗിളിന്റെ പ്രധാനപ്പെട്ട ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളെയും ആയിരക്കണക്കിനു ആപ്പ് ഡെവലപ്പര്‍മാരെയും നിരവധി ബില്യന്‍ മൂല്യമുള്ള പരസ്യ ബിസിനസിനെയും ഒരു പോലെ ബാധിക്കുമെന്നതിനാല്‍ ഗൂഗിള്‍ അവരുടെ പ്ലാനുകള്‍ ഘട്ടം ഘട്ടമായി ആയിരിക്കും അവതരിപ്പിക്കുക. എന്നാല്‍ ഗൂഗിളിന്റെ മുൻ തീരുമാനം, ക്രോം ഒഎസിനും ആന്‍ഡ്രോയിഡിനും അവയുടെ സവിശേഷതകള്‍ നിലനിര്‍ത്തുമെന്നായിരുന്നു.

ഇതിനിടെ, പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട് ഗൂഗിളിനുള്ളില്‍ത്തന്നെ ചേരിപ്പോരു തുടങ്ങിയെന്നും വാര്‍ത്തകളുണ്ട്. ഗൂഗിള്‍ തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് സദാ ഒളിഞ്ഞു നോക്കുന്നു എന്നതാണ് കമ്പനിക്കെതിരെയുള്ള ഏറ്റവും വലിയ ആരോപണം. ഈ ഒളിഞ്ഞു നോട്ടത്തിലൂടെയാണ് കമ്പനി ഇത്ര കരുത്താര്‍ജ്ജിച്ചത്. ഗൂഗിളിന്റെ പരസ്യ വിഭാഗം ഒളിഞ്ഞുനോട്ടം അങ്ങനെ തന്നെ തുടരണമെന്നു വാദിക്കുമ്പോള്‍ മറ്റൊരു വിഭാഗം പറയുന്നത് ഈ പരിപാടി ഇനി മുന്നോട്ടു കൊണ്ടുപോകരുതെന്നാണ്. ഫ്യൂഷെയില്‍ അത്തരം കീഴ്‌വഴക്കങ്ങളും വേരോടെ പിഴുതുകളയണമെന്നാണ് അവര്‍ പറയുന്നത്. അതിനായി ഒരു സോഫ്റ്റ്‌വെയര്‍ കോഡ് എൻജിനീയര്‍മാര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഉപയോക്താക്കള്‍ക്കായുള്ള എന്‍ക്രിപ്റ്റു ചെയ്ത കോഡുകളും പോസ്റ്റ് ചെയ്തു. ഈ പ്രൈവസി ടൂളിന്റെ പണി, ഓരോ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നടക്കുന്ന സയത്തും ഉപയോക്താവിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഗൂഗിളിന്റെ സെര്‍വറുകളിലേക്ക് ഒഴുകുന്നതു തടയുക എന്നതായിരുന്നു. എന്നാല്‍ പരസ്യ വിഭാഗത്തിന്റെ സമ്മര്‍ദത്തിനു മുന്നില്‍ സ്വകാര്യതാവാദികള്‍ ഇപ്പോഴേ പരാജയപ്പെട്ടു കഴിഞ്ഞുവെന്നും പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇതേ വിഷയത്തില്‍ ഗൂഗിളിനകത്തു തന്നെ പൊട്ടിത്തെറി തുടങ്ങിക്കഴിഞ്ഞു.

ഒഎസ് മാറ്റത്തില്‍ തങ്ങളുടെ പ്രധാന ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളായ സാംസങ്, എല്‍ജി, വാവെയ് തുടങ്ങിയ കമ്പനികളെ അവര്‍ക്കു വിശ്വാസത്തിലെടുക്കേണ്ടിയിരിക്കുന്നു. പെട്ടെന്നൊരു ദിവസം ഞങ്ങള്‍ ആന്‍ഡ്രോയിഡും ക്രോം ഒഎസും പൂട്ടിക്കെട്ടി എന്നും പറഞ്ഞ് ഗൂഗിളിന് ഓടാനൊക്കില്ല എന്ന കാര്യവും പലരും ചൂണ്ടിക്കാണിക്കുന്നു.

എന്തായാലും, പുതിയ വാര്‍ത്തകള്‍ പറയുന്നത് ആന്‍ഡ്രോയിഡ് യുഗം വര്‍ഷങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്നാണ്; കൂടുതല്‍ ചടുലവും ഭാവിയുടെ സാങ്കേതികവിദ്യ അടങ്ങിയതുമായ ഫ്യൂഷെ ലോകത്തെ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റമാകുമെന്നും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.