Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പിന് ഓൺലൈൻ ‘കള്ളക്കളി’ നടക്കില്ല; പിടികൂടാൻ ഗൂഗിൾ, ഫെയ്സ്ബുക്

EVM

വിവിധ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും ആസന്നമായിരിക്കെ രാഷ്ട്രീയപരമായ ഓൺലൈൻ പരസ്യങ്ങളിൽ നിരീക്ഷണ കണ്ണുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കാനൊരുങ്ങി ഗൂഗിൾ. രാഷ്ട്രീയ സ്വഭാവമുള്ള ഓണ്‍ലൈൻ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് അംഗീകാരം ഉറപ്പാക്കുന്നതിനോടൊപ്പം വിവിധ പ്ലാറ്റ്ഫോമുകളിലായി പരസ്യം ചെയ്യാൻ വിനിയോഗിച്ച പണം സംബന്ധിച്ച കൃത്യമായ കണക്ക് അധികൃതരുമായി പങ്കുവച്ചുമാകും ഗൂഗിൾ കമ്മീഷന് സഹായ ഹസ്തം ഒരുക്കുക. ഗൂഗിൾ പ്രതിനിധിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങളിൽ ധാരണയായതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഒപി റാവത്ത് അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരമുള്ള പരസ്യങ്ങൾ മാത്രമേ തങ്ങൾ പ്രസിദ്ധപ്പെടുത്തകയുള്ളൂവെന്ന് ഗൂഗിൾ പ്രതിനിധി ഉറപ്പു നൽകി. വ്യക്തികളോ പാർട്ടികളോ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾ പരിശോധിച്ച് അംഗീകാരം നൽകേണ്ട നോഡൽ ഏജൻസി തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഓൺലൈൻ പരസ്യങ്ങൾ സ്വീകരിക്കാൻ കമ്മീഷന്‍റെ മുൻകൂർ അംഗീകാരം നിർബന്ധമാക്കുമെന്ന ഉറപ്പാണ് ഗൂഗിൾ പ്രതിനിധി നല്‍കിയത്.

ഓൺലൈനായി നൽകുന്ന പരസ്യങ്ങളുടെ ചെലവ് കൃത്യമായി അറിയിക്കാനുള്ള സംവിധാനം ഉറപ്പാക്കുമെന്നും ഗൂഗിൾ അറിയിച്ചു. ഓരോ മണ്ഡലത്തിലെയും റിട്ടേണിങ് ഓഫീസർക്ക് സ്ഥാനാർഥികളുടെ വ്യക്തിഗത ധനവിനിയോഗം സംബന്ധിച്ച കണക്കുകൾ തയാറാക്കുന്നതിന് ഈ സംവിധാനം ഏറെ പ്രയോജനപ്പെടും. സ്ഥാനാർഥികളോട് സമൂഹമാധ്യമങ്ങളിലുള്ള തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകൾ സംബന്ധിച്ച പൂർണമായ വിവരം പങ്കുവയ്ക്കാൻ ആവശ്യപ്പെടുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു.

വ്യാജ വാർത്തകൾ തടയാനും തിരഞ്ഞെടുപ്പ് സംബന്ധമായ പരസ്യങ്ങൾക്ക് ചെലവിടുന്ന തുക സംബന്ധിച്ച കണക്കുകൾ പങ്കുവയ്ക്കാനും ഫലപ്രദമായ സംവിധാനം കൊണ്ടുവരുമെന്ന് ഫെയ്സ്ബുക്കും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. പ്രചരണത്തിന് വിലക്കുള്ള 48 മണിക്കൂർ സമയം തിരഞ്ഞെടുപ്പ് സംബന്ധമായി വരുന്ന പോസ്റ്റുകൾ നീക്കം ചെയ്യാനാവശ്യമായ സംവിധാനം ഉണ്ടാക്കുമെന്നും ഫെയ്സ്ബുക് ഉറപ്പു നൽകി.